സുപ്രീം കോടതിയിലെ നാടകീയത

Posted on: November 14, 2017 7:19 am | Last updated: November 13, 2017 at 10:30 pm

ദുരൂഹമാണ് ജഡ്ജിമാര്‍ക്കെതിരായ അഴിമതിയാരോപണം പരിശോധിക്കാന്‍ ഭരണഘടനാ ബഞ്ച് രൂപവത്കരിച്ച ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടി. ലഖ്‌നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കോളജ് പ്രവേശനത്തിന് അനുമതി നല്‍കാന്‍ ഒഡിഷ മുന്‍ ഹൈക്കോടതി ജഡ്ജി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചു പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാമിനി ജയ്‌സ്വാള്‍ നല്‍കിയ ഹരജിയിലാണ് ഭരണഘടനാ ബഞ്ച് രൂപത്കരിക്കാനുള്ള അധികാരം തനിക്കാണെന്ന ന്യായത്തിന്മേല്‍ ചീഫ് ജസ്റ്റിസിന്റെ ഈ നാടകീയ നീക്കം. കോളജിനനുകൂലമായ കോടതി ഉത്തരവ് നേടാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സി ബി ഐയാണ് കേസെടുത്തത്. കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നതും സി ബി ഐയാണ്. ഇത് പോരെന്നും മുന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് കാമിനി ജയ്‌സ്വാളിന്റെ ആവശ്യം. ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സി ജെ എ ആര്‍) എന്ന സന്നദ്ധസംഘടനയും സമാനമായ ഒരു ഹരജി നല്‍കിയിട്ടുണ്ട്. ഓരോ കേസും ഏതു ബഞ്ചാണു പരിഗണിക്കേണ്ടതെന്നു തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്നും ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരുടെ ബഞ്ച് കേസ് പരിഗണിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് തനിക്കു ബാധകമല്ലാത്തതിനാല്‍ അത് അസാധുവാക്കുകയാണെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവില്‍ പറയുന്നത്.

സാധാരണ ഗതിയില്‍ ഇത്തരം കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പരിഗണിക്കാറുള്ളതെങ്കിലും അദ്ദേഹം ഭരണഘടനാ ബഞ്ചിലും മറ്റുമായി തിരക്കിലാണെങ്കില്‍ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിന്റെ ബഞ്ചിന് സമര്‍പ്പിക്കുന്ന കീഴ്‌വഴക്കമുണ്ട്. ചീഫ് ജസ്റ്റിസ് ഡല്‍ഹി സര്‍ക്കാറിന്റെ അധികാരം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിലായതു കൊണ്ടാണ് രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറിന്റെ ബഞ്ചില്‍ കാമിനി ജയ്‌സ്വാളിന്റെ ഹരജി വന്നത്. മാത്രമല്ല, കോളജ് പ്രവര്‍ത്തന യോഗ്യമല്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ അഭിപ്രായപ്രകാരം സ്ഥാപനത്തിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ സെപ്തംബറില്‍ കോളജ് അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് പരിഗണിച്ചതും കോളജിന് അനുകൂലമായ വിധി പ്രസ്താവിച്ചതും ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ്. ഈ ഉത്തരവാണ് കോഴക്കേസിന് ആധാരമെന്നതിനാല്‍ അഴിമതി ആരോപണത്തിന്റെ മുന ദീപക് മിശ്രക്കു നേരെയും നീളുന്നുണ്ട്. ജയ്‌സ്വാളിന്റ ഹരജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബഞ്ചില്‍ വരാന്‍ ഈഒരു പശ്ചാത്തലവും കൂടിയുണ്ട്. ആരോപണം നേരിടുന്ന ജഡ്ജി തന്നെ കേസ് കൈകാര്യം ചെയ്യുന്നത് ഉചിതമല്ല.

കാമിനി ജയ്‌സ്വാളിന്റെ ഹരജി ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്കായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ വിട്ടത്. എന്നാല്‍ ആര്‍ കെ അഗര്‍വാള്‍, അരുണ്‍ മിശ്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിങ്ങനെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ താരതമ്യേന താഴെയുള്ളവരുടെ ബഞ്ചിലേക്കാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റഫര്‍ ചെയ്തത്. ചീഫ് ജസ്റ്റിസിന്റെ അധികാരം അടിവരയിട്ടു പറഞ്ഞതും ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കിയതുമായ ബഞ്ചില്‍ ഉള്‍പ്പെട്ടവരുമാണ് ഈ മൂന്ന് പേരും. കേസില്‍ അഡ്വ. പ്രശാന്ത് ഭൂഷണ് വാദങ്ങള്‍ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് അവസരം നിഷേധിച്ചതും എതിര്‍പക്ഷത്തുള്ളവര്‍ക്ക് അവസരം നല്‍കിയതും വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമുണ്ടായി.

നിയമ വൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട് ചീഫ് ജസ്റ്റിസിന്റെ നടപടി. തന്റെ പരമാധികാരം പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ലക്ഷ്യമാക്കുന്നതെന്ന് ന്യായീകരിക്കപ്പെടാമെങ്കിലും അതിലുപരി ജസ്റ്റിസ് ചെലമേശ്വര്‍ രൂപവത്കരിച്ച ബഞ്ച് കേസ് കൈകാര്യം ചെയ്താലുണ്ടാകുന്ന പ്രത്യാഘാതം ഭയന്നാണ് നാടകീയ നീക്കമെന്നും പറയപ്പെടുന്നുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ഭരണഘടനാ ബഞ്ചിന്റെ ഭാഗമാകരുതെന്ന് ജയ്‌സ്വാള്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എഫ് ഐ ആറില്‍ ചീഫ് ജസ്റ്റിസിന്റെ പേരുണ്ടെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഒരു എഫ് ഐ ആറില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്താന്‍ നിയമമില്ലെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര പറയുന്നത്. എന്നാല്‍ കോടതികള്‍ നീതി നടപ്പാക്കാനുള്ള വേദികളാണ്. അതിന്റെ മുമ്പില്‍ രാജ്യത്തെ പൗരന്മാരെല്ലാം തുല്യരാണ്. അഥവാ അങ്ങനെ ആയിരിക്കണം. സാധാരണക്കാര്‍ക്ക് ഒരു നിയമവും ഭരണകര്‍ത്താക്കള്‍ക്കും ജഡ്ജിമാര്‍ക്കും മറ്റൊന്നും ആകരുത്. അഴിമതി ആര് നടതത്തിയാലും കുറ്റകൃത്യം തന്നെ. ആ നിലയില്‍ തന്നെ അതിനെ കാണണം. കോടതി നടപടികള്‍ ന്യായമാണെന്ന്് പൊതുസമൂഹത്തിന് ബോധ്യപ്പെടണം. മറിച്ചെങ്കില്‍, കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. ഭരണകൂടങ്ങള്‍ വഴിവിട്ടുസഞ്ചരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതീക്ഷ കോടതികളിലാണ്. ആ പ്രതീക്ഷ കൂടി നഷ്ടപ്പെട്ടാല്‍ രാജ്യത്ത് തികഞ്ഞ അരാജകത്വമായിരിക്കും ഫലം.