ല്യൂറെ അബുദാബി പൊതുജനങ്ങള്‍ക്കായി തുറന്നു

Posted on: November 12, 2017 8:16 pm | Last updated: November 12, 2017 at 8:16 pm
SHARE
ല്യൂറെ അബുദാബിയിലെത്തിയ സന്ദര്‍ശകര്‍ പ്രവേശന കവാടത്തിനരികെ

അബുദാബി: അറബ് ലോകത്തിലെ ആദ്യത്തെ സാര്‍വത്രിക മ്യൂസിയമായ ല്യൂറെ അബുദാബി പൊതുജനങ്ങള്‍ക്കായി തുറന്നു. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ യു എ ഇ യുടെ അടയാളം കൂടിയാണ് ല്യൂറെ അബുദാബി. രാവിലെ 10ന് ല്യൂറെ അബുദാബി ഡയറക്ടര്‍ മാനുവല്‍ റാബെറ്റെ ആദ്യ സന്ദര്‍ശകരെ സ്വീകരിച്ചു. പ്രവേശനസമയം, യു എ ഇ യുടെ പരമ്പരാഗത ഡാന്‍സ് അല്‍ അലായ ഡാന്‍സ് ഒരുക്കിയാണ് സന്ദര്‍ശകരെ വരവേറ്റത്. സാദിയാത് ദ്വീപിലെ കാഴ്ചയുടെ ഈ പറുദീസയിലേക്കാണ് ല്യൂറെ അബുദാബി വരുംനാളുകളില്‍ സന്ദര്‍ശകരെ മാടിവിളിക്കുക. ലോകത്തെ അദ്ഭുതപ്പെടുത്തിയ കലാകാരന്മാരുടെ സൃഷ്ടികള്‍ നേരില്‍കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി അബുദാബിയിലെത്തിയാല്‍ മതി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ ല്യൂറെ മ്യൂസിയത്തിന്റെ തീരെ ചെറുതല്ലാത്ത പതിപ്പാണ് അബുദാബിയില്‍ തുറന്നിട്ടുള്ളത്. പ്രതിഭകളുടെ കരസ്പര്‍ശമേറ്റ അകൃത്രിമമായ ക്യാന്‍വാസുകളില്‍ നിറഞ്ഞ വര്‍ണങ്ങള്‍, ലോകമിന്നും അടങ്ങാത്ത കൗതുകത്തോടെ നോക്കിക്കാണുന്ന ശില്‍പങ്ങള്‍, ക്രിസ്തുവിന് മുമ്പും പിമ്പും വിശ്വകലാരംഗങ്ങളില്‍ ഉദയംചെയ്തിട്ടുള്ള പരീക്ഷണങ്ങള്‍, കാലഘട്ടങ്ങളിലെ കലയുടെ സ്വാധീനമുണ്ടാക്കിയ മാറ്റങ്ങള്‍ എന്നിവയെല്ലാം ല്യൂറെ അബുദാബിയില്‍ ഒരുക്കിയിട്ടുണ്ട്.

സമകാലികരുടെയും മറ്റ് നൂറ്റാണ്ടുകളിലെയും പ്രതിഭകളുടെ വിരല്‍സ്പര്‍ശമേറ്റ 215 ചിത്രരചനകള്‍ ല്യൂറേയിലുണ്ട്. പുരാതന ഈജിപ്ഷ്യന്‍ ശില്‍പങ്ങള്‍, ഗ്രീക്ക് മാര്‍ബിള്‍ ശില്‍പങ്ങള്‍, റോമന്‍ സാമ്രാജ്യത്തിലെ ശില്‍പങ്ങള്‍, മെസപ്പൊട്ടോമിയന്‍ കലഘട്ടത്തിലെ രൂപങ്ങളും സ്തൂപങ്ങളുമടങ്ങുന്ന നിര്‍മിതികള്‍ എന്നിവ ല്യൂറേയിലൂടെയുള്ള നടത്തം സ്വപ്‌ന സമാനമായ അനുഭവത്തിലേക്കെത്തിക്കുന്നു.
97,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മ്യൂസിയം മുഴുവനും ഒരായിരം കഥകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്. ഇതില്‍ 6,400 ചതുരശ്ര മീറ്ററോളം സ്ഥലം മ്യൂസിയത്തിലെ സ്ഥിരം സൃഷ്ടികളുടെ മാത്രം പ്രദര്‍ശനത്തിന് മാറ്റി നല്‍കി. 2,000 ചതുരശ്ര മീറ്റര്‍ സ്ഥലം പ്രത്യേക പരിപാടികള്‍ക്കും ഉപയോഗിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here