വിവാദങ്ങള്‍ക്ക് വഴിതുറന്ന് ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറിയുടെ രണ്ടാം പുസ്തകം

Posted on: November 12, 2017 11:31 am | Last updated: November 12, 2017 at 11:31 am
SHARE

തിരുവനന്തപുരം: സര്‍വീസ് ചട്ടലംഘനം ഉള്‍പ്പെടെ ആദ്യ പുസ്തകം തുറന്നിട്ട വിവാദം കെട്ടടങ്ങും മുമ്പ് സര്‍വീസ് സ്റ്റോറിയുടെ രണ്ടാം ഭാഗവുമായി ഡി ജി പി ജേക്കബ് തോമസ്. ബന്ധു നിയമനക്കേസും പാറ്റൂര്‍ ഭൂമി തട്ടിപ്പുമടക്കം രണ്ടാം പുസ്തകവും വിവാദങ്ങള്‍ കൂട്ടുപിടിച്ചാണ് പുറത്തിറങ്ങിയിരിക്കുന്നത്. നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികള്‍ തന്നെയാണ് പ്രമേയം. മന്ത്രി എം എം മണി, മുന്‍മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ക്കെതിരെയാണ് രണ്ടാം പുസ്തകത്തില്‍ ഒളിയമ്പ്.

ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസ് നിലനില്‍ക്കുമെന്നും 2016 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് തമിഴ്‌നാട്ടിലുണ്ടായ ഒരു കേസില്‍ സുപ്രീം കോടതി വിധിയുണ്ടെന്നും ജേക്കബ് തോമസ് പറയുന്നു. എം എം മണിയുടെ മാനറിസങ്ങള്‍ മന്ത്രിക്കു ചേര്‍ന്നതല്ലെന്നും പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടെന്നും പുസ്തകത്തില്‍ പറയുന്നു. വിവാദമായേക്കാവുന്ന പുസ്തകത്തില്‍ സര്‍ക്കാരിനെതിരെയും വിമര്‍ശമുണ്ട്.

തന്നെ വിജിലന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത് ഏറെ ആലോചനകള്‍ക്ക് ശേഷമായിരുന്നു. എന്നാല്‍, ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനായി അവിടെനിന്ന് തൂത്തെറിയാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്നും ജേക്കബ് തോമസ് പറയുന്നു. ഇടതു സര്‍ക്കാറിന്റെ മദ്യനയം വികസന കാഴ്ചപ്പാടിനു വിരുദ്ധമാണെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.

ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. സര്‍വീസിലിരിക്കെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിലും അതിലെ പരാമര്‍ശങ്ങളിലും ചട്ടലംഘനമുണ്ടെന്ന മൂന്നംഗസമിതിയുടെ കണ്ടെത്തലടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ജേക്കബ് തോമസിന്റെ പുതിയ പുസ്തകം.

 

LEAVE A REPLY

Please enter your comment!
Please enter your name here