Connect with us

Articles

എന്നിട്ടും രാജി വെക്കാതെ തോമസ് ചാണ്ടി

Published

|

Last Updated

ഇടതു മുന്നണി യോഗത്തില്‍ ധാരണയായിട്ടും തോമസ് ചാണ്ടി രാജിവെച്ചില്ല. ഒരു ചെറിയ സൗജന്യം നല്‍കി മുന്നണി യോഗം പിരിയുകയായിരുന്നു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. രാജി അധികം താമസിയാതെ ഉണ്ടാവുമെന്ന് തന്നെയാണ് സൂചന. എന്തായാലും തോമസ് ചാണ്ടി രാജിവെക്കുമെന്നുറപ്പായി.

തോമസ് ചാണ്ടി രാജി വെക്കുമ്പോള്‍ പിണറായി മന്ത്രിസഭയില്‍ നിന്നുള്ള മൂന്നാമത്തെ രാജിയാവുമിത്. ആദ്യം ഇ പി ജയരാജന്‍. ബന്ധുനിയമന വിവാദം കൊടുമ്പിരികൊണ്ടപ്പോള്‍ രാജി വെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു. സി പി എമ്മിലെ കരുത്തനായ നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ജയരാജന് മറുത്തൊരു വാക്ക് പോലും ഉരിയാടാന്‍ ആവുമായിരുന്നില്ല.
തീ കത്തുന്ന വിഷയമാണ് എ കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായത്. വിവാദം കത്തിക്കയറിയപ്പോള്‍ മുഖ്യമന്ത്രി ശശീന്ദ്രനെ കണ്ടു. രാജി വെക്കുന്നതാണ് നല്ലതെന്ന് സൂചന നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ ശശീന്ദ്രന്‍ രാജിവെച്ച് സ്ഥാനമൊഴിഞ്ഞു. പകരം തോമസ് ചാണ്ടി മന്ത്രിയായി.
കായല്‍ കൈയേറിയെന്നും നികത്തിയെന്നും മറ്റുമുള്ള ആരോപണങ്ങളുടെ പേരില്‍ മാസങ്ങളായി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് തോമസ് ചാണ്ടി. ആലപ്പുഴ ജില്ലാ കലക്ടര്‍ തോമസ് ചാണ്ടിയുടെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കി. അതിന്‍മേല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സര്‍ക്കാറിന് കിട്ടി. കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടായിരുന്നു എ ജിയുടെ നിയമോപദേശം. അപ്പോഴൊന്നും രാജി വെക്കാന്‍ കൂട്ടാക്കാതെ പിടിച്ചുനില്‍ക്കുകയായിരുന്നു ചാണ്ടി. തന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ചാണ്ടി വാദിക്കുന്നു. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ ചാണ്ടിയുടെ റിസോര്‍ട്ട് പരാതി നല്‍കുകയും ചെയ്തു. ഹൈക്കോടതി വിധി തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് ചാണ്ടിക്ക് ഏക തുണ.
പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. എന്തിന് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. പിണറായി അനങ്ങുന്നില്ല. ഞായറാഴ്ച ഇടതുമുന്നണി യോഗവും ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് കൂടുതല്‍ ആവേശത്തോടെ മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണമായി.

എന്‍ സി പിയോടും അതിന്റെ മന്ത്രി തോമസ് ചാണ്ടിയോടും അതിരുകടന്ന കരുതല്‍ മുഖ്യമന്ത്രി കാട്ടുന്നുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്നവരാണ് എന്‍ സി പിയിലുള്ളത്. മറ്റു പാര്‍ട്ടികളില്‍ നിന്ന്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന്, സി പി എമ്മിലേക്കോ ഇടതുമുന്നണിയിലേക്കോ വരുന്നവരോട് ഒരു പ്രത്യേക കരുതല്‍ സി പി എം കാണിക്കാറുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത കാട്ടുന്ന നേതാവാണ് പിണറായി വിജയന്‍. ടി കെ ഹംസ, ലോനപ്പന്‍ നമ്പാടന്‍, കെ ടി ജലീല്‍, ഏറ്റവുമൊടുവില്‍ ഫിലപ്പോസ് തോമസ് എന്നിങ്ങനെയുള്ളവരോട് സി പി എം നേതൃത്വം പുലര്‍ത്തിപ്പോന്ന ഉദാര സമീപനം തന്നെ ഉദാഹരണം. തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെട്ട് ചാണ്ടിയെയും എന്‍ സി പിയെയും വ്രണപ്പെടുത്താന്‍ പിണറായി താത്പര്യപ്പെടുന്നുണ്ടാവില്ലെന്നര്‍ഥം.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മന്ത്രിയായിരുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് ഒരു വിവാദത്തില്‍ കുരുങ്ങിയത്. മഖ്യമന്ത്രി വി എസ് ഉടന്‍ തന്നെ ജോസഫിനെ ക്ലിഫ് ഹൗസിലേക്ക് വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജി വെച്ച ജോസഫിന് പകരം അദ്ദേഹത്തിന്റെ അനുയായി മോന്‍സ് ജോസഫ് മന്ത്രിയായി. അപവാദത്തില്‍ പെട്ടിട്ടും ഒരിക്കലും സി പി എം നേതൃത്വം ജോസഫിനോട് അകല്‍ച്ച കാട്ടിയില്ല. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് രായ്ക്കുരാമാനം പി ജെ ജോസഫും കൂട്ടരും ഇടതുമുന്നണി വിട്ട് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ചു. തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് യു ഡി എഫ് ജയിച്ചു. യു ഡി എഫിന്റെ വിജയത്തിന് കാരണം ജോസഫ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസായിരുന്നു. അതിനും മുമ്പേ ലോക്‌സഭാ സീറ്റുതര്‍ക്കത്തിന്റെ പേരില്‍ ജനതാദളും ആര്‍ എസ് പിയും മുന്നണി വിട്ടുപോയത് ഉണങ്ങാത്ത മുറിപ്പാടുകളാണ്. അന്ന് അതിനുത്തരവാദി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

ജെ എസ് എസ് നേതാവ് രാജന്‍ ബാബുവും കൂട്ടരും യു ഡി എഫ് വിട്ടുപോയത് എന്‍ ഡി എയിലേക്കാണ്. കാരണം, അന്നത്തെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും. ബി ജെ പിയുമായി അടുത്ത വെള്ളാപ്പള്ളിയുമായി രാജന്‍ ബാബുവിനുണ്ടായിരുന്ന ബന്ധമാണ് സുധീരനെ ചൊടിപ്പിച്ചത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ രാജന്‍ ബാബു വെള്ളാപ്പള്ളിക്ക് നിയമോപദേശം നല്‍കാന്‍ പോയത് സുധീരനിഷ്ടപ്പെട്ടില്ല. സുധീരന്റെ കോപത്തിന് മുമ്പില്‍ രാജന്‍ ബാബുവിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാജന്‍ ബാബുവിനെ പിടിച്ചുനിര്‍ത്താന്‍ ഏറെ പണിപ്പെട്ടെങ്കിലും സുധീരന്‍ ഉറച്ചുനിന്നു. അവസാനം രാജന്‍ ബാവുവും കൂട്ടരും എന്‍ സി പിയിലേക്ക് നീങ്ങി. ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്ന രാജന്‍ ബാബുവിനെ നിര്‍ബന്ധിച്ച് ബി ജെ പി പാളയത്തിലേക്കയക്കുകയായിരുന്നു.
മുന്നണി സംവിധാനത്തില്‍ പല കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. മുന്നണിയില്‍ നേതൃപാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനുമാണ് ഇതിനുത്തരവാദിത്വം. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പിണറായി വിജയന് ഇക്കാര്യത്തില്‍ ജാഗ്രത ഏറെയുണ്ട്. വലിപ്പത്തില്‍ ഏറെ ചെറുതാണെങ്കിലും എന്‍ സി പി എന്ന ഘടകകക്ഷിയെ മുറിപ്പെടുത്താന്‍ പിണറായി ആഗ്രഹിക്കുന്നില്ല. അതാവാം തോമസ് ചാണ്ടിക്ക് സ്വല്‍പം കൂടി ആയുസ്സ് നീട്ടിക്കൊടുക്കാന്‍ സ്വതവേ കാര്‍ക്കശ്യക്കാരനായ പിണറായി വിജയന്‍ തയ്യാറാവുന്നത്. കേരള സമൂഹം തോമസ് ചാണ്ടിയുടെ രാജി കാത്ത് അക്ഷമയോടെ നില്‍ക്കുകയാണെങ്കിലും.

 

Latest