ഇസിലിന്റെ കഥ കഴിഞ്ഞോ?

Posted on: November 13, 2017 6:24 am | Last updated: November 12, 2017 at 11:26 pm
SHARE

ഇസില്‍ തീവ്രവാദികള്‍ക്കെതിരെ വിവിധ ശക്തികള്‍ ഉള്‍പ്പെടുന്ന സൈനിക നീക്കം ഇറാഖിലും സിറിയയിലും നിര്‍ണായക വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ഈ സൈനിക വിജയങ്ങള്‍ വലിയ മുന്നേറ്റമായി വിലയിരുത്താവുന്നതാണ്. എന്നാല്‍ ഇവിടങ്ങളിലൊന്നും ശക്തമായ ഭരണ സംവിധാനം സാധ്യമാകാത്തതിനാല്‍ തീവ്രവാദികളുടെ വിഹാര കേന്ദ്രമെന്ന നിലയില്‍ നിന്ന് ഈ രാജ്യങ്ങള്‍ സമ്പൂര്‍ണമായി മോചിതമാകുന്നില്ല. ശൈഥില്യം മുതലെടുത്ത് സായുധ സംഘങ്ങള്‍ വീണ്ടും ശക്തിസംഭരിക്കുന്നുവെന്നതാണ് ദുരവസ്ഥ. ഇസില്‍ നിയന്ത്രണത്തിലുള്ള അവസാന നഗരവും തിരിച്ചുപിടിക്കുന്നതിന് ഇറാഖീ സേന പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.

റാവ നഗരവും ഇതിനോട് ചേര്‍ന്ന ഏതാനും ചെറുപ്രദേശങ്ങളുമാണ് ഇറാഖില്‍ ഇപ്പോഴും ഇസില്‍ ഭീകരരുടെ നിയന്ത്രണത്തിലുള്ളത്. രാജ്യത്തെ വലിയ നഗരമായ അല്‍ ഖാഇം ഏതാനും ദിവസം മുമ്പാണ് അവരില്‍ നിന്ന് ഇറാഖ് സേന തിരിച്ചുപടിച്ചത്. യൂഫ്രട്ടീസ് തീരത്തെ റാവ കൂടി കീഴടക്കുന്നതോടെ ഇറാഖിലെ അവസാന ഇസില്‍ ശക്തി കേന്ദ്രവും ഇല്ലാതാകും. ഇറാഖി കരസേന, സുന്നി ഗോത്ര വിഭാഗങ്ങളുടെ പിന്തുണയോടെയാണ് ഇസിലിനെതിരെ നടപടി ശക്തമാക്കുന്നത്. ഇറാഖ്- സിറിയ അതിര്‍ത്തി പ്രദേശങ്ങളിലെ നഗരങ്ങളാണ് ഇസില്‍ ഭീകരര്‍ തങ്ങളുടെ നിയന്ത്രണത്തില്‍ വെച്ചിരുന്നത്. ഇത് എണ്ണ സമ്പുഷ്ട മേഖലയാണ്. ഇതുവഴി ആയുധ, ചരക്ക് കടത്ത് എളുപ്പമാണെന്നതും തീവ്രവാദികള്‍ ഈ മേഖലയെ അധീനതയിലാക്കാന്‍ കാരണമായി.
ഇറാഖില്‍ നിന്ന് ഇസില്‍ ഭീകരര്‍ 95 ശതമാനവും പിന്മാറിയിട്ടുണ്ടെന്നും ഇവരുടെ നിയന്ത്രണത്തില്‍ നിന്ന് 4.4 ദശലക്ഷം ഇറാഖികളെ മോചിപ്പിച്ചിട്ടുണ്ടെന്നുമാണ് യു എസ് സഖ്യസേന പറയുന്നത്. സിറിയയില്‍ ഇസില്‍ സംഘത്തിന്റെ അവസാന ശക്തി കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അല്‍ ബുകാമല്‍ നഗരം സൈന്യം കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. നഗരത്തില്‍ നിന്ന് പലായനം ചെയ്ത ഇസില്‍ സംഘം വീണ്ടും നുഴഞ്ഞ് കയറിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇവിടെയും ഇസിലിന് പിടിച്ചു നില്‍ക്കുക എളുപ്പമാകില്ല. ബശര്‍ അല്‍ അസദിനെ താഴെയിറക്കുകയെന്ന അജന്‍ഡയില്‍ നിന്ന് സിറിയയിലെ വിമത ഗ്രൂപ്പുകള്‍ പോലും പിന്നോട്ട് പോയ സ്ഥിതിയാണുള്ളത്.

അമേരിക്കയും റഷ്യയും അസദിനെ സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇസിലിനെ തുരത്താന്‍ കൈകോര്‍ക്കുമെന്ന് പുടിനും ട്രംപും പറയുന്നതിന്റെ അര്‍ഥമതാണ്. ദേര്‍ അസൂര്‍ പ്രവിശ്യയിലെ കിഴക്കന്‍ നഗരമാണ് അല്‍ ബുകാമല്‍. ഇവിടെ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഇസിലിനെതിരായ പോരാട്ടത്തില്‍ സിറിയന്‍ സേനക്കൊപ്പം സഖ്യ സേനകളായ ഹിസ്ബുല്ല, ഇറാഖി പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്(പി എം എഫ്) ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡ് എന്നിവരും ഉണ്ടെന്ന് ഹ്യൂമന്‍ ഒബ്‌സര്‍വേറ്ററി വക്താവ് പറയുന്നു. ഇസിലിനെതിരെ വിചിത്രമായ ഐക്യപ്പെടലുകള്‍ സംഭവിക്കുന്നുവെന്നാണ് ഈ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
ഇറാഖിലെ ഫല്ലൂജയിലും തിക്‌രീത്തിലുമാണ് ഇസില്‍ തീവ്രവാദി വിഭാഗം ഇന്നത്തെ പേരിലും ലക്ഷ്യത്തിലും ആദ്യം പ്രത്യക്ഷപ്പെട്ടത്. അദ്ദൗല അല്‍ ഇസ്‌ലാമിയ്യ ഫീ ഇറാഖ് വല്‍ ശാം- (ദായിശ്) എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ച പേര്. പിന്നെ സിറിയയിലെ ഏതാനും പ്രദേശത്ത് കൂടി ആധിപത്യമുറപ്പിച്ചതോടെ ‘ഖിലാഫത്ത്’ പ്രഖ്യാപനം നടത്തുകയും പേര് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്നാക്കി ചുരുക്കുകയും ചെയ്തു. ഈ സംഹാര ശക്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസ്സാദ് ആണെന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ശരിയാകാന്‍ തന്നെയാണ് സാധ്യത. കാരണം അത്രമേല്‍ കൗശലപൂര്‍വമാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന രാഷ്ട്രീയ പ്രയോഗമായ ഖിലാഫത്ത് എന്ന സംജ്ഞയെ തന്നെ അവര്‍ ദുരുപയോഗിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ആശയവും അവര്‍ പ്രയോഗിച്ചു. അത്‌കൊണ്ടാണ് അല്‍ ഖാഇദയേക്കാള്‍ ഇസില്‍ മാരകമാകുന്നത്. അല്‍ ഖാഇദയുടെ രൂപഭേദമെന്ന നിലയില്‍ അല്‍ ഖാഇദ സെപറേറ്റിസ്റ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ എന്നാണ് ഇസിലിനെ വിളിക്കേണ്ടത്. അബൂബക്കര്‍ അല്‍ ബഗ്ദാദി അടിസ്ഥാനപരമായി അല്‍ ഖാഇദക്കാരനാണല്ലോ.

ഇറാഖിലും സിറിയയിലും സൈനികമായി തുടച്ചു നീക്കപ്പെടുമ്പോഴും ഇസില്‍ തീവ്രവാദികള്‍ മുന്നോട്ട് വെക്കുന്ന സംഹാര പ്രത്യയ ശാസ്ത്രം വന്‍കരകള്‍ കടന്ന് പടരുന്നുണ്ട്. ലിബിയ പോലുള്ള അസ്വസ്ഥ ജനപഥങ്ങളില്‍ അവര്‍ കാലുറപ്പിക്കുന്നുമുണ്ട്. ഇറാന്റെ ഇടപെടലും അതിന് പിറകേ സഊദി നടത്തുന്ന നീക്കങ്ങളും കൂടുതല്‍ അശാന്ത മേഖലകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഈ സംഹാര സംഘം ഒടുങ്ങിയെന്ന് സമാധാനിക്കാനാകില്ല. ഇങ്ങ് കേരളത്തില്‍ പോലും ഇസില്‍ മുഴങ്ങുന്നത് ചെറിയ കാര്യമല്ല. മതത്തിന്റെ യാഥാര്‍ഥ്യത്തില്‍ നിന്ന് പലായനം ചെയ്ത് ഈ യുവാക്കള്‍ ചെന്നെത്തുന്നത് മതത്തിന് തികച്ചും അന്യമായ മൗഢ്യലോകങ്ങളിലാണ്. ഇന്ത്യയെപ്പോലെ മതേതരമായ ഭരണഘടനയുള്ള ഒരു രാജ്യത്ത് സംഭവിക്കുന്ന വര്‍ഗീയ ധ്രുവീകരണം ഫാസിസ്റ്റ് ശക്തികള്‍ക്കാണ് ഗുണം ചെയ്യുക. അത്‌കൊണ്ട് എല്ലാ തരം തീവ്രവാദ പ്രവണതകളെയും വ്യവസ്ഥാപിതമായി നിരാകരിക്കാന്‍ സമുദായത്തിന് സാധിക്കണം. തീവ്രവാദം ഒരു സാമൂഹിക വിപത്തായതിനാല്‍ പൗരസമൂഹം ഒന്നാകെ ജാഗ്രത പാലിക്കേണ്ടതുമുണ്ട്.