മോദിയെ വിമര്‍ശിക്കും പക്ഷേ അവഹേളിക്കില്ല: രാഹുല്‍

Posted on: November 12, 2017 10:50 pm | Last updated: November 13, 2017 at 12:14 am
SHARE

അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ തെറ്റുകള്‍ രാജ്യത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്ന് കാണിക്കുമെങ്കിലും അദ്ദേഹം വഹിക്കുന്ന പദവിയോട് അനാദരവ് കാണിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

കഴിഞ്ഞകാലത്തെ പ്രധാനമന്ത്രിമാരോട് തികച്ചും അനാദരവോടെയായിരുന്നു മോദി പെരുമാറിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തില്‍ രാഹുല്‍ നടത്തുന്ന ത്രിദിന പ്രചാരണ യാത്ര ഇന്ന് അവസാനിക്കും. നവസര്‍ജന്‍ യാത്രയുടെ ഭാഗമായി ഇന്നലെ രാഹുല്‍ സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരുമായി ആശയവിനിമയം നടത്തി. വടക്കന്‍ ഗുജറാത്തിലെ പാലന്‍പൂരിലായിരുന്നു വളണ്ടിയര്‍മാരുടെ യോഗം.
കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഉണ്ട്. അവര്‍ ഞങ്ങളെ കുറിച്ച് എന്തും പറഞ്ഞു കൊള്ളട്ടെ. ഞങ്ങള്‍ ഒരു പരിധിക്കപ്പുറം പോകില്ല. പ്രധാനമന്ത്രിയെക്കിറിച്ചാണ് പറയുന്നതെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. പ്രധാനമന്ത്രിപദത്തിലിരിക്കുന്ന വ്യക്തി രാജ്യത്തെ ജനങ്ങളെയാകെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

മോശം പദപ്രയോഗങ്ങള്‍ നടത്തിയുള്ള പ്രചാരണമല്ല സാമൂഹിക മാധ്യമങ്ങളില്‍ നടക്കേണ്ടത്. കോണ്‍ഗ്രസിന്റെ മൂല്യത്തിനകത്ത് നിന്നു കൊണ്ടുള്ള പ്രചാരണമാണ് വേണ്ടതെന്ന് വളണ്ടിയര്‍മാരോട് അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ, ജന്‍മദിനാശംസകള്‍ പോലുള്ളവ ഒഴിച്ച് എല്ലാ പോസ്റ്റുകളും താന്‍ തന്നെയാണ് നടത്താറുള്ളതെന്ന് രാഹുല്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here