റഷ്യയിലേക്ക് ക്രൊയേഷ്യ

Posted on: November 13, 2017 11:14 pm | Last updated: November 13, 2017 at 11:14 pm
SHARE

പിറെയ്‌സ്: 2018 റഷ്യ ലോകകപ്പിലേക്ക് യൂറോപ്പില്‍ നിന്ന് ക്രൊയേഷ്യയും സ്വിറ്റ്‌സര്‍ലന്‍ഡും യോഗ്യത നേടി. പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ ഗ്രീസില്‍ ഗോള്‍ രഹിത സമനില നേടിയ ക്രൊയേഷ്യ ഇരുപാദത്തിലുമായി 4-1ന് മുന്നിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിനെതിരെ പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ ഗോള്‍ രഹിതമായി പിരിഞ്ഞു. ആദ്യ പാദത്തില്‍ 1-0ന് ജയിച്ചതിന്റെ ബലത്തിലാണ് സ്വിസ് ടീമിന്റെ മുന്നേറ്റം.

ക്രൊയേഷ്യക്കിത് അഞ്ചാം ലോകകപ്പാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പന്ത്രണ്ട് മേജര്‍ ടൂര്‍ണമെന്റുകളില്‍ പത്തിലും പങ്കാളിത്തം ഉറപ്പു വരുത്താന്‍ ഈ ബാള്‍ക്കന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാന മത്സരത്തിന് തൊട്ട് മുമ്പ് കോച്ച് ആന്റെ കാസിചിനെ പുറത്താക്കി സാകോ ഡാലിചിനെ കൊണ്ടു വന്നതാണ് ക്രൊയേഷ്യക്ക് നിര്‍ണായകമായത്.
ഇപ്പോഴും ഡാലിചിന് സ്ഥിര കരാര്‍ ഇല്ല.2010 ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ക്രൊയേഷ്യ റയല്‍ മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിഡിന്റെ നേതൃത്വ ബലത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഗ്രീസിനെതിരെ ഹോം മാച്ചില്‍ അറ്റാക്കിംഗ് ഗെയിം കാഴ്ച വെച്ച് മത്സരം വരുതിയിലാക്കാനുള്ള ഡാലിചിന്റെ ബുദ്ധി വിജയം കാണുകയായിരുന്നു. രണ്ടാം പകുതിയില്‍ ആദ്യ പകുതിയില്‍ മാത്രമാണ് ക്രൊയേഷ്യ സ്വതസിദ്ധ ശൈലിയില്‍ അറ്റാക്ക് ചെയ്ത് കളിച്ചത്.
രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തമാക്കി ഗ്രീസിന്റെ സ്‌കോറിംഗ് ശ്രമങ്ങളെല്ലാം മധ്യഭാഗത്ത് നിന്ന് തന്നെ തകര്‍ക്കുകയായിരുന്നു ക്രൊയേഷ്യന്‍ താരങ്ങള്‍ ചെയ്തത്. ഗ്രീസിന്റെ തട്ടകത്തില്‍ തൊണ്ണൂറ് മിനുട്ട് കളിക്കുന്നത് ശ്രമകരമായ ദൗത്യമാണ്. ഞങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രകടനം സാധിച്ചില്ല. എന്നാല്‍, തോല്‍ക്കാതിരിക്കുക എന്നതിലായിരുന്നു ശ്രദ്ധയൂന്നിയത് – ലൂക മോഡ്രിച് പറഞ്ഞു.

ഗ്രീസ് ഏറ്റവും മികച്ച ഗെയിം കാഴ്ചവെച്ചു. പക്ഷേ, തിരിച്ചുവരവിന് ആവശ്യമായ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ അവരെ തടയാന്‍ സാധിച്ചു – മോഡ്രിച് കൂട്ടിച്ചേര്‍ത്തു.
ആദ്യ പകുതിയിലെ ദാരുണമായ തോല്‍വിയില്‍ അരിശം കൊണ്ട ഗ്രീസ് കോച്ച് മൈക്കല്‍ സ്‌കിബെ പകുതി കളിക്കാരെയും മാറ്റിയാണ് രണ്ടാം പാദ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
ഇത് പ്രകടനത്തിലും നിഴലിച്ചു. ആദ്യ മുപ്പത് മിനുട്ട് ഗ്രീസിന്റെ വരുതിയിലായിരുന്നു മത്സരം. ബൊറുസിയ ഡോട്മുണ്ട് ഡിഫന്‍ഡര്‍ സോക്രട്ടീസ് പാപസ്താതോപോലോസിന്റെയും സ്‌ട്രൈക്കര്‍ അനസ്താസിയോസ് ബകാസെറ്റാസിന്റെയും ഷോട്ടുകള്‍ ക്രൊയേഷ്യന്‍ ഗോളി സാഹസികമായി ഡൈവ് ചെയ്ത് തട്ടിമാറ്റുകയായിരുന്നു. ഇത് ഗോളായിരുന്നെങ്കില്‍ ക്രൊയേഷ്യ സമ്മര്‍ദത്തിലാകുമായിരുന്നു. ഇതോടെ, ഓപണ്‍ ഗെയിം വേണ്ടെന്ന് ക്രൊയേഷ്യ തീരുമാനിച്ചു. രണ്ടാം പകുതിയില്‍ ക്രൊയേഷ്യയെ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു.
രണ്ടാം പകുതിയില്‍ എഴുപത്തൊമ്പതാം മിനുട്ടില്‍ പകരക്കാരന്‍ ദിമിത്രിസ് പെല്‍കാസ് ക്രൊയേഷ്യന്‍ വലയില്‍ പന്തെത്തിച്ചത് സ്റ്റേഡിയത്തെ ഉണര്‍ത്തി.

എന്നാല്‍, ഇത് ഓഫ് സൈഡായിരുന്നു. മത്സരം കഴിയാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ ബൊളോഗ്ന ഡിഫന്‍ഡര്‍ വാസിലിസ് ടൊറോസിഡിസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടതാണ് ഗ്രീസിന്റെ അവസാന പരിശ്രമം. ഫൈനല്‍ വിസിലോടെ, ക്രൊയേഷ്യ റഷ്യയിലേക്കുള്ള പടപ്പുറപ്പാടിന്റെ ആവേശത്തിലും ആഹ്ലാദത്തിലും അമര്‍ന്നു.