പൈങ്കിളിയല്ല, അഴിമതിയാണ് കാര്യം

  പുറത്തുവന്ന റിപ്പോര്‍ട്ടില്‍ അഴിമതിയുടെ ഒരു ചെറിയ ഭാഗം മാത്രമായ ലൈംഗിക ചൂഷണവും ആസ്വാദനവും വലിയ വായില്‍ ചര്‍ച്ചയാകുമ്പോള്‍ ഭരണാധികാരികള്‍ അധികാരത്തിന്റെ മറവില്‍ നടത്തിയ സത്യപ്രതിജ്ഞാ ലംഘനവും പൊതുസംവിധാനങ്ങളെ ദുര്‍വിനിയോഗം ചെയ്തതും പണവും പാരിതോഷികങ്ങളും സ്വീകരിച്ചതുമുള്‍പ്പെടെയുള്ള കൊടിയ അപരാധങ്ങള്‍ മുങ്ങിപ്പോകുന്നു. അധികാര ദുര്‍വിനിയോഗവും അഴിമതിയും ലൈംഗിക അരാജകത്വവും സമാസമം ചേര്‍ന്ന സമാനതയില്ലാത്ത ഒരു അഴിമതി ലൈംഗിക ആസ്വാദനത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് ആശാസ്യമല്ല. ഒരു മുഖ്യമന്ത്രി മാത്രം ഒരു ബിസിനസ് തട്ടിപ്പുകാരില്‍ നിന്ന് 2.16 കോടി രൂപ അഴിമതിപ്പണം കൈപ്പറ്റിയെന്ന കണ്ടെത്തല്‍ ചെറിയ കാര്യമല്ല.
Posted on: November 11, 2017 6:36 am | Last updated: November 10, 2017 at 10:41 pm
SHARE

രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ പ്രബുദ്ധമെന്നും സാംസ്‌കാരികമായും ധാര്‍മികമായും മികച്ച നിലവാരം പുലര്‍ത്തുന്നതെന്നും സ്വയം അവകാശവാദമുന്നയിക്കുന്ന ഒരു സംസ്ഥാനത്തെ നേതാക്കളുടെ രാഷ്ട്രീയ ജീര്‍ണത തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടാണ് 135-ാം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടായി കഴിഞ്ഞ ദിവസം കേരള നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. അധികാരം ദുര്‍വിനിയോഗം ചെയ്യില്ലെന്ന് സത്യം ചെയ്തവരാണ് ഈ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായി നില്‍ക്കുന്നവരില്‍ വലിയൊരു വിഭാഗവുമെന്നത് ശ്രദ്ധേയമാണ്. ഭരണാധികാരികളുടെ അഴിമതിയും വെട്ടിപ്പും സര്‍വവ്യാപിയായ ഒരു പ്രതിഭാസമാണെങ്കിലും ഇതില്‍ നിന്നെല്ലാം സോളാര്‍ കേസിനെ വേറിട്ട് നിര്‍ത്തുന്നത് അഴിമതിയിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളും പണവും പാരിതോഷികങ്ങളും കൈപറ്റിയതോടൊപ്പം സമാനഅളവില്‍ ലൈംഗിക സുഖവും അനുഭവിച്ചിട്ടുണ്ടെന്നതാണ്.
അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടില്‍ അഴിമതിയുടെ ഒരു ചെറിയ ഭാഗം മാത്രമായ ലൈംഗിക ചൂഷണവും ആസ്വാദനവും വലിയ വായില്‍ ചര്‍ച്ചയാകുമ്പോള്‍ ഭരണാധികാരികള്‍ അധികാരത്തിന്റെ മറവില്‍ നടത്തിയ സത്യപ്രതിജ്ഞാ ലംഘനവും പൊതുസംവിധാനങ്ങളെ ദുര്‍വിനിയോഗം ചെയ്തതും പണവും പാരിതോഷികങ്ങളും സ്വീകരിച്ചതുമുള്‍പ്പെടെയുള്ള കൊടിയ അപരാധങ്ങള്‍ മുങ്ങിപ്പോകുന്നു. അധികാര ദുര്‍വിനിയോഗവും അഴിമതിയും ലൈംഗിക അരാജകത്വവും സമാസമം ചേര്‍ന്ന സമാനതയില്ലാത്ത ഒരു അഴിമതി ലൈംഗിക ആസ്വാദനത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് ആശാസ്യമല്ല. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി മാത്രം ഒരു ബിസിനസ് തട്ടിപ്പുകാരില്‍ നിന്ന് 2.16 കോടി രൂപ അഴിമതിപ്പണം കൈപറ്റിയെന്ന കണ്ടെത്തല്‍ ചെറിയ കാര്യമല്ല. എന്നാല്‍ ഇത് വേറെ ചില പദാവലിയുടെ നിഴലിലാകുന്ന കാഴ്ചയാണ് രണ്ടുദിവസമായി നാം കാണുന്നത്. ഔദ്യോഗിക വസതിയിലും ഡല്‍ഹിയിലെ ഇടനിലക്കാരന്‍ വഴിയും മറ്റും ഇത്രയും തുക കൈപറ്റുകയും തുടര്‍ന്ന് ഈ ബിസിനസുകാര്‍ക്ക് അനുകൂലമായി സംസ്ഥാനത്തിന്റെ ഊര്‍ജ നയത്തില്‍ വരെ മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇത് കൃത്യമായി അന്വേഷിക്കപ്പെടുകയും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം.

”മെഗാ സോളാര്‍ പ്രോജക്റ്റിന്റെ ആശയം ഡി പി ആര്‍ വഴി നല്‍കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദിനെ ബന്ധപ്പെടുകയും അവരുടെ പദ്ധതി തീര്‍പ്പാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകജാലക സംവിധാനത്തിലൂടെ അവരുടെ മെഗാ സോളാര്‍ പ്രോജക്ട് പബ്ലിക് പ്രൈവറ്റ് പ്രോജക്ട് ആയി പരിഗണിക്കാമെന്നും ഉറപ്പ് നല്‍കി. കിന്‍ഫ്രയുടെയോ കെ എസ് ഐ ഡി സിയുടെയോ ഭൂമി ലഭ്യമാക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഈ പദ്ധതിക്കായി പണം നിക്ഷേപിക്കുന്നവരെ നേരിട്ടുകാണാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമ്മതിച്ചു. ഇതിലെ പ്രധാനപ്പെട്ടയാളാണ് സോളാര്‍ കേസിലെ പ്രധാന പരാതിക്കാരനായ ശ്രീധരന്‍ നായര്‍ ” ഇങ്ങനെ പോകുന്നു ഭരണാധികാരികളുടെ അധികാര ദുര്‍വിനിയോഗം.

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസും പേഴ്‌സനല്‍ സ്റ്റാഫിലുള്ളവരും ഈ അഴിമതിക്ക് കൂട്ടുനിന്നുവെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. സരിതയെ അറിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം സരിത, ലക്ഷ്മി നായര്‍ ആകുന്ന കാലത്തേ അറിയാമെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിക്കാന്‍ പ്രധാനമായും മൂന്ന് തെളിവുകളാണ് റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായ തോമസ് കുരുവിളയുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും അനുബന്ധ തെളിവുകളും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി പി മാധവന്‍ സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ, സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണില്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ സരിതയുടെ ഡ്രൈവര്‍ വേണുഗോപാലുമായി സംസാരിക്കുന്നതിന്റെ ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ട് മൂന്നു തെളിവുകള്‍. ഒപ്പം സരിതയെ തനിക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന ആര്യാടന്‍ മുഹമ്മദിന്റെ പരാമര്‍ശവും ഉമ്മന്‍ന്‍ ചാണ്ടിക്ക് തിരിച്ചടിയായി.

റിപ്പോര്‍ട്ടിലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു പരാമര്‍ശം മന്ത്രിയായിരുന്ന ആര്യാടനെ കുറിച്ചായിരുന്നു. സോളാര്‍ പദ്ധതിക്ക് ഇലക്ട്രിസിറ്റിയിലെ കാലതാമസം ഒഴിവാക്കുന്നതിന് ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരന്‍ തോമസ് കുരുവിളയുടെ നിര്‍ദേശ പ്രകാരമാണ് സരിത ആര്യാടന്റെ മന്‍മോഹന്‍ ബംഗ്ലാവിലെത്തി 25 ലക്ഷം രൂപ കൈമാറിയത്. ഇതിനിടെ ഇവിടെ വെച്ച് ശാരീരിക ചൂഷണത്തിനിരയാക്കി. പിന്നീട് പല തവണ ഇത് ആവര്‍ത്തിച്ചപ്പോഴും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം തടസ്സപ്പെടേണ്ടെന്ന് കരുതി മന്ത്രിക്ക് വഴങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

മറ്റൊരു മന്ത്രി എ പി അനില്‍ കുമാര്‍ തന്റെ പി എ വഴി സരിതയില്‍ നിന്ന് ഏഴുലക്ഷം രൂപ കൈപറ്റി. പിന്നീട് ഔദ്യോഗിക വസതിയില്‍ വെച്ച് പല തവണ ബന്ധത്തിന് നിര്‍ബന്ധിക്കുകയും പിന്നീട് പി എക്കും കേന്ദ്രമന്ത്രിമാര്‍ക്കും മറ്റും കൂട്ടിക്കൊടുക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയായിരുന്ന കെ സി വേണുഗോപാല്‍ സരിതയെ പല തവണ ശാരീരികമായി ചൂഷണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അശ്ലീല സന്ദേശമയക്കുകയും ഫോണ്‍ സെക്‌സിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഡിജിറ്റല്‍ രേഖയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെച്ചിട്ടുണ്ട്. മന്ത്രി വേണുഗോപാലിന് സരിതയെ കാഴ്ചവെച്ചത് മന്ത്രി അനില്‍കുമാറും പി എയുമാണത്രേ. അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍ എന്നാണ് മന്ത്രിയെ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. അനില്‍കുമാറും വേണുഗോപാലും ഔദ്യോഗിക വസതിയായ റോസ് ഹൗസിലും ഹോട്ടല്‍ ലേ മെരിഡിയനിലും വെച്ച് പല തവണ ശാരീരിക ബന്ധത്തിലേര്‍ട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജോസ് കെ മാണി പൊതു ടോയ്‌ലറ്റില്‍ വെച്ച് കൂടെപ്പോരാന്‍ ആവശ്യപ്പെടുകയും പിന്നീട് പ്രോജക്ടിന്റെ ആവശ്യത്തിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഇങ്ങനെ പോകുന്ന റിപ്പോര്‍ട്ടില്‍ ലൈംഗികമായി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി അടൂര്‍ പ്രകാശും കേന്ദ്രമന്ത്രി പളനി മാണിക്യവും എം എല്‍ എമാരായ ഐബി ഈഡനും അബ്ദുല്ലക്കുട്ടിയും പി സി വിഷ്ണുനാഥും കെ പി സി സി ഭാരവാഹി സുബ്രഹമണ്യനും ഐ ജി പത്മകുമാറും എം ആര്‍ അജിത് കുമാറും ഉള്‍പ്പെടും. എന്നാല്‍ ഇക്കൂട്ടത്തില്‍ പണമായി കൈപറ്റിയവരില്‍ ഉമ്മന്‍ ചാണ്ടിക്ക് പുറമെ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി പളനി മാണിക്യം എന്നവരുടെ പേരാണ് പറയുന്നത്. ഇതുകൊണ്ടാണ് ഈ അഴിമതിയില്‍ പണത്തിനും അധികാര ദുര്‍വിനിയോഗത്തിനും മുകളില്‍ ലൈംഗിക ആസ്വാദനം മേല്‍കൈ നേടുന്നത്. കാരണം നമ്മുടെ മന്ത്രിമാരുടെയും നേതാക്കളുടെയും ദൗര്‍ബല്യങ്ങളെ തുറന്നുകാട്ടുന്നതാണ് എം എസ് എസ്, അശ്ലീല സന്ദേശങ്ങളടങ്ങുന്ന ഡിജിറ്റല്‍ രേഖകള്‍.
എങ്കിലും പൈങ്കിളി കഥകളില്‍ യഥാര്‍ഥ അഴിമതി മറയ്ക്കപ്പെടരുതെന്നാണ് പ്രബുദ്ധരായ മലയാളികള്‍ ആഗ്രഹിക്കുന്നത്. കാരണം അഴിമതിക്ക് മീതെ പൈങ്കിളി കഥകള്‍ മേല്‍കൈ നേടിയാല്‍ ഉഭയകക്ഷി സമ്മതത്തിന്റെ പേരിലുള്ള ശാരീരിക ബന്ധം ഇന്ത്യന്‍ നിയമവ്യവസ്ഥിതിയില്‍ നിയമവിരുദ്ധമല്ലെന്നിരിക്കെ ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചര്‍ച്ചകള്‍ വഴിമാറാനും അഴിമതി മുങ്ങിപ്പോകാനുമുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.

ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയുംവിധം മുഖ്യമന്ത്രിയുടെ ഓഫീസ് സരിതാ നായരെ സഹായിച്ചു. ചില മന്ത്രിമാരും കോണ്‍ഗ്രസ് എം പിമാരും എം എല്‍ എമാരും രാഷ്ട്രീയ നേതാക്കളും സരിതയെ ലൈംഗികമായി ഉപയോഗിച്ചു. സോളാര്‍ കേസ് വിവാദമായപ്പോള്‍ അന്നത്തെ ആഭ്യന്തിരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുഖേന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. സത്യം പുറത്തുകൊണ്ടുവരാനുള്ള ചുമതലയേല്‍പ്പിക്കപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടത്തി തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. കുറ്റാരോപിതര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ ശിപാര്‍ശയുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ നിലവാരത്തിന് സംഭവിച്ച ഈ അപജയം മറികടക്കാന്‍ റിപ്പോര്‍ട്ടില്‍ സത്യസന്ധമായ അന്വേഷണം അനിമാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇപ്പോഴത്തെ പ്രതിപക്ഷം തന്നെ നിശ്ചയിച്ച കമ്മീഷന്‍ അവര്‍ക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയിട്ടും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനപ്പുറം അവധാനതയോടെ കൈകാര്യം ചെയ്തത് അഭിനന്ദനാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയും റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികളെ രാഷ്ട്രീയത്തിനപ്പുറം നിയമപരമായി തന്നെ കൈകാര്യം ചെയ്തും ഒരു നല്ല സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, നിയമോപദേശം തേടുന്നതടക്കമുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ എടുത്ത കാലതാമസത്തെ ദുര്‍വ്യഖ്യാനം ചെയ്ത പ്രതിപക്ഷത്തിന്റെ പ്രതികരണത്തിന് മലയാളി സമൂഹം അത്ര പ്രാധാന്യമേ നല്‍കിയട്ടുള്ളൂവെന്ന് വേണം കരുതാന്‍.

ഒരു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഒരു വന്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ടുവെന്ന് തെളിവുകള്‍ നിരത്തി അവര്‍ തന്നെ നിയോഗിച്ച കമ്മീഷന്‍ സമര്‍ഥിക്കുമ്പോള്‍, സാങ്കേതികവും ബാലിശവുമായ കാരണങ്ങള്‍ നിരത്തി കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഏറെ അപഹാസ്യമാണ്. എന്നാല്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ പ്രതികരണം പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ്. സോളാര്‍ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ കാണണമെന്നായിരുന്നു ഇതു സംബന്ധിച്ച് സുധീരന്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here