അരുണ്‍ ജയ്റ്റ്‌ലിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണം; ബിജെപിക്കെതിരെ വീണ്ടും യശ്വന്ത് സിന്‍ഹ

Posted on: November 10, 2017 10:56 pm | Last updated: November 10, 2017 at 10:56 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെയും ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്തെത്തി. ജി.എസ്.ടി നടപ്പിലാക്കുന്നതില്‍ ജയറ്റ്‌ലി ശ്രദ്ധിച്ചില്ലെന്നും ജയറ്റ്‌ലിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു.

വേണ്ടത്ര ശ്രദ്ധിക്കാതെ നടപ്പിലാക്കിയത് കൊണ്ടാണ് ജി.എസ്.ടിയില്‍ ജയറ്റ്‌ലിക്ക് ദിവസവും മാറ്റം വരുത്തേണ്ടി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജി.എസ്.ടിക്ക് പുറമെ നോട്ട് നിരോധനത്തെയും അദ്ദേഹം വിമര്‍ശിച്ചു. നോട്ട് അസാധുവാക്കലിലൂടെ ലക്ഷ്യമിട്ട കള്ളപ്പണം ഇല്ലാതാക്കല്‍ അടക്കമുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനമന്ത്രിയെ ഉടന്‍ മാറ്റണമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.