ഇറാനും സഊദിയും തുറന്ന പോരിലേക്കോ?

ശിയാ രാഷ്ട്രീയത്തിന് താക്കീത് നല്‍കുകയാണ് ലബനാനിലെയും യമനിലെയും ഇടപെടലിലൂടെ സഊദി ചെയ്യുന്നതെന്ന് പറയാം. പരിവര്‍ത്തനത്തിന്റെ ഘട്ടത്തില്‍ രാജ്യത്തിനകത്ത് നിന്ന് ഉയരാനിടയുള്ള വിമത ശബ്ദത്തിനുള്ള താക്കീത് കൂടിയാണിത്. പെട്രോ സാമ്പത്തിക ശക്തി ക്ഷയിക്കുന്ന ഘട്ടത്തില്‍ ബദല്‍ വൈവിധ്യവത്കരണത്തിലേക്ക് നീങ്ങാതെ ഇറാനും സഊദിക്കുമൊന്നും രക്ഷയില്ല. സഊദി രാജകുമാരന്റെ വാക്കുകളില്‍ ഈ സാമ്പത്തിക ശാസ്ത്രമാണ് മുഴങ്ങുന്നത്. പാരമ്പര്യത്തിലേക്കുള്ള മടക്കമെന്ന് അദ്ദേഹം പറയുമ്പോള്‍ അത് ഒരു മത, രാഷ്ട്രീയ പ്രസ്താവനയെക്കാള്‍ സാമ്പത്തിക പ്രഖ്യാപനമാകുന്നത് അതുകൊണ്ടാണ്. ബന്ധവിച്ഛേദനത്തിന്റെയും സംഘര്‍ഷത്തിന്റെയും പുതിയ തിരമാലകളാണ് പിറക്കുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ് പാരമ്പര്യത്തിന്റെ പക്വതയിലേക്ക് സഞ്ചരിക്കാനാകുക? 'ഇസ്‌ലാമിക വിപ്ലവത്തി'ന് പിറകെ ആയത്തുല്ലാ ഖുമൈനി പ്രഖ്യാപിച്ചത് 'സുന്നിയും ശിയായുമില്ല, ഇസ്‌ലാം മാത്ര'മെന്നായിരുന്നല്ലോ. ആ പ്രഖ്യാപനത്തെ കുറിച്ച് ഇറാന്‍ ഇപ്പോള്‍ എന്ത് പറയുന്നു?    
Posted on: November 12, 2017 9:53 am | Last updated: November 11, 2017 at 11:24 pm
SHARE

സഊദി അറേബ്യ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ പരിഷ്‌കരണങ്ങളിലേക്കും ശുദ്ധീകരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടിക്രമങ്ങളിലേക്കും തുനിഞ്ഞിറങ്ങുകയാണ്. കാലത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങുന്നതിന്റെ ഭാഗമായോ ഭരണസാരഥ്യത്തിലെ തലമുറമാറ്റത്തിന്റെ പ്രതിഫലനമായോ സാമ്പത്തിക ബദല്‍ തേടുന്നതിന്റെ പ്രായോഗിക പാതയായോ ഒക്കെ ഈ മാറ്റത്തെ വിലയിരുത്താവുന്നതാണ്. വഹാബിസത്തിന്റെ ചോര പുരണ്ട ചരിത്രത്തെ ആ പ്രത്യയശാസ്ത്രത്തിന് രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഒരുക്കിയ രാജകുടുംബത്തിലെ പുതിയ തലമുറ തള്ളിപ്പറയുന്നു എന്ന നിലക്ക് യഥാര്‍ഥ മതവിശ്വാസികള്‍ക്കും ചരിത്ര ബോധമുള്ള മനുഷ്യസ്‌നേഹികള്‍ക്കും ആവേശകരമാണ് സഊദിയില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ അതിന്റെ മറുപുറത്തെ കുറിച്ച് വിശ്വാസികള്‍ തന്നെ ആശങ്കപ്പെടുന്നുമുണ്ട്. തീവ്ര മതചിന്തയില്‍ നിന്ന് മിതവാദ സമീപനത്തിലേക്കും കര്‍ക്കശ ഘടനയില്‍ നിന്ന് അയഞ്ഞ ഘടനയിലേക്കും രാജ്യം സഞ്ചരിക്കാന്‍ പോകുന്നുവെന്ന് പുതിയ നേതൃത്വം പറയുമ്പോള്‍ ഹറമൈനി സ്ഥിതിചെയ്യുന്ന സഊദി അതിന്റെ മതപരമായ ഉള്ളടക്കം ഉപേക്ഷിക്കുന്നുവെന്ന് കൂടി അര്‍ഥം വെക്കാവുന്നതാണ്. എല്ലാവര്‍ക്കുമെന്ന പോലെ എന്തിനും പ്രവേശനവും ഇടവും നല്‍കുന്ന ഉദാരവത്കൃത സാമൂഹിക ഘടനയാണോ വിഭാവനം ചെയ്യപ്പെടുന്നത്? അങ്ങനെയെങ്കില്‍ സലഫിസത്തെ പ്രതിയുള്ള സന്തോഷം അടുത്തമാത്രയില്‍ കെട്ടടങ്ങുക തന്നെ ചെയ്യും. മറ്റൊരു ദുബൈ ആകാന്‍ സഊദിക്ക് സാധിക്കില്ല. സാധ്യമാകരുത്.

ഈ സാഹചര്യത്തില്‍ ശിയാ രാഷ്ട്രീയം അതിന്റെ തന്ത്രങ്ങളെ കൂടുതല്‍ രാകിമിനുക്കുന്നുമുണ്ട്. ചരിത്രത്തിലുടനീളം ബന്ധവിച്ഛേദനത്തിന്റെയും ശത്രുതാപരമായ സമീനങ്ങളുടെയും ഏറ്റിറക്കങ്ങളിലൂടെ കടന്ന് പോയ രാജ്യങ്ങളാണ് സഊദിയും ഇറാനും. 1979ന് ശേഷം നിരവധിയിടങ്ങളില്‍ ഈ രാജ്യങ്ങള്‍ നിഴല്‍ യുദ്ധത്തിലേര്‍പ്പെടുന്നു. മേഖലയില്‍ പൊട്ടിപ്പുറപ്പെടുന്ന ഏത് അശാന്തിയിലും ഇവരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യമുണ്ട്. സത്യത്തില്‍, അങ്ങനെയുണ്ടായിരിക്കണമെന്ന സാമ്രാജ്യത്വ തീര്‍പ്പ് നടപ്പാകുകയാണ് ചെയ്യാറുള്ളത്. അതോടെ, ശിയാ- സുന്നീ സംഘര്‍ഷമായി ഈ അധികാര സംസ്ഥാപന ശ്രമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പാശ്ചാത്യര്‍ക്ക് എളുപ്പം സാധിക്കുന്നു. ഒരു ഭാഗത്ത് സഊദി ആന്തരികമായി മാറാന്‍ തയ്യാറെടുക്കുമ്പോള്‍ പുറത്ത് ഇറാനുമായുള്ള ബന്ധം കൂടുതല്‍ വഷളാകുകയും പുതിയ സംഘര്‍ഷ മേഖലകള്‍ തുറക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്. ഖത്വര്‍- സഊദി ഭിന്നത ഇപ്പോഴും പരിഹരിക്കാതെ കിടക്കുകയാണ്. അത് ഏല്‍പ്പിച്ച ആഘാതത്തിന് ശമനമായിട്ടില്ല. ഈ സാഹചര്യത്തില്‍ മേഖലയില്‍ അശാന്തി പടരുന്നതിനെ എല്ലാവരും തോല്‍ക്കുന്ന പോരെന്നേ വിളിക്കാനാകൂ.

‘സാംസ്‌കാരിക, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി രാജ്യം പരമ്പരാഗതമായ ഇസ്‌ലാമികതയിലേക്ക് തിരിച്ചുപോകുമെ’ന്നാണ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയത്. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയായിരുന്നു രാജകുമാരന്‍ സംവാദത്തിന്റെ പെട്ടി തുറന്നത്. ലോകരാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കുന്നതിന് തീവ്രചിന്താഗതികള്‍ ഇല്ലാതാക്കുമെന്നും രാജകുമാരന്‍ വ്യക്തമാക്കി. ‘രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരാണ്. എല്ലാ ആത്മാര്‍ഥതയോടും കൂടി പറയുകയാണ്, കഴിഞ്ഞ 30 വര്‍ഷത്തെ തീവ്ര ആശയങ്ങളുമായി ഇനി രാജ്യം മുന്നോട്ടുപോകില്ല. ഇന്നുതന്നെ എത്രയും പെട്ടെന്ന് അവ തകര്‍ത്തുകളയുകയാണ്’- അദ്ദേഹം പറഞ്ഞു. 1979ന് മുമ്പ് സഊദി അറേബ്യയും രാജ്യം ഉള്‍പ്പെടുന്ന മേഖലയും ഇങ്ങനെയായിരുന്നില്ല. നവോത്ഥാനം നടന്ന ആ വര്‍ഷത്തിന് മുമ്പുള്ള രാജ്യത്തിന്റെ കാലത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. എല്ലാ മതങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ജനതക്കും പ്രാപ്യമായ പക്വമായ ഇസ്‌ലാമികതയാണ് ലക്ഷ്യം. തീവ്രവാദത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യം തച്ചുടക്കുമെന്നും സല്‍മാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

1979ല്‍ ഇറാനിലുണ്ടായ, ഇസ്‌ലാമികവിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റം മുസ്‌ലിം ലോകത്തിന് അവഗണിക്കാനാകാത്ത ഒന്നു തന്നെയാണെന്ന് രാജകുമാരന്‍ ആത്മാര്‍ഥമായി സമ്മതിക്കുന്നുണ്ട്. ചരിത്രത്തിലെ വഹാബി ശേഷിപ്പുകളെ അന്നേ കുടഞ്ഞ് കളയാതെ കൂടുതല്‍ തീവ്രമായ നിലപാടിലേക്ക് രാജ്യം സഞ്ചരിച്ചതിന്റെ കാരണമായി അദ്ദേഹം 1979നെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നും വ്യാഖ്യാനിക്കാം. സഊദിയിലെ ശിയാ വിഭാഗം അല്‍ ഹസ പ്രവിശ്യയില്‍ ശക്തമായ പ്രക്ഷോഭം നടത്തിയ വര്‍ഷം കൂടിയാണിത്. തീവ്ര വഹാബി ആശയങ്ങളിലേക്ക് കൂടുതല്‍ ശക്തമായി സഞ്ചരിച്ചു കൊണ്ടാണ് സഊദി ഇതിനോട് പ്രതികരിച്ചത്. ഈ നില മാറുമെന്നും പാരമ്പര്യ, മിതവാദ സമീപനങ്ങളിലേക്ക് മടങ്ങുമെന്നുമാണ് സഊദി കിരീടാവകാശിയുടെ പുതിയ പ്രഖ്യാപനത്തിന്റെ അന്തസ്സത്ത. ‘ഞങ്ങള്‍ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ മതവും പാരമ്പര്യവും സഹിഷ്ണുതയില്‍ ഊന്നിയുള്ളതാണ്. അങ്ങനെയാണ് ലോകരാജ്യങ്ങളുമായി സഊദി സഹവര്‍ത്തിത്വം ഉണ്ടാക്കിയതും ലോകപുരോഗതിയുടെ ഭാഗമായിത്തീര്‍ന്നതും’- സല്‍മാന്‍ രാജകുമാരന്‍ ഓര്‍മിപ്പിക്കുന്നു. പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കിനെ ഉദ്‌ഘോഷിക്കുക വഴി രാജകുമാരന്‍ യഥാര്‍ഥ ചരിത്ര ബോധത്തിലേക്ക് ഉണര്‍ന്നിരിക്കുകയാണ്. പാരമ്പര്യ നിരാസത്തിന്റെ വഹാബി പരികല്‍പ്പനകളെ അദ്ദേഹം തള്ളിക്കളയുന്നു. ഏറ്റുമുട്ടലിന്റെ ചരിത്രത്തെ തള്ളിപ്പറഞ്ഞ് അനുരഞ്ജനത്തിന്റെ വഴി തേടുകയും ചെയ്യുന്നു. ഈ പ്രസ്താവനക്ക് പിറകേ തീവ്ര ചിന്താഗതിക്കാരായ നിരവധി നേതാക്കള്‍ക്കെതിരെ നിയമ നനടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘര്‍ഷ വിരാമത്തിന്റെ വാതിലുകള്‍ തുറന്നിടുകയായിരുന്നു രാജകുമാരന്‍.

പക്ഷേ, ഈ പ്രസ്താവനയെ അപ്പാടെ റദ്ദാക്കി രണ്ട് പോര്‍മുഖങ്ങള്‍ ഒരുമിച്ച് തുറക്കുന്ന സഊദിയെയാണ് വരും ദിവസങ്ങളില്‍ ലോകം കണ്ടത്. യമനിലെ ഹൂതികള്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുവെന്ന ആരോപണം സഊദി കുറേക്കൂടി ഉച്ചത്തില്‍ മുഴക്കി. ഇറാന്റെ ഇടപെടല്‍ തങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായാണ് സഊദി കാണുന്നത്. മേഖലയിലെ ദരിദ്ര ഭൂവിഭാഗമായ യമനെ സമ്പൂര്‍ണമായ അരാജകത്വത്തിലേക്ക് തള്ളിവിട്ട സംഭവപരമ്പരകള്‍ വിലയിരുത്തിയാല്‍ ഇറാന്റെ കൈകള്‍ കാണാന്‍ സാധിക്കുമെന്നത് വസ്തുതയാണ്. അതാകട്ടെ മേഖലയിലെ ഏത് തര്‍ക്കത്തെയും തങ്ങളുടെ സ്വാധീന സ്ഥാപനത്തിനുള്ള ഉപാധിയായി ഇറാന്‍ ഏറ്റെടുക്കുന്നത് കൊണ്ട് ഉണ്ടായതുമാണ്. അറബ് വസന്തമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരയിലാണ് യമനിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ വേരുകള്‍. അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സലാഹിനെ പുറത്താക്കാന്‍ തെരുവില്‍ നടന്ന പ്രക്ഷോഭം തുടക്കത്തില്‍ ജനകീയവും എല്ലാ വിഭാഗത്തിന്റെയും പ്രതിനിധാനം അവകാശപ്പെടാവുന്നതുമായിരുന്നു. എന്നാല്‍ ഒരു ഘട്ടം പിന്നിട്ടതോടെ അതിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞ് കയറി. യസീദി ശിയാ ആയ അലി അബ്ദുല്ലയെ പുറത്താക്കുകയെന്ന വംശീയ അജന്‍ഡയിലേക്ക് പ്രക്ഷോഭം കൂപ്പു കുത്തി. ഗത്യന്തരമില്ലാതെ അധികാരം വിട്ടൊഴിഞ്ഞ അദ്ദേഹം അന്നത്തെ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദിക്ക് പദവി കൈമാറി. ആ കൈമാറ്റത്തിന് തിരഞ്ഞെടുപ്പിലൂടെ സ്ഥിരീകരണം ഉണ്ടാക്കുമെന്നും അത്തരമൊരു നീക്കത്തിലൂടെ അലി അബ്ദുല്ല തിരികെ വരുമെന്നുമായിരുന്നു പിന്നീട് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഉണ്ടായത് മറ്റൊന്നാണ്. അലി അബ്ദുല്ല വംശീയ കാര്‍ഡ് തന്നെ കളിച്ചു. അദ്ദേഹം സൈന്യത്തെ നെടുകെ പിളര്‍ത്തി. ഈ പ്രശ്‌നങ്ങള്‍ക്ക് എത്രയോ മുമ്പ് തന്നെ യമനിലെ നിര്‍ണായക സൈനിക ശക്തിയായി വളര്‍ന്ന് കഴിഞ്ഞിരുന്ന ഹൂതി ശിയാക്കളെ ഇറക്കി ഭരണം പിടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ ചരടുകള്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും വഴുതുന്നതാണ് പിന്നെ കണ്ടത്. ഹൂതി തീവ്രവാദികള്‍ സന്‍ആ പിടിച്ചു. പുതിയ ഭരണകൂടം പ്രഖ്യാപിച്ചു. മന്‍സൂര്‍ ഹാദിയെ അവരോധിക്കുന്നതില്‍ സഊദിക്കും അമേരിക്കക്കും കൃത്യമായ പങ്കുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം സ്ഥാനഭ്രഷ്ടമാകുന്നത് തങ്ങളുടെ കൂടി പരാജയമാണെന്ന് അവര്‍ കണ്ടു. ഒപ്പം സഊദിയുടെ അതിര്‍ത്തികളിലേക്ക് അശാന്തി പടരുന്നതും അവരെ അസ്വസ്ഥമാക്കി. അങ്ങനെയാണ് ‘നിര്‍ണായകമായ കൊടുങ്കാറ്റി’ന് (സംയുക്ത സൈനിക നടപടി)അനുമതി നല്‍കുന്ന ഉത്തരവില്‍ സല്‍മാന്‍ രാജാവ് ഒപ്പുവെച്ചത്. സൈനിക നടപടി ഇന്നും തുടരുകയാണ്. ഖത്വര്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ കൂടുതല്‍ പ്രത്യക്ഷമായി യമനില്‍ ഇടപെടുന്നു. തങ്ങളുടെ അതിര്‍ത്തിക്ക് തൊട്ടടുത്ത് ശിയാ രാഷ്ട്രീയം മേല്‍ക്കൈ നേടുന്നത് സഊദിക്ക് സഹിക്കാനാകില്ല. ജീവന്മരണ പോരാട്ടത്തിന്റെ നിലയിലേക്ക് സഊദി എടുത്തു ചാടുന്നത് അതുകൊണ്ടാണ്.

ലബനാനാണ് ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സംജാതമായിരിക്കുന്ന മറ്റൊരു രാജ്യം. ഇവിടെ നിന്ന് സ്വന്തം പൗരന്‍മാരെ പിന്‍വലിക്കുക വഴി സംഘര്‍ഷ സാധ്യതക്ക് അടിവരയിടുകയാണ് സഊദി ചെയ്തത്. ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി റിയാദില്‍ ചെന്ന് രാജിപ്രഖ്യാപിച്ചതാണ് പുതിയ പ്രതിസന്ധിയുടെ സത്വര കാരണമായത്. ശിയാ- സുന്നി സഖ്യ ഭരണസംവിധാനം നിലനില്‍ക്കുന്ന ലബനാനില്‍ ഇറാന്‍ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണമാണ് ഹരീരി ഉയര്‍ത്തുന്നത് എന്നതും രാജിപ്രഖ്യാപനം സഊദിയില്‍ നിന്നായി എന്നതും പ്രശ്‌നത്തിന്റെ പ്രഭവ കേന്ദ്രം റിയാദിലാണ് എന്നതിന് തെളിവായി നിരത്തപ്പെടുന്നു. സഅദ് ഹരീരിയുടെ രാജി ഇറാനും സഊദി അറേബ്യയും തമ്മിലുള്ള ബന്ധത്തിലും അതുവഴി ലബനാന്റെ രാഷ്ട്രീയ മേഖലയിലും വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഹരീരിയുടെ രാജി സ്വമേധയാ അല്ലെന്നും സഊദിയുടെ സ്വാധീന ഫലമാണെന്നും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ആരോപിക്കുന്നു. ഹസന്‍ നസ്‌റുല്ലയുടെ സ്വരം ഇറാന്റെതാണെന്നും ഹരീരിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ഇറാന്‍ – സഊദി വടംവലി തുടങ്ങിയിരിക്കുന്നുവെന്നുമാണ് വിലയിരുത്തല്‍. ഹൂതി വിഷയത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുമ്പോഴാണ് പുതിയ പ്രതിസന്ധി രൂപപ്പെടുന്നത്.

രാജി പ്രഖ്യാപനത്തിന്റെ തലേദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ഉപദേശകനെ ഹരീരി സന്ദര്‍ശിച്ചിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിന്റെ പിറ്റേന്ന് ഇറാനെതിരെ ആഞ്ഞടിച്ച് ഹരീരി രംഗത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് സഊദി വിമര്‍ശകരുടെ വാദം. എന്നാല്‍ ലബനാനില്‍ ഇറാന്റെ ഇടപെടലാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സഊദി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഹരീരിയുടെ പിന്‍ഗാമിയെ കണ്ടെത്തുക അങ്ങേയറ്റം ശ്രമകരമാണ്. ലബനീസ് ഭരണഘടനപ്രകാരം സുന്നി വിഭാഗത്തില്‍ നിന്ന് വേണം പ്രധാനമന്ത്രി. സഊദിയുടെ പിന്തുണയില്ലാതെ ഇത്തരമൊരാളെ കണ്ടെത്തുക എളുപ്പമാകില്ല. അപ്പോള്‍ ലബനാനിലെ രാഷ്ട്രീയ അസ്ഥിരതയില്‍ ഇറാനും സഊദിക്കും പങ്കാളിത്തമുണ്ട്. ഇറാന് അല്‍പ്പം കൂടിയ ഉത്തരവാദിത്വമുണ്ടെന്നാണ് തെളിയുന്നത്. കാരണമെന്തായാലും ഇറാനും സഊദിയും തമ്മില്‍ തുറന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് വിലയിരുത്തണം.

സഊദിയുമായി ഇറാന്‍ എക്കാലത്തും പരോക്ഷയുദ്ധത്തിലായിരുന്നു. 1979ലെ വിപ്ലവത്തിനും ഭരണ മാറ്റത്തിനും ശേഷം ഈ നിഴല്‍ യുദ്ധം രൂക്ഷമായി. വിപ്ലവത്തിന് തൊട്ടു മുമ്പ് സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ സഊദ് ഭരണകൂടത്തിനെതിരെ നടന്ന കലാപം ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ശത്രുതാപരമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ചരിത്രത്തില്‍ വേരുകളുള്ള മതപരമായ ഭിന്നതകളോ ആദര്‍ശപരമായ പ്രശ്‌നങ്ങളോ ആയിരുന്നില്ല സഊദിയെ ഇറാന്റെ ശത്രുവാക്കിയത്. അത് അധികാര സംരക്ഷണത്തിന്റെ മാത്രം ഭാഗമായിരുന്നു. തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന കലാപത്തെ സഊദി രാജാധികാരം ക്രൂരമായി അടിച്ചമര്‍ത്തി. കലാപത്തിലൂടെ അധികാരഘടനയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുകയായിരുന്നു ശിയാ സംഘം. സ്വാഭാവികമായും തിരിച്ചടി നേരിട്ടു. എന്നാല്‍ ഇറാന്‍ നേതൃത്വം ഇതിനെ ആദര്‍ശപരമായ സംഘട്ടനമായി ചിത്രീകരിക്കുകയാണ് ചെയ്തത്. അതാണ് ശിയാ രാഷ്ട്രീയത്തിന്റെ പ്രൊപ്പഗാണ്ട മിടുക്ക്. ‘ഇര ഭാവം’ എടുത്തണിയാന്‍ ഈ പ്രചാരണത്തിലൂടെ സാധിച്ചു. ഇറാനിലെ വിപ്ലവത്തിന് അത് ശക്തി പകര്‍ന്നു. 1987ല്‍ ഹജ്ജിനിടെ പ്രകടനം നടത്തി ശിയാക്കള്‍ ഒരിക്കല്‍ കൂടി സഊദി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു. വെടിയുണ്ടകള്‍ക്ക് മുന്നില്‍ ഒടുങ്ങാനായിരുന്നു വിധി. തുടര്‍ന്ന് ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും സഊദി വിച്ഛേദിച്ചു. ഇറാനിലെ സഊദി, കുവൈത്ത്, ഫ്രഞ്ച് എംബസികള്‍ തകര്‍ക്കപ്പെട്ടു. സഊദിയിലെ ശിയാ സമൂഹത്തെ മേഖലയിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും സാന്നിധ്യമറിയിക്കാനും ഇറാന്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തി ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറ് അടക്കം 47 പേരെ വധശിക്ഷക്ക് വിധേയരാക്കിയ സഊദി കഴിഞ്ഞ വര്‍ഷം കനത്ത പ്രഹരം നല്‍കി ഇറാന്. പതിവു പോലെ ഇറാനിലെ ക്ഷുഭിത യൗവനം സഊദി എംബസി അടിച്ചു തകര്‍ത്തു. ഒരിക്കല്‍ കൂടി ബന്ധവിച്ഛേദനം. യമനില്‍ ഹൂതികളെ ഇളക്കിവിട്ടാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. സഊദി -യമന്‍ അതിര്‍ത്തി ഇപ്പോള്‍ അശാന്തമാണ്. പൊതുവെ ദരിദ്രമായ യമന്‍ അസ്ഥിരതയുടെ അഗാധതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ശിയാ ഭൂരിപക്ഷ പ്രദേശമായ ബഹ്‌റൈനില്‍ കലാപമുണ്ടായപ്പോള്‍ രായ്ക്കുരാമാനം അടിച്ചമര്‍ത്തിയത് സഊദിയായിരുന്നു. ഇപ്പോഴത്തെ ജി സി സി- ഖത്വര്‍ പ്രതിസന്ധിയിലും ഇറാന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നു. ഉപരോധം മറികടക്കാന്‍ ഇറാന്റെ മണ്ണ് ഉപയോഗപ്പെടുത്തുക വഴി ഖത്വര്‍- ഇറാന്‍ അച്ചുതണ്ട് രൂപപ്പെടുകയാണ്.

ഇറാനുമായി ഒബാമ ഭരണകൂടം ആണവ കരാറുണ്ടാക്കിയപ്പോള്‍ സഊദിയാണ് ശക്തമായി എതിര്‍ത്തത്. എന്നാല്‍ സഖ്യ രാജ്യമായിട്ടും സഊദിയുടെ വാക്കുകള്‍ അമേരിക്ക കണക്കിലെടുത്തില്ല. വംശീയതയിലെ കരുക്കള്‍ മാറ്റി പരീക്ഷിക്കുകയായിരുന്നു അമേരിക്ക. ഇതോടെ എവിടെയൊക്കെ ഇറാന് താത്പര്യങ്ങളുണ്ടോ അവിടെയൊക്കെ എതിര്‍ ചേരിയില്‍ കളിക്കാന്‍ സഊദി തീരുമാനിച്ചു. ശിയാ രാഷ്ട്രീയത്തിന് താക്കീത് നല്‍കുകയാണ് ലബനാനിലെയും യമനിലെയും ഇടപെടലിലൂടെ സഊദി ചെയ്യുന്നതെന്ന് പറയാം. പരിവര്‍ത്തനത്തിന്റെ ഘട്ടത്തില്‍ രാജ്യത്തിനകത്ത് നിന്ന് ഉയരാനിടയുള്ള വിമത ശബ്ദത്തിനുള്ള താക്കീത് കൂടിയാണിത്.

പെട്രോ സാമ്പത്തിക ശക്തി ക്ഷയിക്കുന്ന ഘട്ടത്തില്‍ ബദല്‍ വൈവിധ്യവത്കരണത്തിലേക്ക് നീങ്ങാതെ ഇറാനും സഊദിക്കുമൊന്നും രക്ഷയില്ല. സഊദി രാജകുമാരന്റെ വാക്കുകളില്‍ ഈ സാമ്പത്തിക ശാസ്ത്രമാണ് മുഴങ്ങുന്നത്. പാരമ്പര്യത്തിലേക്കുള്ള മടക്കമെന്ന് അദ്ദേഹം പറയുമ്പോള്‍ അത് ഒരു മത, രാഷ്ട്രീയ പ്രസ്താവനയെക്കാള്‍ സാമ്പത്തിക പ്രഖ്യാപനമാകുന്നത് അതുകൊണ്ടാണ്.

ബന്ധവിച്ഛേദനത്തിന്റെയും സംഘര്‍ഷത്തിന്റെയും പുതിയ തിരമാലകളാണ് പിറക്കുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ് പാരമ്പര്യത്തിന്റെ പക്വതയിലേക്ക് സഞ്ചരിക്കാനാകുക? ‘ഇസ്‌ലാമിക വിപ്ലവത്തി’ന് പിറകെ ആയത്തുല്ലാ ഖുമൈനി പ്രഖ്യാപിച്ചത് ‘സുന്നിയും ശിയായുമില്ല, ഇസ്‌ലാം മാത്ര’മെന്നായിരുന്നല്ലോ. ആ പ്രഖ്യാപനത്തെ കുറിച്ച് ഇറാന്‍ ഇപ്പോള്‍ എന്ത് പറയുന്നു?

 

LEAVE A REPLY

Please enter your comment!
Please enter your name here