Connect with us

Kerala

കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം മാറ്റി; 70 വയസ്സുകാര്‍ക്ക് സഹായി നിര്‍ബന്ധം

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. ഹജ്ജ് 2018 ലെ അപേക്ഷകര്‍ക്കുള്ള നിയമാവലി സംബന്ധിച്ച അവ്യക്തതകള്‍ക്ക് വിരാമമിട്ടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി അപേക്ഷകര്‍ക്കുള്ള നിബന്ധനകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്നലെ പുറത്തിറക്കിയത്. ഇതുപ്രകാരം 70 വയസ്സ് പ്രായമായ അപേക്ഷകര്‍ക്ക് സഹായി വേണ്ടെന്ന നിലപാടില്‍ മാറ്റം വരുത്തി.

70 പൂര്‍ത്തിയായവര്‍ക്ക് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുമെങ്കിലും കൂടെ സഹായി ഉണ്ടെങ്കിലേ ഇവര്‍ക്ക് അപേക്ഷിക്കാനാവുള്ളൂ എന്ന നിബന്ധന തുടരും.
അതേസമയം തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന എടുത്തു കളഞ്ഞു. ഇത്തരത്തിലുള്ള പതിനയ്യായിരത്തോളം വരുന്ന അപേക്ഷകരെ ആദ്യമായി അപേക്ഷിക്കുന്ന ജനറല്‍ വിഭാഗത്തിലേക്ക് താഴ്ത്തപ്പെട്ടു.
2018 മുതല്‍ 45 വയസ്സ് കഴിഞ്ഞ നാല് സ്ത്രീകള്‍ ഒരു കവറില്‍ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കില്‍ മഹ്‌റം ഇല്ലാതെ ത്തന്നെ നറുക്കെടുപ്പിന് പരിഗണിക്കണമെന്ന വിദഗ്ധ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ നാല് സ്ത്രികളും ഒരുമിച്ച് തന്നെ പുറപ്പെടേണ്ടതുണ്ട്.
ഹജ്ജിന് അപേക്ഷിക്കുന്നവരുടെ പാസ്‌പോര്‍ട്ട് 2019 ഫെബ്രുവരി വരെ കാലാവധിയുള്ളതായിരിക്കണം. രണ്ട് പേജെങ്കിലും ബാക്കിയുള്ളതോ ആയിരിക്കണം പാസ്‌പോര്‍ട്ട്. അല്ലാത്തവ സ്വീകരിക്കുന്നതല്ല. 70 വയസ്സായ അപേക്ഷകര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം തന്നെ നല്‍കേണ്ടതാണ്. വെളുത്ത പ്രതലത്തിലുള്ള ഒരു കോപ്പി കളര്‍ ഫോട്ടോയും കൂടെ വെച്ചിരിക്കണം. വിദേശ രാജ്യങ്ങളിലുള്ള അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കുടുതല്‍ സമയം ആവശ്യമെങ്കില്‍ ഇക്കാര്യം സൂചിപ്പിച്ചു. 2018ഏപ്രില്‍ 15 നു ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ കൂടെ പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, വര്‍ക്കിംഗ്/റസിഡന്റ്‌സ് വിസയുടെ കോപ്പി, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവയുണ്ടായിരിക്കണം. പൂര്‍ണ ഗര്‍ഭിണികള്‍, മാനസിക വൈകല്യമുള്ളവര്‍, സാംക്രമിക രോഗമുള്ളവര്‍ ഹജ്ജിന് അപേക്ഷിക്കാന്‍ പാടുള്ളതല്ല. 2018 സെപ്തംബര്‍ 30ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ കൂടെ ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇവരില്‍ നിന്ന് പത്ത് ശതമാനം വിമാനകൂലി ഈടാക്കുന്നതാണ്. അപേക്ഷയില്‍ ഗ്രീന്‍, അസീസിയ കാറ്റഗറിയില്‍ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. രേഖപ്പെടുത്താത്ത അപേക്ഷകരെ അസീസിയ കാറ്റഗറിയിലായിരിക്കും ഉള്‍പ്പെടുത്തുക.

കവര്‍ ലീഡര്‍, 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച ഒരു കവര്‍, പാസ്‌പോര്‍ട്ടിന്റെ ഒരു കോപ്പി, 70 വയസ്സുകാര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, വിലാസം പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാന്നെങ്കില്‍ അതു തെളിയിക്കുന്നതിനുള്ള രേഖ, ക്യാന്‍സല്‍ ചെയ്ത ബേങ്ക് ചെക്കിന്റെ / പാസ് ബുക്കിന്റെ കോപ്പി, പണമടച്ച്്തിന്റെ ഒറിജിനല്‍ പേ ഇന്‍ സ്ലിപ് എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. കവറിന് പുറത്ത് ഹജ്ജ് അപേക്ഷ 2018 എന്നും കവറിലുള്ള അംഗങ്ങളുടെ എണ്ണവും എഴുതിയിരിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ അയക്കാം. എന്നിരുന്നാലും ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയായിരിക്കും അഭികാമ്യം. അപേക്ഷിച്ചവര്‍ക്കെല്ലാം കവര്‍ നമ്പര്‍ അയക്കുന്നതായിരിക്കും. നമ്പര്‍ ലഭിക്കാത്തവര്‍ ഡിസംബര്‍ 14 നകം ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ഡിസംബര്‍ ഏഴ് ആണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യ ഗഢുവായി 81,000 രൂപ എസ് ബി ഐ യുടെയോ, യൂനിയന്‍ ബേങ്കിന്റെയോ ശാഖയില്‍ അടക്കണം.

 

---- facebook comment plugin here -----

Latest