Connect with us

National

ജഡ്ജിമാര്‍ക്ക് കോഴ: പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാന്‍ ജഡ്ജിമാര്‍ക്ക് കോഴ നല്‍കിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, എ.കെ. മിശ്ര, എ.എം. ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കാമിനി ജയ്സ്വാളുമാണ് ഹര്‍ജി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചിരുന്നു.

ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം കോടതിയലക്ഷ്യമാണെന്നും അത് ജുഡീഷ്യറിയുടെ അന്തസിന് കോട്ടമുണ്ടാക്കിയെന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. നിരുപാധികം ഹര്‍ജി പിന്‍വലിച്ച് പ്രശങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അറ്റോര്‍ണി ജനറലും അഭിപ്രായപ്പെട്ടു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചതോടെയാണ് ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി തീരുമാനിച്ചത്.

ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് എതിരെ കോടതിയലക്ഷ്യനടപടികള്‍ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിയുടെ ക്ഷേമത്തിനായി എല്ലാവര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കി.

ലക്‌നൗവിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മെഡിക്കല്‍ കോളജിന് പ്രവേശനാനുമതി ലഭിക്കാന്‍ സുപ്രിം കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഒറീസ ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജി ഐഎം കുടുസ്സിയും മറ്റ് അഞ്ചു പേരും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സിബിഐ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി വ്യവഹാരങ്ങള്‍ക്ക് ആധാരം.

 

Latest