ശിശുക്കളിലാണ് ഭാവി

Posted on: November 14, 2017 6:31 am | Last updated: November 13, 2017 at 10:35 pm
SHARE

ഇന്ന് നവംബര്‍ 14; രാജ്യമെങ്ങും ശിശുദിനമായി ആഘോഷിക്കുന്നു. ശിശുക്കളുടെ ക്ഷേമവും ഐശ്വര്യവും കാത്തു സൂക്ഷിക്കാന്‍ മുതിര്‍ന്നവര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഓര്‍മപ്പെടുത്തുന്ന ദിവസം. ശിശുക്കളുടെ ഭാവി ഭാസുരമാക്കാന്‍ കടുത്ത ഭാഷയില്‍ നാമെടുക്കുന്ന പ്രതിജ്ഞകള്‍ കടലാസു രേഖകളായി തരം താഴുകയാണോ എന്നുകൂടി ചിന്തിക്കേണ്ട വേളയാണിത്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കുഞ്ഞുങ്ങളെ വാത്സല്യത്തോടെയാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത്. വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ നിഷ്‌കളങ്കരായി പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ ലാളിക്കാനാകൂ. ആ നിഷ്‌കളങ്കതയില്‍, മുതിര്‍ന്നവരുടെ പുഞ്ചിരിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വഞ്ചനയുടെ ലാഞ്ഛനയില്ല. നെഹ്‌റു പറഞ്ഞു: ‘കുഞ്ഞുങ്ങളെ മനസ്സിലേ പൂവിന്റെ പരിശുദ്ധിയുള്ളൂ, കുഞ്ഞുങ്ങളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.’ മുതിര്‍ന്നവരുടെ മനസ്സിലെ അടിയുറച്ച പകയുടെ വാള്‍മുന പൊളിച്ചുകളയണമെങ്കില്‍ ഒരു കുഞ്ഞുമായി നിഷ്‌കളങ്കതയോടെ ഇടപെട്ടാല്‍ മതി എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നെഹ്‌റു ഇവിടെ പ്രസംഗിക്കുമ്പോഴും എടുത്തു പറയുന്ന കാര്യം ഇതായിരുന്നു: ‘ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ വാളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും’.

രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞു: ‘സന്തോഷത്തോടും സംതൃപ്തിയോടും വളരുന്ന കുട്ടികള്‍ രാഷ്ട്രത്തിന്റെ ശക്തിയും സമ്പത്തുമായിരിക്കും. അതുകൊണ്ട് വളരുന്ന കുഞ്ഞിലൂടെ നാം ഭാരതത്തെ ദര്‍ശിക്കുക’. ഏതൊരു രാഷ്ട്രത്തിന്റെയും സമ്പത്താണ് കുട്ടികളെന്ന് കാണാം. കുട്ടികള്‍ നാളത്തെ പൗരന്മാരാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തില്‍ ഇങ്ങനെ ഒരഭിപ്രായത്തെ രൂപവത്കരിച്ചത്. നമ്മുടെ മക്കള്‍ നാടിന്റെ തിന്മകളായാല്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവി എന്തായിരിക്കും? നമുക്കിടയില്‍ ജീവിക്കുന്ന ബാലന്‍മാരും ബാലികമാരും ഗാന്ധിജി പറഞ്ഞ തരത്തിലുള്ള സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നുണ്ടോ എന്നന്വേഷിക്കല്‍ മുതിര്‍ന്ന പൗരന്മാര്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും കടമയാണ്.

പ്രബുദ്ധ ഇന്ത്യയിലെ ഓരോ ശിശുവും നിരന്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് ജീവിക്കുന്നത്. സാമൂഹികപരവും രാഷ്ട്രീയപരവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ കുട്ടികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സര്‍ ജോണ്‍ സ്‌ക്വയര്‍ അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: ‘നാനൂറ് ഗീതങ്ങള്‍ രചിച്ചു എന്നതിനേക്കാള്‍ ഒരു മകനെ നന്നായി വളര്‍ത്തി എന്നതില്‍ അഭിമാനം കൊള്ളാം’. ഒരാള്‍ മഹാകവിയാകാം, രാഷ്ട്രീയ മേധാവിയാകാം, അധ്യാപകനാകാം, രാഷ്ട്രത്തലവനാകാം, ആരുമാകാം. പക്ഷേ, സ്വന്തം മക്കളെ രാഷ്ട്രത്തിനും തനിക്കും പ്രയോജനമില്ലാതെ വളര്‍ത്തിയിട്ട് താന്‍ മഹാനെന്ന് പറയുന്നതില്‍ എന്ത് മഹത്വമാണുള്ളത്? സമൂഹത്തിന്റെ വികസനത്തിന് അനിവാര്യമായ മൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും സമൂഹത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ ഏതു കാര്യത്തിനും സര്‍വഥാ യോജിച്ചവരുമാകണം നമ്മുടെ ശിശുക്കള്‍. അത്തരുണത്തിലാണ് ഓരോ ശിശുവിന്റെയും സാമൂഹികവത്കരണം സാധ്യമാക്കേണ്ടത്. എന്നാല്‍, രക്ഷകര്‍ത്താകളും സര്‍ക്കാറും അധ്യാപകരും ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതുകൊണ്ട് തന്നെ പുതുതലമുറയിലൂടെ സാമൂഹിക വളര്‍ച്ച സ്വപ്‌നം കാണുന്നതിനെക്കാള്‍ മഹത്തായ വിളര്‍ച്ചയെ പ്രതീക്ഷിക്കുന്നതായിരിക്കും നല്ലത്.

ഓരോ രക്ഷകര്‍ത്താവിനുമുള്ള ആഗ്രഹം ഇതാണ്, തങ്ങളുടെ മക്കള്‍ പഠിക്കണം മിടുക്കാരാകണം. ‘തങ്ങളുടെ’ എന്ന സ്വാര്‍ഥത ഒരു പരിധിവരെ ശിശുക്കളുടെ നന്മക്ക് വിഘാതമായിട്ടുണ്ട്. വികാര ജീവിയായ മനുഷ്യന്റെ സ്വാര്‍ഥത എന്ന വികാരമാണിത്. അതുപോലെ തന്നെ കുട്ടികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മാതാപിതാക്കളുടെ അശ്രദ്ധ. ജോലിക്കു പോകുന്ന അച്ഛനമ്മമാരും വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളും തമ്മിലുള്ളത് കേവലം രക്തബന്ധം മാത്രമാകുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിയന്ത്രിക്കാനോ ശ്രദ്ധിക്കാനോ കഴിയാതെവരുമ്പോള്‍ കുട്ടികള്‍ അവരവരുടെ ചുറ്റുപാടിലേക്കും നല്ലതെന്ന് തോന്നുന്നിടത്തേക്കും തിരിയുന്നു. ഇത്തരത്തില്‍ സ്വാര്‍ഥവും ആശ്രദ്ധവുമായ സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ തന്നെയാണ് സമൂഹത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ രക്ഷാകര്‍ത്താകളുടെ അജ്ഞതയും ദാരിദ്ര്യവും മദ്യപാനവുമെല്ലാം കുടുംബത്തിനകത്തു നിന്നും കുട്ടികള്‍ക്കെതിരായ വെല്ലുവിളികളാണ്.

കുടുംബങ്ങളുടെ പുറത്തേക്ക് ചിന്തിക്കുമ്പോള്‍ ശിശുവളര്‍ച്ചക്കും സാമൂഹിക പുരോഗതിക്കും വിഘ്‌നം സൃഷ്ടിക്കുന്ന മറ്റു ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഇന്റര്‍നെറ്റിന്റെ ഉപയോഗവും മോശം കൂട്ടുകെട്ടുകളുമൊക്കെയാണ്. പോണ്‍ സൈറ്റുകളും മറ്റു ഇന്റര്‍നെറ്റ് ബന്ധങ്ങളും കുട്ടികളിലെ ലൈംഗിക തൃഷ്ണ വളര്‍ത്തുകയും അത് അധാര്‍മിക പ്രവര്‍ത്തനങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ശിശുക്കളെക്കുറിച്ച് നന്നായി ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറല്ല. ശിശുക്കള്‍ക്ക് ഇന്നത്തെ ജീവിതചുറ്റുപാടില്‍ പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, ആ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭൂരിപക്ഷം രക്ഷിതാക്കളും അധ്യാപകരും ബോധവാന്‍മാരല്ല. ശൈശവ ഘട്ടം ശ്രദ്ധേയമായ ഒന്നാണ്. ഓരോ കുട്ടിക്കും കൂടുതല്‍ സ്‌നേഹവും വാത്സല്യവും അതിലുപരി വിദ്യാഭ്യാസവും നല്‍കേണ്ട സമയമാണിത്. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനോടാഭിമുഖ്യം വളര്‍ത്തുക, സംസ്‌കാര ബോധമുണ്ടാക്കുക തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ്. കുട്ടികളുടെ കാര്യത്തില്‍ നിയമം കര്‍ശനമാണ്. ബാലവേല, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി ഏറ്റവും കൂടുതല്‍ അവ ലംഘിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ മൊത്തം സ്ഥിതി പരിശോധിച്ചാല്‍ 14വയസ്സിനു താഴെയുള്ള നിരവധി കുട്ടികള്‍ തൊഴില്‍ശാലകളില്‍ പണിയെടുക്കുന്നത് നാം നിത്യേന കാണുന്ന കാഴ്ചയാണ്. രേഖകളില്‍ ബാലവേല കര്‍ശനമായി നിരോധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍, കുട്ടികളെ ജോലിക്കായി സ്‌പോണ്‍സര്‍ ചെയ്യുന്നവരുള്ള രാജ്യം കൂടിയാണിത്.

കുട്ടികള്‍ ഇങ്ങനെ ചൂഷണവിധേയരാകുമ്പോള്‍ ചോര്‍ന്നു പോകുന്നത് ഭാവി ഭാരതത്തിന്റെ ശക്തിയാണ്. യു എന്‍ കണക്കനുസരിച്ച് ഇന്ത്യയിലെ 55 ശതമാനം കുട്ടികളും പോഷകാഹാരക്കുറവിന്റെയും അനുബന്ധ രോഗങ്ങളുടെയും ഇരകളാണ്. നിശ്ചിത പ്രായത്തിനനുസരിച്ച് വളരാന്‍ വേണ്ട നിശ്ചിത കലോറി ഊര്‍ജം ലഭിക്കാതെ മുരടിക്കുകയാണവര്‍. ഇങ്ങനെ വളരുന്ന കുട്ടികള്‍ക്ക് ബൗദ്ധിക വളര്‍ച്ച കുറവായിരിക്കും. ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കുറിച്ചും ശിശു ദിനത്തില്‍ നാം ചിന്തിക്കേണ്ടതുണ്ട്.
വിദ്യാലയങ്ങളിലെ പോഷകാഹാര വിതരണം ഏറെ സ്വാഗതാര്‍ഹമാണ്. എന്നാല്‍, കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഇത് വിജയകരമായി നടപ്പാക്കപ്പെടുന്നുള്ളൂ. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്. എല്ലാ കുടുംബങ്ങള്‍ക്കും നിശ്ചിത ജീവിത മൂല്യങ്ങള്‍ കൈവരിക്കാനാകും വിധം തൊഴില്‍ സാഹചര്യങ്ങള്‍ കൂടി ഉറപ്പുവരുത്തുകയാണെങ്കില്‍ ബാലവേലയെ ഇല്ലാതാക്കാനും സമ്പൂര്‍ണവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം നല്‍കാനും നമുക്കു സാധിക്കും.
ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ രീതി തന്നെയാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെങ്കിലും സി ബി സി ഇ സിലബസ്സുകള്‍ കുറച്ചുകൂടി സാമൂഹികവും സര്‍ഗാത്മകവുമാക്കി മാറ്റല്‍ അനിവാര്യമാണ്. അറിവിനപ്പുറം തിരിച്ചറിവുള്ള സമൂഹത്തെയാണല്ലോ നമുക്കാവശ്യം. ഓരോ കുട്ടിയുടെയും സാമൂഹിക വത്കരണത്തിന് രക്ഷകര്‍ത്താക്കളില്‍ ബോധവത്കരണം നടത്തേണ്ടതും അത്യന്താപേക്ഷിതമാണ്.