പ്രവാസി വോട്ട്: നിയമഭേദഗതി പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍

Posted on: November 10, 2017 1:18 pm | Last updated: November 10, 2017 at 6:41 pm

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി നിയമം ഭേദഗതി ചെയ്യുമെന്നും വരുന്ന ശൈത്യകാല സമ്മേളനത്തില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാനുള്ള അവകാശം നല്‍കാന്‍ 12 ആഴ്ചത്തെ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നിയമം ഭേദഗതി ചെയ്താല്‍ മൂന്ന് മാസത്തിനകം നടപ്പാക്കാനാകും.

പ്രവാസികള്‍ക്കു വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായിലെ സംരംഭകന്‍ ഡോ. വി പി ഷംഷീര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.

പാര്‍ലിമെന്റ് 2010ല്‍ പാസ്സാക്കിയ ഭേദഗതിപ്രകാരം, പ്രവാസികള്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ഈ നിയമഭേദഗതി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവകാശം മാത്രമായി അവശേഷിക്കുമെന്നും വോട്ട് ചെയ്യണമെങ്കില്‍ മണ്ഡലത്തില്‍ നേരിട്ടു വന്നേ മതിയാവൂ എന്നത് അനീതിയാണെന്നും വ്യക്തമാക്കിയാണ് ഡോ. ഷംഷീര്‍ 2014 മാര്‍ച്ചില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌