അക്ഷരങ്ങളെ ഭയപ്പെടുന്നവര്‍ എഴുത്തുകാരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു: സാറാ ജോസഫ്

Posted on: November 11, 2017 8:15 pm | Last updated: November 11, 2017 at 8:15 pm
SHARE

ചരിത്രത്തില്‍ ഏകാധിപതികളും അധിനിവേശ ശക്തികളും വായനയേയും എഴുത്തിനെയും ഭയപ്പെടുകയും എഴുത്തിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് എഴുത്തുകാരി സാറാ ജോസഫ്. പുസ്തകോത്സവത്തില്‍ ആലാഹയുടെ പെണ്‍മക്കളും അപരകാന്തിയും എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ നവ കാലക്രമത്തില്‍ ഫാസിസ്റ്റ് ശക്തികളും ശ്രമിക്കുന്നത് വായനയേയും എഴുത്തിനെയും ഇല്ലായ്മ ചെയ്യാനാണ്. എങ്കിലേ അവരുടെ ആശയങ്ങള്‍ക്ക് ചിന്താരഹിതമായ സമൂഹത്തെ സൃഷ്ടിച്ച വേരോട്ടം നടത്താന്‍ കഴിയുകയുള്ളു. ഇന്ത്യയിലെ പുതിയ സാഹചര്യത്തിലെ അധിനിവേശ ചിന്തകള്‍ക്കെതിരെ എഴുത്തുകാര്‍ പ്രതികരിക്കുന്നുണ്ട്. സാഹിത്യ ലോകമാണ് ഏതു വിധത്തിലുള്ള അധിനിവേശ പ്രവണതകള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തുന്നതെന്ന് അവര്‍ പറഞ്ഞു.

മികച്ച ജീവിതാന്തരീക്ഷം സൃഷ്ടിക്കലല്ല ഉന്നത സംസ്‌കാരം. മികച്ച രീതിയില്‍ സമൂഹത്തെ ശുദ്ധീകരിക്കുന്ന സാഹിത്യത്തെ പ്രോത്സാഹിപ്പിക്കണം. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ സാഹിത്യത്തില്‍ പ്രാവീണ്യം നേടണം. എങ്കിലേ അപരന്റെ വേദനയും ഇല്ലായ്മയും തൊട്ടറിയാനുള്ള മനസ് പുതു തലമുറക്കുണ്ടാകു. സാഹിത്യത്തെയും അക്ഷരങ്ങളെയും നെഞ്ചേറ്റുന്നതിന് ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്ട്ര പുസ്തക മേള സാഹിത്യ ഔന്നിത്യമാണ്. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളാണ് ഭരണാധികാരികള്‍ ഒരു ജനതക്ക് ഒരുക്കാവുന്ന ഏറ്റവും വലിയ ഉന്നത സംസ്‌കൃതിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

എവിടെയൊക്കെ തെറ്റായ ദിശയിലുള്ള സാഹിത്യം വളരുന്നുണ്ടോ അവിടെ ഫാസിസത്തിന് വളക്കൂറുള്ളിടമായി മാറും. അതിനാല്‍ നാം ഓരോരുത്തരും ഫാസിസത്തെ വളരാന്‍ ഒരു തരത്തില്‍ കൂട്ട് നില്‍ക്കുന്നുണ്ട്. എന്ത് വായിക്കണമെന്ന് ചിന്തിക്കേണ്ടത് നമ്മളാണ്. പക്ഷെ നല്ലത് വായിക്കാനുള്ള തിരഞ്ഞെടുപ്പില്‍ തന്നെ ഫാസിസത്തെ ചെറുക്കുവാനുള്ള കവാടങ്ങളാണ് നാം തുറക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

നാട്ടിന്‍ പുറത്തെ ഭാഷയാണ് എന്റെ എഴുത്തുകളെ സ്വാധീനിച്ചിട്ടുള്ളത്. എഴുത്തില്‍ യഥാര്‍ഥ്യങ്ങള്‍ നില നിര്‍ത്താന്‍ പ്രാദേശിക ഭാഷാ ശൈലി തന്റെ എഴുത്തില്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. ഭാഷാ രീതികളിലെ വൈവിധ്യങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത. അതിനാല്‍ എന്റെ ജന്മ നാടിന്റെ ഭാഷ എഴുത്തില്‍ കൊണ്ട് വരാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജീവിതത്തെ അടയാളപ്പെടുത്താന്‍ ഭാഷയാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ഒരാളുടെ ജീവനെ കവര്‍ന്നെടുക്കാനും ഇല്ലായ്മ ചെയ്യാനും സാധിക്കും. പക്ഷെ അവര്‍ ഉയര്‍ത്തിവിടുന്ന ഭാഷയെ നശിപ്പിക്കാന്‍ കഴിയുകയില്ല എന്നത് തന്നെയാണ് ഭാഷകളുടെ സവിശേഷതയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസന്‍ സംബന്ധിച്ചിരുന്നു. മച്ചിങ്ങല്‍ രാധാ കൃഷ്ണന്‍ മോഡറേറ്ററായി.

LEAVE A REPLY

Please enter your comment!
Please enter your name here