ഇസില്‍ ക്രൂരത; 400 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: November 13, 2017 12:09 am | Last updated: November 12, 2017 at 11:14 pm

ബഗ്ദാദ്: ഇസില്‍ തീവ്രവാദികള്‍ കൂട്ടക്കുരുതി നടത്തിയ 400 പേരുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം ഇറാഖ് സൈന്യം തിരിച്ചുപിടിച്ച ഹവിജക്ക് സമീപത്തെ സൈനിക കേന്ദ്രത്തിലാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഇസില്‍ തടവുകാരും ഉണ്ടായിരുന്നതായി കിര്‍കുക് പ്രവിശ്യാ ഗവര്‍ണര്‍ റാകന്‍ സൈദ് വ്യക്തമാക്കി. മൃതദേഹങ്ങളില്‍ ചിലത് സാധാരണ വേഷം ധരിച്ചവരും ചിലത് ഇസില്‍ തടവുകാരെന്ന് വ്യക്തമാകുന്ന വസ്ത്രങ്ങള്‍ ധരിച്ചവരുടേതായിരുന്നു.

ഇസില്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ദൃക്‌സാക്ഷിയായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇറാഖ് സൈന്യം നടത്തിയ തിരച്ചിലിലാണ് കുഴിമാടം കണ്ടെത്തിയത്. ഇസില്‍ തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിച്ച ഇറാഖിലെയും സിറിയയിലെയും പ്രവിശ്യകളില്‍ നിന്ന് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇസില്‍ നിയന്ത്രണത്തിലുണ്ടായിരുന്ന മേഖലകളിലെ പുരാതന നഗരങ്ങളും ചരിത്ര സ്മാരകങ്ങളും പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലുമായി 72 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 15,.000 ഓളം മൃതദേഹങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാര്‍, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദേശികള്‍, പണ്ഡിതന്മാര്‍ എന്നിവരെ ക്രൂരമായി പീഡിപ്പിച്ച് കൊന്നൊടുക്കുന്ന രീതിയാണ് ഇസിലിന്റേത്.