Connect with us

Gulf

എല്ലാ കഥകളും പച്ചക്കള്ളം: സി രാധാകൃഷ്ണന്‍

Published

|

Last Updated

ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എം എ ബേബി, ജോര്‍ജ് ഓണക്കൂര്‍, സി രാധാകൃഷ്ണന്‍, മൊയ്തീന്‍ കോയ എന്നിവര്‍

ഷാര്‍ജ: എല്ലാ സാഹിത്യവും പച്ചക്കള്ളമാണെന്നും മഹാഭാരതവും രാമായണവും അങ്ങനയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകള്‍ യഥാര്‍ഥമാണോ എന്ന് അന്വേഷിച്ചു നടന്നാല്‍ വലിയ ദുരന്തമാണ് സംഭവിക്കുക. മുത്തശ്ശിമാര്‍ പറഞ്ഞുതരുന്ന കഥകള്‍ തൊട്ട് എല്ലാ കഥകളും ഇത്തരത്തില്‍ സുന്ദരമായ കള്ളങ്ങളാണ്. മണ്ണാങ്കട്ടയും കരിയിലയും സുഹൃത്തുക്കളായെന്നും തീര്‍ഥയാത്രക്ക് പോയെന്നും പറയുമ്പോള്‍ അത് സങ്കല്‍പമാണെന്ന് തിരിച്ചറിയണം. ഷാര്‍ജയിലേതെന്നുപോലെ ലോകമെങ്ങും പുസ്തകമേളകളുണ്ടാകണം. എങ്കില്‍ ലോകത്ത് ശത്രുത നന്നേ കുറയും. ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച സ്മാരകം പുസ്തകമാണ്. കാലാതിവര്‍ത്തിയാണ് പുസ്തകങ്ങള്‍.

ലോകത്ത് ഏറ്റവും സുന്ദരമായ സ്ഥലം കേരളമാണ്. കേരളക്കര പുണ്യഭൂമിയാണ്. എന്തുകൊണ്ടെന്നാല്‍ ഇത്രയേറെ ആശയങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്ന സ്ഥലം വേറെയില്ല. കേരളത്തെ മതങ്ങള്‍ കീഴ്‌പെടുത്തിയത് ആയുധങ്ങള്‍ കൊണ്ടല്ലെന്നും സ്‌നേഹം കൊണ്ടാണെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു. എം എ ബേബി, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍ കോയ മോഡറേറ്ററായിരുന്നു. രവി ഡി സി സ്വാഗതം പറഞ്ഞു. തന്‍സി ഹാഷിര്‍ അവതാരകയായിരുന്നു.

 

Latest