Connect with us

Gulf

സന്ദര്‍ശകര്‍ക്ക് പുത്തന്‍ കാഴ്ചകളുമായി നവീകരിച്ച മിറക്കിള്‍ ഗാര്‍ഡന്‍

Published

|

Last Updated

ദുബൈ: കാഴ്ചയുടെ നിറവസന്തമൊരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പോദ്യാനമായ ദുബൈ മിറക്കിള്‍ ഗാര്‍ഡനില്‍ പൂക്കളുടെ പുതിയ വിസ്മയങ്ങള്‍. നവീകരിച്ച ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. പുതുതായി നട്ടുപിടിപ്പിച്ച സുര്യകാന്തി പൂക്കള്‍ ഏവരുടെയും മനം നിറക്കുന്നതാണ്. 70,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 120 തരത്തിലുള്ള അഞ്ച് കോടി ചെടികളാണ് ഉദ്യാനത്തിലുള്ളത്. ഈ വര്‍ഷം പൂക്കളുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.
12 മീറ്റര്‍ ഉയരത്തില്‍ പൂക്കള്‍കൊണ്ട് നിര്‍മിച്ച ടെഡ്ഡി ബിയറും അത്ഭുതപ്പെടുത്തുന്നു. പൂക്കള്‍കൊണ്ട് നിര്‍മിച്ച തത്തകള്‍, കംഗാരൂ, ചിത്രശലഭങ്ങള്‍, ഉറുമ്പുകള്‍ തുടങ്ങിയവയും കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ സന്തോഷിപ്പിക്കും. പാതകള്‍ക്കിരുവശങ്ങളിലും തീര്‍ത്ത ഭീമാകാരമായ അരയന്നങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം പുത്തന്‍ അനുഭവം സമ്മാനിക്കും. നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ഉദ്യാനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. പുതിയ ആംഫി തിയേറ്ററില്‍ ത്രീഡി വീഡിയോ ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മിറക്കിള്‍ ഗാര്‍ഡനില്‍ പൂക്കള്‍കൊണ്ട് തീര്‍ത്ത എമിറേറ്റ്‌സ് എ 380 വിമാനത്തിന്റെ മാതൃക ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. ഈ വര്‍ഷം രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഉദ്യാനം സ്വന്തമാക്കി. 2017ലെ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ടൂറിസം ലീഡര്‍ അവാര്‍ഡും നാഷണല്‍ അസോസിയേഷന്‍ ഓഫ് ലാന്‍ഡ് സ്‌കേപ് പ്രൊഫഷണല്‍സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സുമാണ് നേടിയത്.

ദുബൈ അല്‍ ബര്‍ശ സൗത്ത് മൂന്നിലെ ഉദ്യാനത്തില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയും ശനിയും രാവിലെ ഒന്‍പതു മുതല്‍ രാത്രി 11 വരെ കാഴ്ചക്കാര്‍ക്കായി തുറന്നുകൊടുക്കും. മുതിര്‍ന്നവര്‍ക്ക് 40 ദിര്‍ഹമും 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹമുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും.

 

Latest