ലബനാന്‍ വിടാന്‍ പൗരന്മാരോട് സഊദി

Posted on: November 10, 2017 7:11 am | Last updated: November 10, 2017 at 12:24 am
SHARE

റിയാദ്/ബെയ്‌റൂത്ത്: ലബനാനിലെ പൗരന്മാരോട് എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്ന് സഊദിയുടെ ഉത്തരവ്. യമനിലെ ഹൂത്തികള്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ലബനാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് സഊദി അധികൃതരുടെ കര്‍ശന നിര്‍ദേശം. ലബനാനില്‍ സന്ദര്‍ശനത്തിന് പോയവരോ അവിടെ താമസമാക്കിയവരോ ആയ മുഴുവന്‍ പൗരന്മാരും കഴിയുന്നത്ര വേഗത്തില്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് സഊദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എസ് പി എ റിപ്പോര്‍ട്ട് ചെയ്തു.

യമനിലെ ഹൂത്തികള്‍ക്ക് പിന്തുണ നല്‍കുന്ന ഹിസ്ബുല്ല സായുധ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് അടുത്തിടെ സഊദി നടത്തിയത്. ഹിസ്ബുല്ലയുടെ പ്രേരണയില്‍ തങ്ങളോട് ലബനാന്‍ യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സ്ഥിതി ഭീതിജനകമാണെന്നും സഊദി വ്യക്തമാക്കിയിരുന്നു. ഹൂത്തികളുടെ നേതൃത്വത്തില്‍ റിയാദിലെ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടന്നതോടെയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമായത്. ആക്രമണത്തിനായി ഹൂത്തികള്‍ക്ക് മിസൈല്‍ നല്‍കിയത് ഇറാനാണെന്നും സൈനിക സഹായവും മറ്റും നല്‍കി സഊദിയെ തകര്‍ക്കാന്‍ ഹിസ്ബുല്ല ശ്രമിക്കുന്നുണ്ടെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ ആരോപിച്ചിരുന്നു.
ഇറാനെ തള്ളിപ്പറഞ്ഞ് റിയാദില്‍വെച്ച് ലബനാന്‍ പ്രധാനമന്ത്രി രാജിവെച്ചതിന് പിന്നാലെയാണ് സഊദിയുടെ പുതിയ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. ലബനാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര പോരിലിരിക്കുന്ന സഊദി അറേബ്യയുടെ പുതിയ നിലപാട് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ലബനാനെതിരെ സൈനിക നടപടിക്ക് സഊദി ഒരുങ്ങുന്നുണ്ടെന്ന സൂചനയാണ് യാത്രാ വിലക്കെന്ന് കരുതപ്പെടുന്നു.

അതേസമയം, ലബനീസ് പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി ഇറാനും സഊദി അറേബ്യയും തമ്മിലുള്ള ബന്ധത്തിലും അതുവഴി ലബനാന്റെ രാഷ്ട്രീയ മേഖലയിലും വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തല്‍. കഴിഞ്ഞ ശനിയാഴ്ച സഊദി തലസ്ഥാനത്ത് വെച്ചാണ് ഹരീരി രാജി പ്രഖ്യാപിച്ചത്. ഹരീരിയുടെ രാജി സ്വമേധയാ അല്ലെന്നും സഊദിയുടെ സ്വാധീന ഫലമാണെന്നും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ആരോപിക്കുന്നു. ഹസന്‍ നസ്‌റുല്ലയുടെ സ്വരം ഇറാന്റെതാണെന്നും ഹരീരിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ഇറാന്‍ – സഊദി വടംവലി തുടങ്ങിയിരിക്കുന്നുവെന്നുമാണ് വിലയിരുത്തല്‍. ഹൂത്തി വിഷയത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുമ്പോഴാണ് പുതിയ പ്രതിസന്ധി രൂപപ്പെടുന്നത്.
രാജി പ്രഖ്യാപനത്തിന്റെ തലേദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ഉപദേശകനെ ഹരീരി സന്ദര്‍ശിച്ചിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരമൊരു സന്ദര്‍ശനത്തിന്റെ പിറ്റേന്ന് ഇറാനെതിരെ ആഞ്ഞടിച്ച് ഹരീരി രംഗത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് സഊദി വിമര്‍ശകരുടെ വാദം. എന്നാല്‍ ലബനാനില്‍ ഇറാന്റെ ഇടപെടലാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സഊദി ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ ഹരീരിയുടെ പിന്‍ഗാമിയെ കണ്ടെത്തുക അങ്ങേയറ്റം ശ്രമകരമാണ്. ലബനീസ് ഭരണഘടനപ്രകാരം സുന്നി (ശിയേതരം) വിഭാഗത്തില്‍ നിന്ന് വേണം പ്രധാനമന്ത്രി. സഊദിയുടെ പിന്തുണയില്ലാതെ ഇത്തരമൊരാളെ കണ്ടെത്തുക എളുപ്പമാകില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here