മലയാള പ്രസാധക രംഗത്തെ ഏക വനിത

Posted on: November 10, 2017 9:02 pm | Last updated: November 10, 2017 at 9:02 pm
SHARE

മലയാള പുസ്തക പ്രസാധക രംഗത്ത് ഏക വനിതയായ സംഗീത ജസ്റ്റിന്‍ ഷാര്‍ജ പുസ്തകമേളയില്‍ ശ്രദ്ധേയയായി. കോതമംഗലം സ്വദേശിനിയായ സംഗീതയുടെ ഉടമസ്ഥതതയിലുള്ള സൈകതം ബുക്‌സ് ഇന്ന് മലയാളത്തിലെ എണ്ണപ്പെട്ട പ്രസാധകരിലൊന്നായി മാറിക്കഴിഞ്ഞു.
ഏഴ് വര്‍ഷം മുന്‍പാണ് സൈകതം ബുക്‌സ് ആരംഭിച്ചത്. ആ കഥക്ക് ഒരു ഗള്‍ഫ് സ്പര്‍ശവുമുണ്ട്. ഒമാനിലെ മസ്‌കത്തിലായിരുന്നു സൈകതം ബുക്‌സ് എന്ന ആശയം മൊട്ടിട്ടത്. മസ്‌കത്തില്‍ എന്‍ജിനീയറായ സംഗീതയുടെ ഭര്‍ത്താവ് കോതമംഗലം സ്വദേശി ജസ്റ്റിന്‍ എഴുത്തിനോടും വായനയോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളായിരുന്നു.

ഒമാന്‍ മലയാളികളില്‍ ഒരേ അഭിരുചിയുള്ളവരുമായി വലിയ അടുപ്പമായിരുന്നു ജസ്റ്റിനും സംഗീതക്കും. ഒരുപാട് എഴുതിയവരേറെയുണ്ടെങ്കിലും ആരും പുസ്തക രൂപത്തിലാക്കിയിരുന്നില്ല. പ്രവാസികളുടെ പുസ്തകത്തിന് പ്രസാധകരുടെ ഇടയില്‍ വലിയ സ്വീകാര്യതയില്ലാത്തതിനാല്‍ പലരും തങ്ങളുടെ പുസ്തകമെന്ന മോഹം അടക്കിവച്ചിരുന്നു. ഇതോടെയാണ് ജസ്റ്റിന്‍ ഒരു പ്രസാധകക്കമ്പനി തുടങ്ങാന്‍ ആലോചിച്ചത്. ഇതിന്റെ ഭാഗമായി ആദ്യം സൈകതം എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാസിക ആരംഭിച്ചു. പിന്നീടത് പ്രസാധകക്കമ്പനിയാക്കി മാറ്റുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് സംഗീത നേതൃത്വം ഏറ്റെടുത്തതോടെ സൈകതം വളര്‍ച്ച ആരംഭിച്ചു. ഇതുവരെ പ്രസിദ്ധീകരിച്ച ടൈറ്റിലുകളുടെ എണ്ണം 380ലേറെ.
മലയാളത്തിലെ ഏക വനിതാ പ്രസാധകയെന്ന നിലക്ക് കടുത്ത മത്സരം നടക്കുന്ന ഈ രംഗത്ത് നിന്ന് ഇതുവരെ യാതൊരു വിഭാഗീയതയും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടില്ലെന്ന് സംഗീത പറയുന്നു. ദൂരെ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റക്കായിപ്പോകുന്നു എന്നല്ലാതെ മറ്റൊരു പ്രശ്‌നവുമില്ല. ഇതര പ്രസാധകരെല്ലാം നിറഞ്ഞ പ്രോത്സാഹനവും സൗഹൃദവുമാണ് നല്‍കിവരുന്നത്.

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇതാദ്യമായാണ് സൈകതം പങ്കെടുക്കുന്നത്. നോവലാണ് തങ്ങളുടെ പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതെന്ന് സംഗീത പറഞ്ഞു. തുടര്‍ന്ന് ഹാസ്യരസപ്രധാനമായ പുസ്തകങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍ എന്നിവക്കാണ് ആവശ്യക്കാരേറെ. മാത്തുക്കുട്ടി ജെ കുന്നപ്പള്ളി എഴുതിയ യേശുദാസിന്റെ ജീവചരിത്രമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്.

അഷിതയുടെ കഥകള്‍ക്കും വായനക്കാരുണ്ട്. പുസ്തകപ്രസാധനം ഒരിക്കലും വലിയ ലാഭകരമല്ല. അതിനല്ല, പുസ്തകങ്ങളോടുള്ള പ്രണയമാണ് സംഗീത-ജസ്റ്റിന്‍ ദമ്പതികളെ ഈ രംഗത്തെത്തിച്ചത്. പുസ്തകങ്ങളോട് ആദ്യം വലിയ താല്‍പര്യമൊന്നും എനിക്കുണ്ടായിരുന്നില്ല. പിന്നീട്, ജസ്റ്റിന് സമയം ലഭിക്കാതെ വന്നപ്പോള്‍ സാഹചര്യ സമ്മര്‍ദം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ സൈകതത്തിലെ പുസ്തക മണമേല്‍ക്കാതെ ജീവിക്കാന്‍ വയ്യെന്നായി സംഗീത പറയുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here