Connect with us

Editorial

നികുതിയിളവ് വിലയില്‍ അനുഭവപ്പെടണം

Published

|

Last Updated

കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ ചേര്‍ന്ന 23-ാമത് ജി എസ് ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ പൊതുജനത്തിന് ഏറെ ആശ്വാസകരമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതുവരെ 28 ശതമാനമായിരുന്ന 177 ഇനം വസ്തുക്കളുടെ നികുതി 18 ശതമാനമാക്കി കുറക്കാനാണ് കൗണ്‍സിലിന്റെ പ്രധാന തീരുമാനം. ഇതനുസരിച്ച് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, കൈകൊണ്ട് നിര്‍മിക്കുന്ന ഫര്‍ണിച്ചര്‍, ഷാംപൂ, ഷേവിംഗ്ക്രീം, ചോക്ലേറ്റ്, ച്യൂയിംഗം,സൗന്ദര്യ വര്‍ധകവസ്തുക്കള്‍, സാനിറ്ററി ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് വില കുറയും. റസ്റ്റോറന്റുകളിലെ ഭക്ഷ്യസാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തിയിട്ടുണ്ട്. എ സി റസ്റ്റോറന്റുകളില്‍ 18 ശതമാനവും നോണ്‍ എ സി റസ്റ്റോറന്റുകളില്‍ 12 ശതമാനവുമായിരുന്ന നികുതി അഞ്ച് ശതമാനമായി കുറച്ചു. ഇതുവഴി ജി എസ് ടി വരുമാനത്തില്‍ 20,000 കോടി രൂപയുടെ നഷ്ടം വരുമെന്ന് പറയപ്പെടുന്നു.

ഒക്‌ടോബര്‍ ആദ്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും ജി എസ് ടിയുടെ നികുതി ഘടനയിലുള്‍പ്പെടെ ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ എന്ന നിലയില്‍ വര്‍ഷത്തില്‍ നാലുതവണ മാത്രം ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു അന്നത്തെ പ്രധാന തീരുമാനം. മാസം തോറും സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. 50,000 രൂപക്ക് വരെ സ്വര്‍ണം വാങ്ങുന്നതിന് നികുതിയില്‍ ഇളവ്, 50,000 രൂപ മുതല്‍ രണ്ട് ലക്ഷം വരെ പാന്‍ കാര്‍ഡില്ലാതെ സ്വര്‍ണം വാങ്ങാം. ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ മരുന്നുകളുടേതുള്‍പ്പെടെ ഏതാനും സാധനങ്ങളുടെ നികുതി 12ല്‍ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കല്‍ തുടങ്ങിയ തീരുമാനങ്ങളും അന്നത്തെ കൗണ്‍സില്‍ എടുത്തിരുന്നു.

മതിയായ ആലോചനകളും ചര്‍ച്ചകളും നടത്താതെ ധൃതി പിടിച്ചാണ് സര്‍ക്കാര്‍ ജി എസ് ടി പ്രഖ്യാപിച്ചതെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് അതിന്റെ ഘടനയിലും നികുതി പട്ടികയിലും ഇടക്കിടെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍. ജി എസ് ടി നടപ്പാക്കി നാല് മാസത്തിനിടെ തന്നെ നിരവധി പരാതികളാണ് ഇതു സംബന്ധിച്ചു കച്ചവടക്കാരില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നത്. സങ്കീര്‍ണമായ ഒരു നികുതി ഘടന ധൃതിപിടിച്ചു അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉടലെടുക്കാവുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി മനസ്സിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിനുണ്ടായ വീഴ്ചയാണ് ഇതിന് കാരണം. ഈ സംവിധാനത്തിലെ സങ്കീര്‍ണതകളുമായി പൊരുത്തപ്പെടാന്‍ ഭൂരിപക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇപ്പോഴും സാധിച്ചിട്ടില്ല. ഇതടിസ്ഥാനത്തിലാണ് അതിന്റെ ഘടനയില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന് ഒക്‌ടോബര്‍ 22ന് പി ടി ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ ആവശ്യപ്പെട്ടത്. തനിക്കതിനെ കുറിച്ചു ഇനിയും ഒന്നും മനസ്സിലായിട്ടില്ലെന്ന മധ്യപ്രദേശ് ബി ജെ പി മന്ത്രി ഓം പ്രകാശ് ധുര്‍വെജിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പോലും ഇക്കാര്യത്തില്‍ അജ്ഞരാണെന്നാണ് വിളിച്ചോതുന്നത്. പല ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും വ്യവസായികള്‍ക്കും ജി എസ് ടി എന്തെന്ന് അറിയില്ലെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി.

സങ്കീര്‍ണ നികുതി ഘടനയില്‍ നിന്ന് ജനങ്ങളെ മോചിതരാക്കുന്നതാണ് പുതിയ നികുതി സമ്പ്രദായമെന്നാണ് ജൂണ്‍ മുപ്പതിന് അര്‍ധ രാത്രി ചേര്‍ന്ന പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നതെങ്കിലും ഇത് നികുതി ഘടനയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണുണ്ടായത്. ഒന്നോ രണ്ടോ നിരക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ് മറ്റു പല രാഷ്ട്രങ്ങളിലെയും ഏകനികുതി സംവിധാനം. ഇവിടെ അത് ആറ് നിരക്കു ഘടനകളായാണ് നടപ്പാക്കിയത്. വ്യാപാര സ്ഥാപനങ്ങളുടെ ബില്ലിംഗ് ജോലി വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഏഷ്യയിലെ ഏറ്റവും സങ്കീര്‍ണമായ നികുതി സംവിധാനമാണ് ഇന്ത്യയിലെ ജി എസ് ടി എന്നാണ് വ്യാപാര വൃത്തങ്ങള്‍ പറയുന്നത്. 2007 -08 കാലയളവില്‍ ലോകം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടപ്പോള്‍ പിടിച്ചുനിന്ന ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നത് ജി എസ് ടിയും നോട്ടുനിരോധവും നടപ്പാക്കുന്ന കാര്യത്തില്‍ കാണിച്ച ആലോചനക്കുറവും ധൃതിയുമാണെന്നാണ് വിലയിരുത്തല്‍.

ബി ജെ പിയുമായി അടുത്ത ബന്ധമുള്ള അഖിലേന്ത്യാ വ്യാപാരി കോണ്‍ഫഡറേഷന്‍ (സി എ ഐ ടി) വരെ ജി എസ് ടിയെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അവര്‍ സര്‍ക്കാറിനെ നേരിട്ട് കുറ്റപ്പെടുത്താതെ ജി എസ് ടി നെറ്റ്‌വര്‍ക്ക് സംവിധാനം വികസിപ്പിച്ച ഇന്‍ഫോസിസ് കമ്പനിയെയാണ് പ്രത്യക്ഷത്തില്‍ കുറ്റപ്പെടുത്തുന്നതെന്ന് മാത്രം. അതിനിടെ ജി എസ് ടി കൗണ്‍സില്‍ പല തവണ വരുത്തിയ നികുതി ഇളവിന്റെ ഗുണം പൊതുസമൂഹത്തിന് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. രണ്ട് മാസം മുമ്പ് നികുതിയിളവ് വരുത്തിയ പല മരുന്നുകളും പഴയ വിലക്ക് തന്നെയാണ് ഇപ്പോഴും വില്‍ക്കുന്നത്. നികുതി ഇളവ് ഉപഭോക്താവിന് നല്‍കാന്‍ കമ്പനികളും വ്യാപാരികളും തയ്യാറാകുന്നില്ല. ജി എസ് ടിയും അതിന്റെ ഗുണഫലങ്ങളും എന്തെന്ന് പൊതുസമൂഹത്തെ ബോധവാന്മാരാക്കാതെ നടപ്പാക്കിയതിന്റെ ദൂഷ്യഫലമാണിത്. കൗണ്‍സില്‍ പ്രഖ്യാപിക്കുന്ന നികുതിയിളവുകള്‍ യഥാസമയം സാധനങ്ങളുടെ വിലയില്‍ അനുഭവപ്പെടുന്നുണ്ടെന്നും ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നില്ലെന്നും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കേണ്ടതുണ്ട്. ം