കിളിയെ അറിയാന്‍ പക്ഷിഭൂപടം

Posted on: November 13, 2017 7:10 am | Last updated: November 13, 2017 at 12:12 am
SHARE

കണ്ണൂര്‍: രാജ്യത്താദ്യമായി സമ്പൂര്‍ണ പക്ഷിഭൂപടം നിര്‍മിച്ച സംസ്ഥാനമെന്ന ഖ്യാതിനേടാന്‍ കേരളം തയ്യാറെടുക്കുന്നു. കേരളത്തില്‍ ജീവിക്കുന്നവയും സന്ദര്‍ശകരായി എത്തുന്നവയുമായ മുഴുവന്‍ പക്ഷികളുടെയും എണ്ണവും ഇനവും ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പക്ഷിഭൂപടം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ജില്ലയില്‍ പൂര്‍ത്തിയായി. ആലപ്പുഴക്കും തൃശൂരിനും പുറമെ കണ്ണൂരിലും ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പക്ഷിഭൂപടം പുറത്തിറക്കി.

ദേശാടനപ്പക്ഷികള്‍, അപൂര്‍വയിനങ്ങള്‍, വംശനാശം സംഭവിക്കുന്നവ എന്നിവയെ കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും പുറമെ നാടന്‍ പക്ഷികളെ കുറിച്ചുള്ള പഠനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന പക്ഷിഭൂപടമാണ് കണ്ണൂരില്‍ തയ്യാറാക്കിയത്. ഏതൊക്കെ കാലാവസ്ഥയില്‍ എവിടെയൊക്കെ ഏത് തരം പക്ഷികളെ കണ്ടെത്താനാകുമെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭൂപടത്തിലുണ്ട്. വനം വകുപ്പിന്റെയും ഇ ബേര്‍ഡിന്റെയും സഹകരണത്തോടെ കണ്ണൂരിലെ പക്ഷിനിരീക്ഷകരാണ് പക്ഷിഭൂപടം നിര്‍മിച്ച് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16നാണ് കണ്ണൂരില്‍ പക്ഷിഭൂപടത്തിനായുള്ള ഗവേഷണം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും അന്നത്തെ കലക്ടര്‍ പി ബാലകിരണുമാണ് ഇതിന് തുടക്കം കുറിച്ചത്. ജില്ലയെ 266 മേഖലകളാക്കി തിരിച്ചായിരുന്നു നിരീക്ഷണം. അതില്‍ മുപ്പത് മേഖലകള്‍ കാടുകളിലായിരുന്നു.

പക്ഷിഭൂപട സര്‍വേയില്‍ 266 ഇനം പക്ഷികളെയാണ് കണ്ടെത്തിയിരുന്നത്. ഇതില്‍ ഒമ്പതിനം വംശനാശഭീഷണി നേരിടുന്നവയാണെന്ന് നിരീക്ഷിക്കപ്പെട്ടു. 11 ഇനം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയുമാണ്. അത്യപൂര്‍വമായി മാത്രം കാണുന്ന കരിമ്പരുന്തും കൂട്ടത്തിലുണ്ട്. സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, സി സഷീല്‍ കുമാര്‍, ആര്‍ രോഷ്‌നാഥ്, ഡോ. ജയന്‍ തോമസ്, കെ ഇ ബിജുമോന്‍, സി സുനില്‍കുമാര്‍ തുടങ്ങിയവരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പക്ഷിനിരീക്ഷകരുടെ സമൂഹ മാധ്യമ കൂട്ടായ്മയായ ഇ ബേര്‍ഡ്, മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സര്‍വേക്ക് പ്രമുഖ പക്ഷിനിരീക്ഷകനായ സി ശശികുമാര്‍ മുഖ്യനേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പക്ഷിഭൂപടത്തിന്റെ പ്രകാശനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here