കര്‍ണാടകയില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷം; കനത്ത സുരക്ഷ

Posted on: November 10, 2017 9:34 am | Last updated: November 10, 2017 at 12:21 pm

ബെംഗളൂരു: ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനിടെ കര്‍ണാടകയില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷം. കര്‍ണാടക സാംസ്‌കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്..

ആഘോഷത്തിന്റെ മറവില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. കുടക്, ഉഡുപ്പി ജില്ലകളിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്. 2000 പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഒരു ബറ്റാലിയന്‍ ദ്രുതകര്‍മ സേനയെയും നിയോഗിച്ചിട്ടുണ്ട്. ഉഡുപ്പിയില്‍ 11 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കര്‍ണാടക അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കി. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി കല്‍ബുര്‍ഗിയില്‍ സര്‍ക്കാര്‍ ഇതര സംഘടനകളുടെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. ക്രമസമാധാന പാലന ചുമതലയുള്ള എ ഡി ജി പി കമാല്‍ പാന്തിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം മംഗളൂരുവില്‍ ചേര്‍ന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. അതിനിടെ ടിപ്പു ജയന്തി വിരോധി ഹൊരട്ടി സമിതി ഇന്ന് കുടക് ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്.

2015 മുതലാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചുവരുന്നത്. എന്നാല്‍ ടിപ്പു വര്‍ഗീയവാദിയായ ഭരണാധികാരിയായിരുന്നുവെന്നാണ് ബി ജെ പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും ആരോപണം. ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കുന്നതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിപ്പാനുള്ള ശ്രമത്തിലാണ് ഇവര്‍. വി എച്ച് പി അടക്കമുള്ള ഹിന്ദു സംഘടനകളും ജയന്തി ആഘോഷത്തെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി ജെ പിയുടെ എം പിമാരോടും എം എല്‍ എമാരോടും എം എല്‍ സിമാരോടും ജയന്തി ആഘോഷം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ നിര്‍ദേശം നല്‍കി. കുടകിലെ കൊടവ സമുദായം ടിപ്പു ജയന്തി ആഘോഷത്തിനെതിരാണ്. പടയോട്ടത്തിനിടെ ടിപ്പു ഒട്ടേറെ കൊടവ സമുദായക്കാരെ കൊന്നൊടുക്കിയെന്നാണ് ഇവര്‍ പറയുന്ന്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കുടക്, മടിക്കേരി, മൈസൂരു എന്നിവിടങ്ങളില്‍ ആഘോഷത്തിനെതിരെ പ്രതിഷേധം ഉടലെടുക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അനിഷ്ട സംഭവങ്ങള്‍ ഉടലെടുക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാഭരണകൂടങ്ങളുടെ ശ്രമം. 2015 ല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്നും ഇതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തയച്ചതോടെയാണ് ടിപ്പുജയന്തി ആഘോഷം വിവാദത്തിലായത്. ടിപ്പു സുല്‍ത്താന്‍ ക്രൂരനായ കൊലപാതകിയും നികൃഷ്ടനുമാണെന്നും അങ്ങനെയുള്ള ഒരാളെ മഹത്വവത്കരിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കരുതെന്നും കത്തില്‍ അനന്ത്കുമാര്‍ പറയുന്നു.