Connect with us

National

ഡൽഹിയിൽ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം നടപ്പാക്കില്ലെന്ന് എഎപി സർക്കാർ

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒറ്റ – ഇരട്ടയക്ക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിയന്ത്രണം നടപ്പാക്കുമ്പോള്‍ എമര്‍ജന്‍സി വാഹനങ്ങള്‍ ഒഴികെ ആര്‍ക്കും ഇളവ് നലകാനാകില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി വന്നതിന് പിന്നാലെയാണ് നിയന്ത്രണം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ട്രിബ്യൂണല്‍ വിധിക്ക് പിന്നാലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്.

ഒറ്റ – ഇരട്ടയക്ക വാഹന ഗതാഗത നിയന്ത്രണം കര്‍ശനമായി പാലിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണത്തില്‍ ഇത്തവണ ഇളവ് നല്‍കേണ്ടതില്ലെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഇരുചക്ര വാഹനങ്ങളും നിയന്ത്രണത്തിന്റെ പരിധിയില്‍ വരുമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും അവര്‍ക്ക് ഇളവ് അനുവദിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഗതാഗത മന്ത്രി കൈലാശ് ഗെഹലോട്ട് പറഞ്ഞു. ഡല്‍ഹിയില്‍ അന്തരിക്ഷ മലിനീകരണത്തിന്റെ തോത് താഴാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest