നിലപാട് കടുപ്പിച്ച് സിപിഎം; തോമസ് ചാണ്ടി പുറത്തേക്ക്

Posted on: November 11, 2017 1:24 pm | Last updated: November 11, 2017 at 8:48 pm

തിരുവനന്തപുരം: കായല്‍ കൈയേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെച്ചേക്കുമെന്ന് സൂചന. മന്ത്രി എന്‍സിപി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. അപമാനഭാരം പേറി മന്ത്രിയായി തുടരാനില്ലെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കരുതെന്നും പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്നുമാണ് സിപിഎം സംസ്ഥാന സമിതി വിലയിരുത്തല്‍. സംസ്ഥാനസമിതിയില്‍ സംസാരിച്ച ആരും  ചാണ്ടിയെ തുണച്ചില്ല.

കൈയേറ്റം സംബന്ധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്ന് എ ജി സര്‍ക്കാറിന് നിയമോപദേശം നല്‍കിയതോടെയാണ്  ചാണ്ടിയുടെ മേല്‍ കുരുക്ക് മുറുക്കിയത്.
കോടതിവിധിവരെ കാത്തിരിക്കണമോ എന്ന് തീരുമാനിക്കേണ്ടതും തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടതും സര്‍ക്കാറാണെന്ന് എ ജി വ്യക്തമാക്കിയിരുന്നു.
തോമസ് ചാണ്ടിക്കെതിരായ നിയമോപദേശത്തില്‍ സര്‍ക്കാര്‍ യുക്തമായ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. സിപിഐ നിലപാട് നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പറയുമെന്നും എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലൂടെ വിളിച്ചു പറയാനാകില്ലെന്നും കാനം വ്യക്തമാക്കി.

എ ജിയുടെ നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് നിന്നുള്ള തോമസ് ചാണ്ടിയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് വിലയിരുത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു.

ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ച് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തിയിരുന്നു. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.