Connect with us

Gulf

ഇറാനെതിരെ തീവ്രവാദ ആരോപണവുമായി സഊദി

Published

|

Last Updated

റിയാദ്: ഇറാനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സഊദി അറേബ്യ. തീവ്രവാദ വിഷയത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ച് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറാണ് ഇറാനെതിരെ അന്താരാഷ്ട്ര ഉപരോധം ആവശ്യപ്പെട്ടത്. തീവ്രവാദത്തെ ഇറാന്‍ പിന്തുണക്കുന്നുണ്ടെന്നും തീവ്രവാദത്തെ സംഭാവന ചെയ്യുന്ന ലോകത്തെ ഒന്നാമത്തെ രാജ്യമാണ് ഇറാനെന്നും ആദ്ദേഹം ആരോപിച്ചു. അമേരിക്കന്‍ ടിവിയായ സി എന്‍ ബി സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജുബൈര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെതിരെ ഉപരോധം ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിച്ചാണ് സഊദിയും രംഗത്തെത്തിയത്.

ലബനാനിലെ ശിയ സായുധ സംഘമായ ഹിസ്ബുല്ലയുമായി ചേര്‍ന്ന് ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണം ഇറാന്‍ നടത്തുന്നുണ്ടെന്നും യു എന്‍ വ്യവസ്ഥ മറികടന്ന് ആണവപദ്ധതികളുമായി ഇറാന്‍ മുന്നോട്ടുപോകുകയാണെന്നും അദില്‍ ആരോപിച്ചു.

യമനിലെ ഹൂത്തി വിമതര്‍ക്ക് ഇറാനും ഹിസ്ബുല്ലയും നല്‍കുന്ന പിന്തുണയാണ് സഊദി അറേബ്യയുടെ പുതിയ നിലപാടിന് കാരണമായത്. റിയാദിലെ വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഹൂത്തികളാണെന്നും ഇവര്‍ക്ക് ആയുധം നല്‍കുന്നത് ഇറാനും ഹിസ്ബുല്ലയുമാണെന്നും സഊദി അറേബ്യ ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ചെങ്കിലും ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ ഇറാന്‍ ന്യായീകരിച്ചിട്ടുണ്ട്. യമനില്‍ സഊദി നടത്തുന്ന വ്യോമാക്രമണത്തിനുള്ള പ്രതിഷേധമാണിതെന്നാണ് ഇറാന്‍ പ്രസിഡന്റ് കഴഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഇറാനെതിരെ കടുത്ത നടപടിക്ക് നീങ്ങുന്ന അമേരിക്കക്ക് ഊര്‍ജ്ജം നല്‍കുന്ന നിലപാടാണ് സഊദി സ്വീകരിച്ചത്. ഇറാനെതിരെ സഊദി നടത്തിയ പരാമര്‍ശങ്ങളെ ഏറ്റുപിടിച്ച് ഈ വിഷയത്തില്‍ നടപടി വേണമെന്ന് യു എന്നിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചത് സഊദിയുടെ സമ്മര്‍ദത്തിന്റെ ഫലമാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ലബനാനും ഹിസ്ബുല്ലക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയും മന്ത്രി നല്‍കിയിട്ടുണ്ട്. ലബനാനിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ സഊദി അവിടുത്തെ പൗരന്മാരോട് ഉടന്‍ തിരിച്ചെത്താനും നിര്‍ദേശിച്ചിരുന്നു. സഊദിക്ക് പുറമെ കുവൈത്തും ലബനാനെതിരായ നടപടി ശക്തമാക്കിയിട്ടുണ്ട്.

Latest