Connect with us

Kannur

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും; സംസ്ഥാന സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല: ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ശരിവെച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പാര്‍ട്ടിക്കകത്ത് ഒരോ പ്രവര്‍ത്തകനും വിമര്‍ശനങ്ങള്‍ ഉയരും. സ്വയം വിമര്‍ശനം നടത്തിക്കൊണ്ട് അത്തരം കാര്യങ്ങളില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊള്ളും. ഈ രീതിയിലാണ് താന്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയില്‍ എന്തെല്ലാം പറഞ്ഞു എന്നത് വെളിപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനത്തെമ്പാടുമുള്ള പാര്‍ട്ടി തീരുമാനമാണ് കണ്ണൂരിലും നടപ്പാക്കുന്നത്. തന്നോട് ആലോചിട്ടല്ല ഗാനങ്ങള്‍ തയ്യാറാക്കിയത്. സംസ്ഥാന സമിതിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയി എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പി ജയരാജന്‍പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ശ്രമം നടത്തുന്നതായും ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതിയില്‍ പി ജയരാജനെതിരെ രൂക്ഷവിമര്‍ശമാണുയര്‍ന്നത്. സ്വയം മഹത്വവത്കരിക്കുന്നെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പ്പവും തയ്യാറാക്കി.
പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റി നീക്കം വ്യക്തമായ തെളിവുകളുമായിട്ടായിരുന്നു. സ്വയം മഹത്വവത്കരിക്കുന്ന നീക്കങ്ങളുടെ ഈ തെളിവുകള്‍ നിരത്തിയാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശമുന്നയിച്ചത്. കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപ്പോര്‍ട്ടിംഗ് നടത്താനും തീരുമാനമായെന്നാണ് വിവരം.
ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകളും സംസ്ഥാന കമ്മിറ്റി പരിഗണിച്ചു. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം പി ജയരാജന്‍ ഇറങ്ങിപ്പോയി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest