ഡല്‍ഹി അന്തരീക്ഷ മലിനീകരണം; അടിയന്തര സാഹചര്യമെന്ന് സുപ്രീം കോടതി

Posted on: November 13, 2017 11:50 pm | Last updated: November 13, 2017 at 10:14 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരങ്ങളിലും അന്തരീക്ഷ മലിനീകരണം തുടരുന്ന വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് സുപ്രീം കോടതി വിശദീകരണം തേടി. ഒരാഴ്ച പിന്നിട്ടിട്ടും ഡല്‍ഹിയിലും പരിസരങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയാത്ത പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രത്തിന് പുറമെ ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലും പരിസരങ്ങളിലും അടിയന്തര സാഹചര്യമാണെന്നും പെട്ടെന്നുള്ള നടപടികള്‍ ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. റോഡില്‍ ഉള്‍പ്പെടെയുള്ള പൊടിപടലങ്ങളും വയലുകള്‍ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് വിശദീകരണം തേടിയത്.

അതേസമയം, ഡല്‍ഹിയി ല്‍ ഒറ്റ- ഇരട്ട പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ പുതിയ നിര്‍ദേശങ്ങളടങ്ങിയ പുനഃപരിശോധനാ ഹരജി ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. പദ്ധതി നടപ്പാക്കുമ്പോള്‍ വനിതാ ഡ്രൈവര്‍മാര്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കും ഇളവ് നല്‍കരുതെന്ന ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയാണ് എ എ പി സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. ഹരിത ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് സ്വതേന്ത്ര കുമാര്‍ അധ്യക്ഷനായ ബഞ്ച് ഹരജി ഇന്ന് പരിഗണിക്കും. വനിതാ ഡ്രൈവര്‍മാര്‍ക്ക് പദ്ധതിയില്‍ നിന്ന് ഇളവ് നല്‍കിയില്ലെങ്കില്‍ സ്ത്രീ സുരക്ഷയെ ബാധിക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒറ്റ- ഇരട്ട പദ്ധതിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കും ഇളവ് നല്‍കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹരിത ട്രൈബ്യൂണല്‍ രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കുന്നെങ്കില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കണമെന്നും അല്ലാത്ത പക്ഷം പദ്ധതി വിജയിക്കില്ലെന്നുമാണ് ട്രൈബ്യൂണല്‍ വിലയിരുത്തിയത്.