Connect with us

Kerala

പച്ചപ്പിലൊരു സ്വപ്‌നക്കൂട്...

Published

|

Last Updated

കാര്‍ഷിക മേഖല അന്യംനിന്നു പോയ കേരളീയ സമൂഹത്തിന് മാതൃകയാവുകയാണ് പന്തീരാങ്കാവുക്കാരനായ പുരുഷോത്തമന്‍ എന്ന കര്‍ഷകന്‍. തിരക്കുപിടിച്ച ജീവിതത്തിനിടയിലും സമൂഹത്തിലെ പുതു തലമുറക്ക് കൃഷിയോട് താത്പര്യമുണ്ടാക്കുന്ന രീതിയിലുള്ള നിരവധി കാര്യങ്ങളാണ് പുരുഷോത്തമന്‍ ചെയ്തിരിക്കുന്നത്. അദ്ദഹത്തിന് പ്രചോദനമായി ഭാര്യ ശ്രീജയും മക്കള്‍ ഷിബിനും ഷിബിനയും കൂടെയുണ്ട്. തിങ്ങി നിറഞ്ഞ ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമായി ഒരു സ്വപ്‌നക്കൂട് തന്നെ ഒരുക്കിയിരിക്കുകയാണ് പുരുഷോത്തമന്‍.

സ്വപ്‌നക്കുടിലേക്ക്…
നാല് വര്‍ഷം മുമ്പാണ് കൊടുവള്ളിക്കാരനില്‍ നിന്ന് ഒന്നേകാല്‍ ഏക്കര്‍ കൃഷിക്കനുയോജ്യമായ ഭൂമി പുരുഷോത്തമന്‍ വാങ്ങുന്നതും അവിടെ കുട്ടിക്കാലം മുതലേ ഇഷ്ടമുള്ള തനത് രീതിയിലുള്ള പുതുമയാര്‍ന്ന കൃഷി ആരംഭിക്കുന്നതും. കൃഷിക്കാവശ്യമായ സാധന സാമഗ്രികള്‍ സൂക്ഷിക്കാനായി ചെറിയ പണിപ്പുരയും പുരുഷോത്തമന്‍ തന്റെ സ്ഥലത്തിന്റെ നടുവില്‍ നിര്‍മിച്ചു. തീര്‍ത്തും ഓല മേഞ്ഞതായിരുന്നു ആ പണിപ്പുര. പിന്നീട് തന്റെ സുഹൃത്തായ സിയാദിന്റെ നിര്‍ദേശപ്രകാരമാണ് പണിപ്പുര പൊളിച്ചുമാറ്റി അവിടെ ഒരു സ്വപ്‌നക്കൂട് സൃഷ്ടിക്കുന്നത്. 630 ചതുരശ്ര അടിയില്‍ അഞ്ച് ലക്ഷം രൂപ ചെലവിലാണ് അദ്ദേഹം ഈ സ്വപ്‌നക്കൂട് നിര്‍മിച്ചത്. മൂന്ന് മുറികളും അടുക്കളയും ചേര്‍ന്ന ഒരു കൊച്ചു കൂടാരമാണ് പിന്നീട് അദ്ദേഹത്തിന്റെ മനസ്സിലെ സ്വപ്നക്കൂടായി മാറിയത്. സിമന്റ്, കോണ്‍ക്രീറ്റ്, കല്ലുകള്‍ എന്നിവയൊന്നും ഉപയോഗിക്കാതെ തികച്ചും പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലാണ് നിര്‍മാണം. ടിന്‍ ഷീറ്റും ജി ഐ പൈപ്പും ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് പണിതീര്‍ത്തിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് പുരുഷോത്തമനും സുഹൃത്ത് ഷാഹിദും ചേര്‍ന്ന് ഈ സ്വപ്‌നക്കൂട് പണിതുയര്‍ത്തിയത്.

കൃഷിയിലേക്ക്…
വിവിധ കൃഷിയിനങ്ങള്‍ കൊണ്ട് പുരുഷോത്തമന്‍ ഈ ഒന്നേക്കാലേക്കര്‍ സമ്പന്നമാക്കിയിരിക്കുകയാണ്. മുന്തിരി, പപ്പായ, പേരക്ക, മാങ്ങ, റമ്പൂട്ടാന്‍, അത്തിപ്പഴം, പ്ലംസ്, ആപ്പിള്‍, പെയേഴ്‌സ്, സപ്പോട്ട, കുടംപുളി, പാഷന്‍ ഫ്രൂട്ട്, സീതാപഴം തുടങ്ങിയ 250 ലധികം വ്യത്യസ്ത ഇനങ്ങള്‍ കൊണ്ട് ഒരു ഹരിത സാമ്രാജ്യമാണ് പുരുഷോത്തമന്‍ ഒരുക്കിയിരുക്കുന്നത്.

തൃശ്ശൂര്‍ മണ്ണൂത്തി, വയനാട്, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായി കൃഷി വിത്തുകളും തൈകള്‍ വാങ്ങുന്നത്. കൂടാതെ തായ്‌ലാന്‍ഡിന്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ കൃഷിയിനങ്ങളും പുരുഷോത്തമന്റെ തോട്ടത്തെ വ്യത്യസ്തമാക്കുന്നു. 500 രൂപ മുതല്‍ 1500 രൂപ വരെ വില കൊടുത്താണ് ഒരോ വിത്തുകളും വാങ്ങുന്നത്. യാതൊരു കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളം ഉപയോഗിച്ചുകൊണ്ടാണ് കൃഷി നടത്തുന്നത്. അതുകൊണ്ട് തന്നെ പോഷക ഗുണങ്ങള്‍ അടങ്ങിയ വിഷാംശവുമില്ലാത്ത സാധനങ്ങളാണ് തന്റെ തോട്ടത്തിലുള്ളതെന്ന് പുരുഷോത്തമന്‍ അവകാശപ്പെടുന്നു. ചാണകം ഉപയോഗിച്ചു ഉണ്ടാക്കുന്ന ജീവാമൃതം എന്ന വളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

കൃഷിക്ക് പുറമേ പന്തീരാങ്കാവില്‍ ബേക്കറിയും നടത്തുന്നുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പുരുഷോത്തമന്‍ പറയുന്നു. പുരുഷോത്തമന്റെ ഈ ഹരിത വിസ്മയം കാണാന്‍ ദിനംപ്രതി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.

കോഴിക്കോട്