പുതുതലമുറയെ വായിക്കാന്‍ പ്രചോദിപ്പിക്കണം: കോടമ്പുഴ

Posted on: November 12, 2017 8:14 pm | Last updated: November 12, 2017 at 8:14 pm
SHARE
പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക് സിറാജ് ദിനപത്രം
സ്വീകരണം നല്‍കിയപ്പോള്‍

വായന നമ്മുടെ പൈതൃകമായ സമ്പാദ്യമാണെന്നും എന്നാല്‍ ഇത് അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദുസ്ഥിതി ഉണ്ടായിക്കൂടെന്നും പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പറഞ്ഞു. ദുബൈയില്‍ സിറാജ് ദിനപത്രം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും പുരോഗതിക്കും വായന വളരെ അനിവാര്യമാണ്. ബദല്‍ സംവിധാനങ്ങളും പുതിയ മാധ്യമങ്ങളുമുണ്ടെങ്കിലും വായനയാണ് ആഴത്തിലുള്ള ആധികാരികമായ പഠനത്തിന് ആവശ്യമായിട്ടുള്ളത്.

എല്ലാ ഭാഷയിലും ഇസ്‌ലാമിക സാഹിത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. വായിക്കാന്‍ പുതിയ തലമുറയെ പ്രചോദിപ്പിക്കണമെന്നും ശാന്തമായ വായനയിലൂടെയാണ് ശാന്തമായ പ്രബോധനം സാധ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എഴുത്തും വായനയും അത്യപൂര്‍വമായിരുന്ന അറബി സമൂഹത്തില്‍ വലിയ വിപ്ലവമാണ് ഖുര്‍ആന്‍ സൃഷ്ടിച്ചത്. അറബികള്‍ എഴുത്തുകല പഠിക്കുകയും വായിക്കാന്‍ തുടങ്ങുകയും ഗ്രന്ഥരചന ആരംഭിക്കുകയും ചെയ്തത് ഖുര്‍ആന്റെ വരവോടെയാണ്. അറബി ഗ്രന്ഥരചനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അനറബികളാണെന്ന് വിശ്രുത ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ ‘അല്‍ മുഖദ്ദിമ’ എന്ന ലോകപ്രശസ്ത ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അറബി ഭാഷയില്‍ അനറബികള്‍ക്ക് ഗ്രന്ഥം രചിക്കാനായ വിപ്ലവമാണ് വാസ്തവത്തില്‍ ഖുര്‍ആന്‍ സൃഷ്ടിച്ചത്. വായനയെയും എഴുത്തിനെയും പ്രചോദിപ്പിക്കുന്നതില്‍ പ്രവാസി സമൂഹം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ശുഭോദാഹരണമാണ്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഈ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി എസ് കെ മൊയ്തു ബാഖവി മാടവന, ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, റാശിദ് പൂമാടം, ഫാസില്‍ അഹ്‌സന്‍, ഫൈസല്‍ ചെന്ത്രാപ്പിന്നി, യൂനുസ് മുച്ചുന്തി, മുസ്തഫ കൊളത്തൂര്‍, സലീം ആര്‍ ഇ സി, ശാഫി കോടമ്പുഴ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here