Connect with us

Kerala

നാട്ടിലിറങ്ങിയ കരടിയെ നാട്ടുകാര്‍ കുരുക്കി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വനഗ്രാമമായ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കരടി ഭീതി പരത്തി. തൊഴിലുറപ്പ് ജോലിക്ക് പോയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 32 അംഗ സംഘത്തിന് നേരെ പാഞ്ഞടുത്ത കരടിയെ നാട്ടുകാര്‍ കാപ്പി ഉണക്കുന്ന കളത്തിന്റെ ഗേറ്റ് അടച്ച് കുരുക്കിലാക്കി. നൂല്‍പ്പുഴ പഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ തെണ്ടന്‍കരയില്‍ ഇന്നലെ കാലത്ത് ഒമ്പത് മണിയോടെയാണ് തൊഴിലാളികള്‍ക്ക് നേരെ കരടിയുടെ ആക്രമണമുണ്ടായത്.

തെണ്ടന്‍കരയില്‍ മണ്‍തടയണ നിര്‍മാണജോലിക്ക്് പോകുമ്പോഴാണ് ചിറയുടെ സമീപം വെച്ച് തൊഴിലാളികള്‍ കരടിയെ കണ്ടത്. ഇത് തൊട്ടടുത്ത വനത്തിലേക്ക് കയറിപ്പോയി. ഏതാനും നിമിഷം കഴിഞ്ഞതോടെ മൂന്ന് കരടികള്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്തു. തൊഴിലാളികള്‍ ചിതറിയോടി. ബഹളമുണ്ടാക്കിയതോടെ രണ്ട് കരടികള്‍ വനത്തിലേക്ക് പിന്‍വാങ്ങി. ഒരു കരടി തൊഴിലാളിയായ ബൊമ്മനെ ആക്രമിക്കാന്‍ എത്തിയെങ്കിലും ബൊമ്മന്‍ ഓടി അടുത്തുള്ള അപ്പുമാഷിന്റെ കാപ്പികളത്തില്‍ കയറി. പിറകെ കരടിയും. കരടി കാപ്പിക്കളത്തില്‍ കയറിയതോടെ അവിടെയുണ്ടായിരുന്ന സുധാകരന്‍ ഓടി വന്ന് കളത്തിന്റെ ഗേറ്റ് അടച്ചതോടെ കരടി കളത്തിനുള്ളില്‍ അകപ്പെട്ടു.

കരടി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭയന്നോടിയ ശകുന്തള (35), കരിവള്ളത്ത് രാഘവന്‍ (50) , ഓണത്തി (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീണും ,ഓടിയപ്പോള്‍ കമ്പിവേലിയില്‍ തട്ടിയുമാണ് ഇവര്‍ക്ക് പരുക്കേറ്റത്. ആരുടെയും പരുക്ക് സാരമുള്ളതല്ല. കാപ്പിക്കളത്തിനകത്ത് അകപ്പെട്ട കരടിക്ക് രണ്ട് വയസ് പ്രായം വരും. വലത് കണ്ണിന് പരുക്കേറ്റിട്ടുണ്ട് .വൈകുന്നേരം നാലരയോടെ വനപാലകരെത്തി കരടിയെ മയക്കുവെടിവെച്ച് പിടികൂടി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. കരടിയെ വനത്തിലേക്ക് തന്നെ തിരികെ വിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ചെട്ട്യാലത്തൂരില്‍ തന്നെ കരടിയെ വിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

 

Latest