Connect with us

International

മ്യാന്മറില്‍ നിന്ന് വീണ്ടും പലായനം; ചങ്ങാടം തുഴഞ്ഞ് ബംഗ്ലാദേശ് തീരത്തേക്ക്

Published

|

Last Updated

ചങ്ങാടത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ റോഹിംഗ്യകള്‍

കോക്‌സസ് ബസാര്‍ (ബംഗ്ലാദേശ്): അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലേക്ക് റോഹിംഗ്യകളുടെ പലായനം തുടരുന്നു. മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധതീവ്രവാദികളുടെയും പീഡനം സഹിക്കാനാവാതെ 750 പേര്‍ കൂടി ഇന്നലെ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ബോട്ടിലും ചങ്ങാടത്തിലുമായാണ് ഭൂരിഭാഗം പേരും ബംഗ്ലാദേശ് തീരത്തെത്തിയത്. ചിലര്‍ നീന്തിയും കരക്കെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, നൂറ് കണക്കിനാളുകള്‍ ഏതാനും ആഴ്ച്ചക്കുള്ളില്‍ മുങ്ങിമരിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബോട്ട് തകര്‍ന്നാണ് ഇവര്‍ മുങ്ങിമരിച്ചത്.
അതേസമയം, അഭയാര്‍ഥി ക്യാമ്പിലെ ആളാധിക്യം സങ്കീര്‍ണമായ പ്രശ്‌നത്തിന് കാരണമായിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധിയും പോഷകാഹാരക്കുരവും പട്ടിണിയുമായി അഭയാര്‍ഥി ക്യാമ്പിലെ റോഹിംഗ്യകള്‍ ദുരിതത്തിലാണ്. നിലവില്‍ ആറ് ലക്ഷത്തില്‍പരം റോഹിംഗ്യകള്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിലെത്തിയിട്ടുണ്ട്. റാഖിനെയില്‍ നിന്ന് അടുത്തിടെ പലായനം ചെയ്തവരെയാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയം തേടിയത്.

അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ഗുരുതരമായ പ്രശ്‌നങ്ങളാണ് അതിര്‍ത്തിയിലുണ്ടായിരിക്കുന്നതെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ഥി ഒഴുക്കില്‍ യു എന്നും നിരവധി മനുഷ്യാവകാശ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.