സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാന്‍ അനങ്ങനടി ഒരുങ്ങുന്നു

ചെര്‍പ്പുളശ്ശേരി
Posted on: November 11, 2017 11:01 pm | Last updated: November 11, 2017 at 10:00 pm
സാഹസിക ടൂറിസം പദ്ധതി പ്രദേശങ്ങളിലൊന്നായ അനങ്ങന്‍മല

കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളിലൊന്നായ അനങ്ങനടി പഞ്ചായത്ത് സമഗ്ര പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നല്‍കുന്നു.

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതോടെ അതിജീവനം അനങ്ങനടി മോഡല്‍ സംസ്ഥാനത്തിന് മാതൃകയാകും വേനല്‍ കനക്കുന്നതോടെ കുടിവെള്ളത്തിന് ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന പഞ്ചായത്താണിത്. കിണര്‍ ആഴം കൂട്ടിയാലും വെള്ളം കിട്ടാത്ത അവസ്ഥ പലരും വേനല്‍ തുടങ്ങുന്നതോടെ വീടൊഴിഞ്ഞു പോകും .

കാട്ടുമൃഗങ്ങളും പക്ഷികളും കുടിവെള്ളമില്ലാതെ നാട്ടിലേക്ക് ഇറങ്ങി അവശേഷിക്കുന്ന കൃഷിയും നശിപ്പിക്കുന്നു. എന്നാല്‍ ഇവയെല്ലാം പരിസ്ഥിതിക്ക ഒരു കോട്ടവും തട്ടത്ത രീതിയില്‍ പ്രതിരോധിക്കാനാകുമെന്നു പഞ്ചായത്ത് കണ്ടെത്തി.

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. പ്രകൃതി സംരക്ഷണമാണ് ആദ്യപടി പ്രകൃതി സംരക്ഷണത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനാകുമെന്നും പഞ്ചായത്ത് കണ്ടെത്തിയതായി പ്രസിഡന്റ് എന്‍ ആര്‍ രഞ്ജിത്ത് പറയുന്നു. ഇതോടെ അനങ്ങനടി കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായി മാറും. മാത്രമല്ല പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഇതിനായി അനര്‍ട്ട് മായി സോളാര്‍ പാനല്‍ സ്ഥാപിക്കുകയുമാണ് ലക്ഷ്യം.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 100 ശതമാനം സൗരോര്‍ജ്ജം ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കും. കൂടാതെ പഞ്ചായത്തില്‍ ലഭ്യമായ സ്ഥലത്ത് കാറ്റാടി പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കും. അനങ്ങന്‍മല ഇതിനായി ഉപയോഗ യോഗ്യമാക്കും. പഞ്ചായത്തിനു വേണ്ട പദ്ധതിക്ക് പുറമേ കെഎസ്ഇബിക്കു വില്‍പന നടത്താനുമാവും.

പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ശാശ്വതമായിപരിഹരിക്കുകയാണ് മറ്റൊരു പദ്ധതി ഇതിനായി അനങ്ങന്‍ മലയുടെ മുകളില്‍ കണ്ടം പാടി തുടങ്ങിയ സ്ഥലങ്ങളില്‍ തുറന്ന് ജലാശയങ്ങള്‍ നിര്‍മിക്കും അനങ്ങന്‍ മലയുടെ ഉച്ചിയില്‍ നിന്ന് വരുന്ന വെള്ളം സംഭരിക്കാന്‍ വിശാലമായ ജലാശയങ്ങള്‍ക്ക് ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. അതു വാങ്ങാനും ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ജലാശയങ്ങളുടെ പുറംവശം കരിങ്കല്ലുകള്‍ കൊണ്ട് ബലപ്പെടുത്തും. ഉള്‍വശത്ത് കയര്‍ ഭൂവസ്ത്രം ഉള്‍പ്പെടെയുള്ള ജൈവ മണ്ണ് നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കും. ജലാശയങ്ങളില്‍ സ്ഥാപിക്കുന്ന മോട്ടോര്‍ വഴി കാട്ടുതീ തടയാനും വേനലിന്റെ തീവ്രത കുറയ്ക്കാനും ട്രിപ്പ് ഇറിഗേഷന്‍ ഹോസ് ഇറിഗേഷന്‍ സ്ട്രീറ്റ് ഫൗണ്ടേഷന്‍ സിസ്റ്റം എന്നിവ നടപ്പാക്കും.

അവസാനത്തെ രണ്ടു രീതികള്‍ വിനോദസഞ്ചാരികള്‍ക്കു കൂടി ആകര്‍ഷകമാകും തൊഴിലുറപ്പുപദ്ധതി ഉപയോഗിച്ച് ജലാശയങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മലമുകളില്‍ തന്നെ ലഭ്യമാക്കാനും നടപടിയായി. ഇതിനായി 4000 ഫല വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കും.

മൃഗങ്ങള്‍ നാട്ടിലിറങ്ങി ശല്യം ഉണ്ടാകാതിരിക്കാന്‍ ജനവാസകേന്ദ്രങ്ങളില്‍ കമ്പിവേലി കള്‍ സ്ഥാപിക്കും
ടൂറിസം വികസനമാണ് മറ്റൊരു പദ്ധതി സാഹസിക ടൂറിസം ആണ് ഇതില്‍ പ്രധാനം അപകട രഹിതമായ രീതിയില്‍ മലക്ക് മുകളില്‍ വരുന്ന സാഹസികര്‍ക്ക് മല കയറുന്നതിനുള്ള അതിനൂതന സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി കരയാനംകുന്ന് മുതല്‍ അനങ്ങന്‍മല കണ്ടംപാടി വരെ റോപ് വേയും സ്ഥാപിക്കും. ഇതോടെ ജില്ലയിലെ സാഹസിക ടൂറിസ കേന്ദ്രങ്ങളില്‍ ഒന്നായി അനങ്ങമലയും മാറും തികച്ചും പരിസ്ഥിതി സൗഹൃദം ആയിട്ടായിരിക്കും പദ്ധതി നടപ്പാക്കുക ഹരിത പദ്ധതിയിലുള്‍പ്പെടുത്തി 25 കോടി ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.