Connect with us

Kerala

കേരളത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് യു എന്‍

Published

|

Last Updated

പാലക്കാട്: ആഗോള താപനില കുറക്കാന്‍ സാധിക്കാത്ത പക്ഷം കേരളത്തിന്റെ പല നഗരപ്രദേശങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലോകം മൂന്ന് ഡിഗ്രി ആഗോള താപനത്തിലേക്ക് നീങ്ങുകയാണെന്നും കേരളം, മുംബൈ പോലുള്ള തീരദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. ഇന്നുവരെയുള്ളതില്‍ ഏറ്റവും വിശ്വസനീയമായ ആഗോള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഈ മുന്നറിയിപ്പ്. കാര്‍ബണ്‍ വികിരണം കുറക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകാതിരുന്നാല്‍ ആഗോള താപനം യാഥാര്‍ഥ്യമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആഗോളതാപനത്തിലുണ്ടാകുന്ന മൂന്ന് ഡിഗ്രി വര്‍ധനയെ തുടര്‍ന്ന് സമുദ്രനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാനാകാത്ത വിധത്തില്‍ രണ്ട് മീറ്ററോളം ഉയരുമെന്നാണ് ക്ലൈമറ്റ് സെന്‍ട്രലിന്റെ ശാസ്ത്രസംഘം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഷാംങ്ഹായ് മുതല്‍ അലക്‌സാന്‍ഡ്ര വരെയും റിയോ മുതല്‍ ഒസാക്ക വരെയുമുള്ള നഗരങ്ങളെയാകും ഈ താപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കയിലെ മിയാമി പൂര്‍ണമായും ജലത്തിനടിയിലാകും. അതുപോലെ തന്നെ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകും.

1880ന് ശേഷം ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഏട്ട് ഇഞ്ച് വര്‍ധിച്ചിട്ടുണ്ട്. ഈ നിരക്ക് ക്രമമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാറ്റു മൂലം തിരമാലകള്‍ ഉയരുന്നത് കാരണമുണ്ടാകുന്ന അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളുടെ സാധ്യത വര്‍ധിക്കുന്നതിനും സമുദ്രനിരപ്പ് ഉയരുന്നത് കാരണമാകും. കടലോരത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും മാത്രമല്ല, നദികളുടെയും ഉള്‍നാടന്‍ ജലസ്രോതസ്സുകളുടെ തീരത്തുള്ളവയും പ്രളയജലത്തിനടിയിലാകും.
2015ലെ പാരീസ് കരാറിന്റെ ലക്ഷ്യമായ ആഗോളതാപനം സുരക്ഷിതമായ 1.5 ഡിഗ്രിക്കും രണ്ട് ഡിഗ്രിക്കും ഇടയില്‍ പിടിച്ചുനിറുത്തുന്നതിനായി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബോണ്‍ കാലാവസ്ഥാ ചര്‍ച്ചകളുടെ അവസാന വട്ടത്തിന് മുന്നോടിയായാണ് ഗുരുതരമായ ഈ മുന്നറിയിപ്പ് പുറത്തുവരുന്നത്.
മലിനീകരണം നിയന്ത്രണമില്ലാത്ത രീതിയില്‍ തുടരുകയും ഭൂമിയിലെ ഊഷ്മാവ് നാല് ഡിഗ്രി കണ്ട് വര്‍ധിപ്പിക്കുന്ന തരത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ നഗര പ്രദേശങ്ങള്‍ പലതും അതിവേഗം വെള്ളത്തിനിടയിലാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.

 

Latest