അരി ആഹാരം കഴിക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത്

Posted on: November 11, 2017 6:32 am | Last updated: November 10, 2017 at 10:36 pm
SHARE

കാര്‍ഷിക പ്രധാനമായ സംസ്ഥാനമായി നിലനില്‍ക്കേണ്ടതായിരുന്നു കേരളം. മുഖ്യവിള നെല്ലായിരുന്ന ഇവിടെ  ഇന്ന് നെല്‍കര്‍ഷകര്‍ രൂക്ഷമായ പ്രതിസന്ധിയിലായിരിക്കുകയാണ്.  ഉദാരവത്കരണത്തിന്റെ ഭീഷണി കൊണ്ടും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുത്തനെയുള്ള വിലയിടിവുകൊണ്ടും  കാര്‍ഷിക സമ്പദ്ഘടനയുടെ നട്ടെല്ലൊടിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ പ്രതീകങ്ങളാണ് നെല്‍വയലുകള്‍; ഒരു കാലത്തിന്റെ പച്ചപ്പിന്റെ പ്രതീകങ്ങളും. ഹരിതവിപ്ലവത്തിന്റെ പാടശേഖരങ്ങള്‍ ഇന്ന് വിങ്ങുന്ന ഹൃദയങ്ങളാണ്. കേരളത്തില്‍ നെല്‍പാടങ്ങളുടെ വിസ്തൃതി വര്‍ഷം തോറും ചുരുങ്ങിവരുന്നു. നെല്ലുത്പാദനത്തിന്റെ അളവും കുറയുന്നു. സംസ്ഥാനം പിറന്നു വീഴുമ്പോള്‍ നെല്‍കൃഷി ചെയ്യുന്ന പതിനഞ്ചു ലക്ഷം ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായിരുന്നു. ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലെത്തി. കുറയാത്തത് അരിയുടെ ഉപഭോഗമാണ്.
മൂന്ന് നേരം അരി ആഹാരം കഴിക്കുന്ന മലയാളി പാടശേഖരങ്ങളെ തരിശിട്ടതിനാല്‍ മൂന്നര കോടി ജനങ്ങളെ തീറ്റിപോറ്റുന്നത് അയല്‍ സംസ്ഥാനങ്ങളാണ്. ആവശ്യമായ അരി, പച്ചക്കറി, മാംസം, പാല്‍, മുട്ട മറ്റു നിത്യോപയോഗ സാധനങ്ങള്‍ ഇവക്കെല്ലാം ഇന്ന് തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ് നമുക്കുള്ളത്. പൂര്‍വികര്‍ കൃഷിയില്‍ താത്്പര്യം കാണിച്ചിരുന്നു. എന്നാല്‍ ഇന്ന്   നെല്‍പാടങ്ങളുടെ സ്ഥാനത്ത് കൂറ്റന്‍ കെട്ടിടങ്ങളാണ് കൃഷിയുണ്ടെങ്കില്‍ തന്നെ ഭക്ഷ്യവിളകളല്ല. നാണ്യവിളകളാണ് ഉത്പാദിപ്പിക്കുന്നത്.
കര്‍ഷകര്‍ക്ക് നെല്‍കൃഷിയിറക്കാന്‍ കടുത്ത സാമ്പത്തിക ചെലവു മൂലം സാധിക്കുന്നില്ല.  തൊഴിലാളികളുടെ ദൗര്‍ലഭ്യവും പ്രശ്‌നമാണ്. അത്‌കൊണ്ട്, നെല്‍പ്പാടങ്ങള്‍ ഓട്ട് വ്യവസായികള്‍ക്കും ഇഷ്ടിക വ്യവസായികള്‍ക്കും തുച്ഛവിലക്ക് മണ്ണെടുക്കാന്‍ നല്‍കുന്നു. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കുറഞ്ഞ വിലക്ക് ഭൂമി വില്‍ക്കേണ്ട സ്ഥിതി വരുന്നു. ഇതിന്റെ ഫലമായി കേരളത്തിലങ്ങോളമിങ്ങോളം വയലുകള്‍ കായലുകളായിട്ടും തരിശായിട്ടും മാറിയിരിക്കുകയാണ്. ഇത്തരം വയലുകള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടാലും പൂര്‍വസ്ഥിതി കൈവരില്ല.വയലുകള്‍ നാട് നീങ്ങുമ്പോള്‍ നമുക്ക് അന്നം മാത്രമല്ല മുടങ്ങുന്നത് കുടിനീരും കന്നുകാലിസമ്പത്തും കൂടിയാണ് നഷ്ടമാകുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സുകളാണ് നെല്‍പ്പാടങ്ങള്‍. കുത്തനെ ചെരിഞ്ഞ ഭൂപ്രകൃതിയുള്ള കേരളത്തില്‍ ജലം കെട്ടിനില്‍ക്കുന്ന ഏകസ്ഥലമാണ് നെല്‍പ്പാടങ്ങള്‍. മലകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം പാടങ്ങളില്‍ ശേഖരിക്കപ്പെടുന്നതിനാലാണ് ഭൂഗര്‍ഭ ജലനിരപ്പുയരുന്നതും നമുക്ക് കുടിനീര്‍ ലഭ്യമാകുന്നതും.
സംസ്ഥാനത്ത് പല കാരണങ്ങളാല്‍ നെല്‍വയലുകള്‍ മാറ്റി മറിക്കപ്പെട്ടത് ഏകദേശം ഏഴ് ലക്ഷം ഹെക്ടറാണെന്നാണ് കണക്ക്.  ഒരു ഹെക്ടര്‍ നെല്‍വയലിന്റെ ജലാശയസംഭരണശേഷി 12 ഘനമീറ്ററാണ്.

നികത്തപ്പെട്ട ഏഴ് ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളിലൂടെ ഇതിനകം 82 കോടി ഘനമീറ്റര്‍ ജലമാണ് നമുക്ക് നഷ്ടമായത്.
1971ല്‍ കേരളത്തിലെ ജനസംഖ്യ 2.13 കോടിയായിരുന്നു. നെല്ലുത്പാദനം 13,51,740 ടണ്ണായിരുന്നു. 2001ല്‍ ജനസംഖ്യ 3.18 കോടിയായി ഉയര്‍ന്നപ്പോള്‍ നെല്ലുത്പാദനം കുറഞ്ഞു. ഈ കണക്കുകള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കിയാല്‍ 2021 ല്‍ കേരളീയര്‍ക്ക് 64 ലക്ഷം ടണ്‍ നെല്ലുത്പാദിപ്പിച്ചാലേ നല്ലരി ആഹാരം കഴിക്കാന്‍ പറ്റുകയുള്ളൂ. നേരത്തെ കൃഷിഭൂമി 8.75 ലക്ഷം ഹെക്ടര്‍ ആയിരുന്നത് 2004 അല്‍ 2.87 ഹെക്ടര്‍ ആയികുറഞ്ഞു. പരിസ്ഥിതിക്കും കാലാവസ്ഥക്കും ദ്രുതഗതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. കുന്നുകളും മലകളും ഇടിച്ചുനിരത്തി സമതലപ്രദേശമാക്കുന്നു. അതിന്റെ ഫലമായി ജലം സംരക്ഷിക്കപ്പെടാതെ പോകുന്നു. ജെ സി ബിയാണ് ഇപ്പോള്‍ വികസനത്തിന്റെ ചിഹ്നം.
കേരളത്തിലെ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളില്‍ നിന്ന് സംരക്ഷിക്കുവാനായി സര്‍ക്കാര്‍ നടപ്പാക്കിയ നിയമമാണ് കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം 2008. കേരളത്തിലെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്.

2006ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാറാണ് ഈ നിയമം കൊണ്ടുവന്നത്. ഇന്ത്യയില്‍ തന്നെ  ആദ്യമായാണ് നെല്‍വയലുകളെയും തണ്ണീര്‍ തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കിയതു മുതല്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായല്ലാതെ കേരളത്തില്‍ നെല്‍വയലുകള്‍ നികത്തുന്നതോ രൂപാന്തരപ്പെടുത്തുന്നതോ നിരോധിച്ചിരിക്കുന്നു (വകുപ്പ് 6). എന്നാല്‍ നെല്‍വയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്ത രീതിയില്‍ ഇടവിളകള്‍ കൃഷി ചെയ്യുന്നതിനോ വയല്‍ സംരക്ഷണത്തിനായുള്ള പുറം ബണ്ടുകള്‍ നിര്‍മിക്കുന്നതിനോ ഈ വകുപ്പിലെനിരോധനം തടസ്സമാകുന്നില്ല. ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ. നിയമം ഒരു വഴിക്ക്; നിയമലംഘനം മറുവഴിക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here