രാജ്യത്തെ അനധികൃത താമസക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

Posted on: November 14, 2017 7:56 pm | Last updated: November 14, 2017 at 7:56 pm
SHARE

അബുദാബി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. വേണ്ട അനുമതിയും രേഖകളുമില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.
യു എ ഇയില്‍ തങ്ങുന്ന വിദേശികള്‍ രേഖകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് താമസകുടിയേറ്റ വകുപ്പിന്റെ മുന്നറിയിപ്പ്. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലും തൊഴില്‍, താമസ വിസകളിലും എത്തുന്നവര്‍ അനുവദനീയമായ ദിവസങ്ങള്‍ക്കപ്പുറം രാജ്യത്ത് തങ്ങാന്‍ പാടില്ല. വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ നിശ്ചിത കാലപരിധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ പിഴ ശിക്ഷ ലഭിക്കും. അധികമായി തങ്ങുന്ന ആദ്യ ദിനത്തിന് 200 ദിര്‍ഹവും തുടര്‍ന്നുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതവുമാണ് പിഴ.

തൊഴില്‍, താമസ വിസകളിലുള്ളവര്‍, വിസ റദ്ദാക്കിയാല്‍ 30 ദിവസത്തിനുള്ളില്‍ രാജ്യം വിടണം. ഇല്ലെങ്കില്‍ പിഴ ശിക്ഷ ലഭിക്കും. ആശ്രിതരുണ്ടെങ്കില്‍ അവര്‍ക്കും അധികം തങ്ങുന്ന ആദ്യ ദിനം 120 ദിര്‍ഹം, തുടര്‍ന്നുള്ള ഓരോ ദിനവും 25 ദിര്‍ഹം എന്ന നിരക്കില്‍ പിഴ നല്‍കേണ്ടിവരും.
അനധികൃത താമസക്കാരെ ഇമിഗ്രേഷന്‍ ബ്ലാക്ക് ലിസ്റ്റില്‍പെടുത്താനുള്ള സാധ്യതയുമുണ്ട്. എങ്കില്‍ വീണ്ടും യു എ ഇയില്‍ പ്രവേശിക്കുക അസാധ്യമാവും. കൂടാതെ, ഇമിഗ്രേഷന്‍ നിരോധനം, മൂന്നുമാസത്തെ തടവ്, നാട് കടത്തല്‍ എന്നീ ശിക്ഷകളും ചുമത്താനിടയുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടോ ബിസിനസ് തകര്‍ന്നോ പ്രതിസന്ധിയിലായവര്‍ അനധികൃത താമസക്കാരായി രാജ്യത്ത് തങ്ങുന്നത് തടയാന്‍ കൂടിയാണ് മുന്നറിയിപ്പെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here