Connect with us

Ongoing News

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു; പ്രയാറും അജയ് തറയിലും പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെച്ചു. ഓര്‍ഡിനന്‍സിന്റെ നിയമസാധുത സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചാണ് നടപടി. ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജ്ഭവനില്‍ നേരിട്ടെത്തിയാണ് വിശദീകരണം നല്‍കിയത്.

ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ രണ്ട് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ ആയിരുന്നു 1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ടോയെന്നും കാലാവധി വെട്ടിക്കുറച്ചതിന്റെ അടിയന്തര പ്രാധാന്യമെന്തെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവെച്ചത്.

ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി നേതാക്കളും നേരത്തെ ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് സര്‍ക്കാറിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോണ്‍ഗ്രസ് നോമിനികളായ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ഒരേ ദിവസമാണ് ചുമതലയേറ്റത്.

Latest