രാഹുല്‍ വരുമ്പോള്‍

Posted on: November 13, 2017 6:00 am | Last updated: November 12, 2017 at 11:22 pm
SHARE

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ ഗാന്ധി യുഗത്തിന് തുടക്കം കുറിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകനായ രാഹുല്‍ ഇനി കോണ്‍ഗ്രസിന്റെ അമരത്തെത്തുകയാണ്. പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടുമ്പോഴാണ് ഈ തലമുറ മാറ്റം. അഞ്ച് പതിറ്റാണ്ട് രാജ്യത്തെ നയിച്ച പാര്‍ട്ടിയെ ഉണര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പ്രസിഡന്റ് പദവിയിലേക്ക് രാഹുല്‍ അവരോധിക്കപ്പെടുന്നു.

ഗുജറാത്തില്‍ അപ്രത്യക്ഷമാകുമെന്ന് കരുതിയ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടു വരാന്‍ രാഷ്ട്രീയ പാടവത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. ഹര്‍ദിക് പട്ടേല്‍, ജിഗ്നീഷ് മവേനി, അല്‍പേഷ് താക്കൂര്‍ എന്നീ ത്രിമൂര്‍ത്തികളെ കോണ്‍ഗ്രസുമായി സഹകരിപ്പിക്കുന്നതിലും വിജയിച്ചു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെക്കാനും രാഹുലിന് സാധിച്ചു. പപ്പു മോനെന്ന് വിളിച്ച് തന്നെ ബി ജെ പി നേതൃത്വം അപഹസിക്കുമ്പോള്‍ അതിനെതിരെ അവരുടെ ഉരുക്കുകോട്ടയില്‍ ചെന്ന് പ്രവര്‍ത്തനത്തിലൂടെ മറുപടി പറയാനും ഗുജറാത്തില്‍ സാധിച്ചു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്. അമിത് ഷായെയും മോദിയെയും നേരിടാനുള്ള കരുത്ത് തനിക്കുണ്ടെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പ്രചാരണത്തിലൂടെ സാധിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ രാഹുല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ജനശ്രദ്ധ നേടിയെടുത്തു. ഇതിനെതിരെ കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയാണ് പ്രത്യാക്രമണം നടത്തിയത്. അടുത്ത തവണ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി ഫ്‌ളോറിഡയില്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ പറഞ്ഞിരുന്നു.
അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ബി ജെ പിയില്‍ ചേക്കേറുന്ന സാഹചര്യമുള്‍പ്പെടെ രാഹുല്‍ ഗാന്ധിക്ക് മുന്നിലെ വെല്ലുവിളികള്‍ നിരവധിയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബി ജെ പി നീങ്ങുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടായിട്ടും ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ പ്രതിപക്ഷമില്ലെന്ന ആക്ഷേപം നില നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് നിലവില്‍ ലോക്‌സഭയില്‍ 45 അംഗങ്ങള്‍ മാത്രമാണുള്ളത്. പ്രതിപക്ഷം ന്യൂനപക്ഷമായ അവസ്ഥയിലാണ്. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഭരണം കൈവിട്ടു. 13 സംസ്ഥാനങ്ങള്‍ നിലവില്‍ ബി ജെ പിയാണ് ഭരിക്കുന്നത്. മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ എസ് എം കൃഷ്ണ ബി ജെ പി പാളയത്തിലേക്ക് പോയി. ഗുജറാത്തിലെ പ്രതിപക്ഷ നേതാവായ വഗേല തുടങ്ങിയ നേതാക്കന്മാര്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ ദുര്‍ബലതയാണ് ഇതിന് കാരണം. ഇതെല്ലാം തരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കേണ്ടതുണ്ട്.

1885 ഡിസംബര്‍ 28 നാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പിറവിയെടുത്തത്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ദേശീയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ സൗഹൃദ ബന്ധം വളര്‍ത്തുക, ജാതിയുടെയോ മതത്തിന്റെയോ പ്രവിശ്യയുടെയോ വ്യത്യാസമില്ലാതെ ദേശീയ ഐക്യ ബോധം വളര്‍ത്തുകയും ഉറപ്പിക്കുകയും ചെയ്യുക, ഏറ്റവും പ്രധാനമായി രാജ്യത്ത് പൊതു അഭിപ്രായം പരിശീലിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നിവയായിരുന്നു ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്ന് പ്രമുഖ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര വ്യക്തമാക്കുന്നു. മതേതരത്വവും ഗാന്ധിയന്‍ സോഷ്യലിസവും ജനാധിപത്യ മൂല്യങ്ങളും മുറുകെ പിടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആദര്‍ശത്തില്‍ വെളിപ്പെടുത്തുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നടത്തിയ കോണ്‍ഗ്രസിന് ഇപ്പോള്‍ രാജ്യത്തെ വര്‍ഗീയമായി ചേരിതിരിവ് സൃഷ്ടിക്കുന്ന ബി ജെ പി യെ പ്രതിരോധിക്കാന്‍ സാധിക്കേണ്ടതുണ്ട്.
വര്‍ഗീയതയും സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് രാജ്യത്തെ ജനം പൊറുതി മുട്ടുകയാണ്. ഇതില്‍ നിന്ന് മോചനം നേടാന്‍ കരുത്തനായ ഒരു നേതാവിനെയാണ് ജനം കാത്തിരിക്കുന്നത്. ഇതിന് 47 കാരനായ രാഹുല്‍ ഗാന്ധിയിലാണ് ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷ. രാഹുല്‍ ഗാന്ധി യു എസ് എയിലെ റോളിന്‍സ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങള്‍, വികസനം എന്നീ വിഷയങ്ങളിലാണ് ബിരുദം നേടിയത്. ആദ്യം ലണ്ടനിലെ ഒരു മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മോണിറ്റര്‍ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്‌സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു. 2004 മുതലാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2007 ല്‍ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു, 2013 ല്‍ വൈസ് പ്രസിഡന്റായി. രണ്ടാം യു പി എ കാലത്ത് മന്ത്രി പദവി വാഗ്ദാനം ചെയ്‌തെങ്കിലും അത് നിരസിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്. അമ്മയായ സോണിയ ഗാന്ധിയില്‍ നിന്നാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. 1998 മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്. 2004ല്‍ അടല്‍ ബിഹാരി വാജ്‌പേയിലില്‍ നിന്ന് ഭരണം പിടിച്ചെടുക്കുന്നതിലും രണ്ടാം യു പി എക്ക് അവസരം നല്‍കാനും സോണിയക്ക് സാധിച്ചു. രാഹുല്‍ ഗാന്ധിയിലൂടെ നെഹ്‌റു കുടുംബത്തിന്റെ കൈകളില്‍ തന്നെ പാര്‍ട്ടിയുടെ താക്കേല്‍ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ അഴിമതി നിറഞ്ഞ ധൂര്‍ത്തായിരുന്നു ജനം വെറുത്തത്. ഭരണത്തിന്റെ ആവേശത്തിലായിരുന്നു ഭരണകര്‍ത്താക്കള്‍, ഇതാണ് ജനം തൂത്തെറിഞ്ഞത്. ഭരണത്തിലേറിയപ്പോള്‍ അഴിമതിയുടെ പാപക്കറ മാഞ്ഞില്ല. ഇത് കോണ്‍ഗ്രസിനെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേട്ടയാടി. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഗുലാം നബി ആസാദ്. ചിദംബരം തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയെ സ്വാഗതം ചെയ്യുന്നുണ്ട്. അധ്യക്ഷ പദവിയേറ്റെടുക്കുന്നതിന് പിന്നാലെ അദ്ദേഹം ഭാരത യാത്രയും സംഘടിപ്പിക്കുന്നുണ്ട്. പാര്‍ട്ടിക്ക് സുശക്തമായ വേരോട്ടം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയാണ് യാത്ര. പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുക എന്ന ലക്ഷ്യമാണ് ഈ യാത്രയിലൂടെയുള്ളത്. ജനങ്ങളിലെ വിശ്വാസം നേടിയെടുക്കാന്‍ സമകാലിക വിഷയങ്ങളില്‍ ഇടപെട്ട് ജനങ്ങളെ അണിനിരത്താന്‍ അദ്ദേഹത്തിനും കോണ്‍ഗ്രസിനും സാധിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here