Connect with us

Gulf

മൂടല്‍ മഞ്ഞും പൊടിക്കാറ്റും തുടരുന്നു രാജ്യത്ത് കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ്

Published

|

Last Updated

ദുബൈ: കൊടും വേനലിന് പരിസമാപ്തി കുറിച്ച് ശൈത്യകാലം വരവായി. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ താപ നില 10 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തി. കഴിഞ്ഞ ദിവസം റാസ് അല്‍ ഖൈമയിലെ മുബൈരഹ് പര്‍വത നിരകളില്‍ താപനില 10.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അല്‍ ഐനിലെ ജബല്‍ ഹഫീതില്‍ 17.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ കൂടുതല്‍ മേഘാവൃതമാവാന്‍ സാധ്യതയുണ്ട്. താപനിലയില്‍ കാര്യമായ കുറവ് സംഭവിക്കും. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തിയാര്‍ജിച്ച് രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് പ്രവേശിക്കും. തീരമേഖലയില്‍ കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത വരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

തീരമേഖലയില്‍ ഏറ്റവും കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. പര്‍വത മേഖലയില്‍ ഇത് 21 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്ന് മുന്നറിയിപ്പിലുണ്ട്. ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ദൂരക്കാഴ്ച തടസ്സപ്പെടുന്ന സാഹചര്യത്തില്‍ വാഹന യാത്ര ദുഷ്‌കരമാവുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. വരുംദിവസങ്ങളില്‍ അബുദാബിയിലും വടക്കന്‍ എമിറേറ്റുകളിലും കനത്ത മൂടല്‍മഞ്ഞിനുള്ള സാധ്യതയുണ്ട്.

പുലര്‍ച്ചെ യാത്ര ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുക. അടുത്ത ദിവസങ്ങളില്‍ അതിരാവിലെയും രാത്രിയും ചില ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളില്‍ മേഘാവൃതമായ കാലാവസ്ഥാ മാറ്റവും പ്രതീക്ഷിക്കുന്നു.

കിഴക്ക് വടക്കന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന നേരിയ കാറ്റ് രാത്രിയില്‍ ശക്തമായേക്കും.
അറേബ്യന്‍ ഗള്‍ഫ് കടലിലെ കാലാവസ്ഥാ മാറ്റം ശക്തമായ പൊടിക്കാറ്റിനു വഴിയൊരുക്കും. ചില ഭാഗങ്ങളില്‍ രാത്രിയിലും പ്രഭാതത്തിലും ഈര്‍പം കൂടുതലായി ഉയരും.