സത്യസന്ധമായ അന്വേഷണം വേണം

Posted on: November 10, 2017 6:35 am | Last updated: November 9, 2017 at 11:39 pm
SHARE

കോണ്‍ഗ്രസ് നേതൃത്തിന് കനത്ത ആഘാതമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. സോളാര്‍ തട്ടിപ്പ് കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും അന്നത്തെ ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അതില്‍ പങ്കുണ്ടെന്നാണ് കമ്മീഷന്‍ നിഗമനം. രണ്ട് കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും 27 ലക്ഷം ആര്യാടന്‍ മുഹമ്മദും വാങ്ങിയതായും പരാമര്‍ശമുണ്ട്. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയുംവിധം മുഖ്യമന്ത്രിയുടെ ഓഫീസ് സരിത നായരെ സഹായിച്ചു. ചില മന്ത്രിമാരും കോണ്‍ഗ്രസ് എം പിമാരും എം എല്‍ എമാരും രാഷ്ട്രീയ നേതാക്കള്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു. സോളാര്‍ കേസ് വിവാദമായപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുഖേന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. കുറ്റാരോപിതര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ ശിപാര്‍ശയുമുണ്ട്.

സരിതാ എസ് നായരെ തനിക്ക് പരിചയമില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ മുമ്പാകെയും മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞിരുന്നത്. ഇത് വ്യാജമാണെന്നാണ് കമ്മീഷന്റെ നിഗമനം. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുമായി സരിത ചര്‍ച്ച നടത്തിയതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ആര്യാടന് സരിതയെ പരിചയപ്പെടുത്തി കൊടുത്തത് ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തിന്റെ ഓഫീസ് സരിതയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങളും ഉമ്മന്‍ ചാണ്ടിക്ക് അവരുമായുള്ള ബന്ധം സ്ഥിരീകരിക്കാനായി കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പതിനാറ് പേര്‍ സരിതയെ ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്നത് സരിതയുടെ പരാതി എന്ന നിലയില്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. അന്വേഷണത്തില്‍ ഇത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലില്ല. ആരോപണ വിധേയര്‍ക്ക് ഇത് ആശ്വാസകരമാണ്. ലൈംഗിക ആരോപണം സംബന്ധിച്ച് കേസെടുത്താല്‍ അത് നിലനില്‍ക്കില്ലെന്ന് നിയമവൃത്തങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചതിന്റെ സാഹചര്യവും ഇതായിരിക്കണം.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്നും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങളുമായാണ് യു ഡി എഫ് അതിനെ പ്രതിരോധിക്കുന്നത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ജസ്റ്റിസ് ജി ശിവരാജനെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ പുറത്തുവിട്ടത്. വിവരാവകാശ പ്രകാരം റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയാറായില്ല. അന്വേഷണ റിപ്പോര്‍ട്ടും അതിന്മേല്‍ സ്വീകരിച്ച നടപടിയും സഭയില്‍ സമര്‍പ്പിക്കും മുമ്പ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയത് ചട്ടലംഘനമാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഇതുസംബന്ധിച്ച് ചെന്നിത്തലക്ക് പറയാനുള്ളത്. റിപ്പോര്‍ട്ടില്‍ സുതാര്യതയില്ല, ഇത് സോളാര്‍ റിപ്പോര്‍ട്ടല്ല, സരിത റിപ്പോര്‍ട്ടാണ്, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൃത്തികെട്ട ധൃതിയാണ് കാണിച്ചത് എന്നിങ്ങനെ ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തുന്നു.

എന്നാല്‍ കമ്മീഷനെ നിയമിച്ചത് പിണറായി സര്‍ക്കാറല്ല, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറാണ്. കമ്മീഷന്റെ കണ്ടെത്തലുകള്‍ അതീവഗൗരവമുള്ളതാണെന്നും അവഗണിക്കാവതല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി മുന്‍ അധ്യക്ഷനുമായ വി എം സുധീരന്‍ തന്നെ മാധ്യമങ്ങളോട് പറയുകയുണ്ടായി. മാത്രമല്ല, യു ഡി എഫ് നേതൃത്വത്തിന്റെ നിരന്തരമുള്ള മുറവിളിയെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയടക്കമുളളവര്‍ക്കെതിരെ പ്രത്യേകം പ്രത്യേകം ക്രിമിനല്‍ കേസുകള്‍ ചുമത്തി വിജിലന്‍സ് അന്വേഷണം നടത്തുമെന്നായിരുന്നു ഒക്‌ടോബര്‍ 11ലെ മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് അദ്ദേഹം പിറകോട്ട് പോയിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം തേടിയ ശേഷമാണ് ഡി ജി പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ മുഖ്യമന്ത്രി തുടരന്വേഷണത്തിന് നിയമിക്കുന്നത്. ഈ അന്വേഷണത്തില്‍ സരിതയുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ കേസെടുക്കുന്നതുള്‍പ്പെടെയുളള തുടര്‍നടപടികളിലേക്ക് കടക്കുകയുള്ളൂ.

ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ ധൃതി പിടിച്ച നടപടി സ്വീകരിച്ചെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നുമുള്ള കുറ്റപ്പെടുത്തല്‍ മുഖം രക്ഷിക്കാനുള്ള അടവായി മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുന്നതോടൊപ്പം കമ്മീഷന്റെ കണ്ടെത്തലുകളില്‍ പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ മാര്‍ഗേണ അത് തുറന്നു കാട്ടാനുള്ള വഴികള്‍ തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വവും യു ഡി എഫും ചെയ്യേണ്ടത്. അന്വേഷണം തീര്‍ത്തും സത്യസന്ധമായിരിക്കുമെന്ന് സര്‍ക്കാറും ഉറപ്പ് വരുത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here