പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ

Posted on: November 10, 2017 10:05 pm | Last updated: November 10, 2017 at 10:06 pm

വൃത്തിയും ബലവുമുള്ള പല്ലുകള്‍ ആരോഗ്യത്തിന്റെ ലക്ഷണമാണ്. വെളുത്ത ബലമുള്ള പല്ലുകള്‍ മുഖസൗന്ദര്യം കൂട്ടും. എന്നാല്‍ ആധുനിക ഭക്ഷണ രീതികള്‍ മൂലം പലരുടെയും പല്ലുകള്‍ അത്ര സുന്ദരമല്ലാതായി തീര്‍ന്നിരിക്കുന്നു. മഞ്ഞനിറമുള്ള പല്ലുകള്‍ മൂലം തുറന്ന് ചിരിക്കാന്‍ മടിയുള്ളവര്‍ വരെ ഉണ്ട്. മോണവീക്കം, പല്ലുവേദന, പല്ല് ദ്രവിക്കല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്.

എന്നാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ വെളിച്ചെണ്ണ നല്ല ഔഷധമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഡോക്ടറുടെ സഹായം കൂടാതെ തന്നെ പല്ലുകള്‍ വൃത്തിയാക്കാനും പല്ലുകളിലെ പ്രശ്‌നങ്ങള്‍ മാറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഓയില്‍ പുള്ളിംഗ് എന്നാണ് വെളിച്ചെണ്ണ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്ന രീതിക്ക് പറയുന്നത്. പല്ലുകള്‍ക്ക് നിറം നല്‍കാന്‍ പണ്ട് മുതലേ ഈ വിദ്യ പ്രയോഗത്തിലുണ്ട്.

ഓയില്‍ പുള്ളിംഗ് എങ്ങനെ ചെയ്യാം

ഒരു ടേബിള്‍ സ്പൂണ്‍ വെളിചെണ്ണ 20 മിനിറ്റ് നേരം വായില്‍ കൊപ്ലിക്കുക. തുടര്‍ന്ന് തുപ്പി കളയുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പും ചേര്‍ത്ത് വായ കഴുകുക. തുടര്‍ന്ന് ബ്രഷ് ചെയ്ത് വൃത്തിയാക്കാം. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രാവിലെ എഴുന്നേറ്റ ഉടന്‍ ഈ രീതി പതിവാക്കിയാല്‍ പല്ലുകളെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാം.