പൊള്ളലേറ്റ കോണ്‍ഗ്രസ്

Posted on: November 10, 2017 6:33 am | Last updated: November 9, 2017 at 11:35 pm
SHARE

അമ്പുകൊള്ളാത്തവരാരുണ്ട് കുരുക്കളില്‍ – സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ യു ഡി എഫ് രാഷ്ട്രീയം നേരിടുന്ന പ്രധാന ചോദ്യമാണിത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ക്കൊപ്പം തുടര്‍ നിയമനടപടികളും പ്രഖ്യാപിച്ചതോടെ ആടി ഉലയുകയാണ് മുന്നണി. ഉമ്മന്‍ചാണ്ടി മുതല്‍ ഹൈബി ഈഡന്‍ വരെ. ഒരേസമയം, വിജിലന്‍സ്, പോലീസ് അന്വേഷണ നടപടികള്‍ നേരിടേണ്ടി വരുന്നു ഇവര്‍.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസം പിന്നിട്ടിട്ടും വിശദാംശങ്ങള്‍ പുറത്ത് വിടാതിരുന്നത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലാത്തത് കൊണ്ടാണെന്ന് ആശ്വസിക്കുമ്പോഴാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം ഇതിലെ കുറേയെറെ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ പുറത്ത് വിടുന്നത്. പിന്നാലെ റിപ്പോര്‍ട്ടിന്റെ കോപ്പിക്ക് വേണ്ടി യു ഡി എഫ് മുറവിളി കൂട്ടിയപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചായിരുന്നു ഇതിനുള്ള മറുപടി. ഒടുവില്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചിരിക്കുന്നു. കൂടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും.

നാലു വര്‍ഷം തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്. 214 സാക്ഷികള്‍, 812 രേഖകള്‍. ഇതാണ് റിപ്പോര്‍ട്ടിന് ബലം നല്‍കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹം വഴി പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിം രാജ് എന്നിവരും ഡല്‍ഹിയിലെ സഹായിയും ചേര്‍ന്ന് ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സരിത എസ് നായരെയും അവരുടെ കമ്പനിയെയും സഹായിച്ചെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. ഇതിനായി കൈക്കൂലിയും വാങ്ങി.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. അന്നത്തെ മറ്റുമന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം ആഴത്തിലുള്ള അന്വേഷണം നടത്തിയില്ല. ഇങ്ങനെ പോകുന്നു കമ്മീഷന്റെ കണ്ടെത്തലുകള്‍.
ടീം സോളാര്‍ കമ്പനിയുടെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ ടീം സോളാര്‍ കമ്പനിയുടെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്ത എം എല്‍ എമാരും സരിതക്കെതിരെയുണ്ടായിരുന്ന ക്രിമനല്‍ കേസുകള്‍ ഒഴിവാക്കാന്‍ സഹായിച്ചു. മുന്‍ എം
എല്‍ എമാരായ ബെന്നിബഹനാനും തമ്പാനൂര്‍രവിയും ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചെടുക്കാന്‍ പ്രവര്‍ത്തിച്ചെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതി, നിയമവിരുദ്ധമായി പ്രതിഫലം പറ്റല്‍ എന്നിവ നടത്തിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സരിതയില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതുള്‍പ്പെടെ അഴിമതിയായി കണക്കാക്കാമെന്ന കമ്മീഷന്‍ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരവും നടപടിയുണ്ടാകുമെന്നാണ് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട്. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെയും ഈ വകുപ്പില്‍ കേസ് വരും.
ഈ അന്വേഷണങ്ങള്‍ ഇനിയുള്ള നാളുകളില്‍ യു ഡി എഫിനെ വരിഞ്ഞ് മുറുക്കുമെന്നതില്‍ തര്‍ക്കമില്ല. ഉമ്മന്‍ ചാണ്ടി നേരിട്ടും പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ മുഖേനയും കൈക്കൂലി വാങ്ങിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയും യു ഡി എഫും ഇത്രയും നാള്‍ പറഞ്ഞതെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ് ജുഡീഷ്യല്‍ കമ്മീഷന്‍. ഉമ്മന്‍ചാണ്ടിയില്‍ മാത്രം കേസുകള്‍ ഒതുങ്ങുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മാനഭംഗം, അഴിമതി എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങളില്‍ അന്വേഷണം വരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം ലഭിക്കാന്‍ പോലും പാടുപെടും. ഉമ്മന്‍ ചാണ്ടിയോടൊപ്പം അദ്ദേഹത്തിന്റെ ഇടംവലം നിന്ന് പ്രതിരോധത്തിന്റെ ഇരുമ്പ് കവചം തീര്‍ത്തവര്‍ കൂടി കുരുക്കിലാകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം രാഷ്ട്രീയ ഉദ്യോഗസ്ഥ ഭരണ നേതൃത്വത്തിലുള്ളവരെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കുത്സിത ശ്രമം നടത്തിയെന്ന കമ്മീഷന്റെ നിഗമനം നമ്മുടെ നിയമവ്യവസ്ഥയോട് വലിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.
സരിത തട്ടിപ്പുകാരിയായിരിക്കാം. അവരുടെ വിശ്വസ്തതയില്‍ സംശയം ഉയരുന്നതും സ്വാഭാവികം. അവര്‍ തന്നെ മാറ്റി പറഞ്ഞ മൊഴികള്‍ ഇതിനുദാഹരണവും. അപ്പോഴും ഇതിന്റെ മറുവശം കാണാതെ പോകരുത്. ഒരു സംരഭകയോട് നമ്മുടെ സംവിധാനം ചെയ്ത പാതകങ്ങളാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തുന്നത്. ഇന്നലെ വരെ സരിതയുടെ ഒരു ആരോപണം മാത്രമായിരുന്നെങ്കില്‍ ഇന്ന് അത് ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകളാണ്. യു ഡി എഫ് രാഷ്ട്രീയത്തില്‍ റിപ്പോര്‍ട്ട് വലിയ പ്രത്യാഘാതത്തിന് വഴിവെക്കും. പുനഃസംഘടനയിലൂടെ പൂര്‍ട്ടിക്ക് പുതുമുഖം നല്‍കാന്‍ ഹൈക്കമാന്‍ഡ് പാടുപെടുമ്പോഴാണ് ഈ വീഴ്ച്ച.
രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര പകുതി പോലും പിന്നിട്ടിട്ടില്ല. ഇനിയുള്ള യാത്രയില്‍ സോളാര്‍ പ്രതിരോധമാകും മുഖ്യഅജന്‍ഡ. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവനേതാക്കള്‍ കൂടി കുരുക്കിലായിട്ടുണ്ട്. പ്രഹരം കോണ്‍ഗ്രസിനാകെയാണെങ്കിലും മുറിവേറ്റ് വീണത് എ ഗ്രൂപ്പ് ആണ്. എ ഗ്രൂപ്പിന്റെ ക്യാപ്റ്റനൊപ്പം വൈസ് ക്യാപ്റ്റന്‍മാരും കുരുക്കിലാണ്. കൂടെ നില്‍ക്കുന്നവരില്‍ പലരും കൂറ് കാണിക്കാന്‍ മടിച്ച് നിന്ന ഘട്ടത്തില്‍ പോലും ഉമ്മന്‍ചാണ്ടിയുടെ ഇടവും വലവും നിന്ന് പട നയിച്ച ബെന്നിബഹനാനും തമ്പാനൂര്‍ രവിക്കും പി സി വിഷ്ണുനാഥിനുമെല്ലാം സോളാറില്‍ പൊള്ളലേറ്റിരിക്കുന്നു.

വി എം സുധീരന്റെ ഉറച്ചനിലപാട് മൂലം കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബെന്നിബഹനാനെ കെ പി സി സി പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ നീക്കങ്ങളും ഇതോടെ തകിടംമറിഞ്ഞു. കേസ് അട്ടിമറിച്ചതിന്
കുരുക്കിലായ തിരുവഞ്ചൂരും ആര്യാടനും എ ഗ്രൂപ്പിലെ പ്രധാനികള്‍ തന്നെ. നേരത്തെ ഐ ഗ്രൂപ്പിലായിരുന്ന അടൂര്‍ പ്രകാശും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ്. യു ഡി എഫിലെ ഘടകകക്ഷികളില്‍ ആരും കാര്യമായി കുടുങ്ങിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ജോസ് കെ മാണി പ്രതികൂട്ടിലാണെങ്കിലും കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ ഘടകകക്ഷിയല്ല.
രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല നിലപാടെടുത്തിട്ടുണ്ടെങ്കിലും വരുംകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കരുനീക്കങ്ങള്‍ സോളാര്‍ കേസിന്റെ തുടര്‍ഗതികളെ ആശ്രയിച്ചാകും. ഇതിന്റെ പേരില്‍ സ്വന്തം ചേരിയില്‍ നിന്ന് തന്നെ ബ്ലാക്ക് മെയിലിംഗ് ശ്രമം നടന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ഇതിലേക്കുള്ള സൂചനകളാണ്. തിരഞ്ഞെടുപ്പിന് മുമ്പ് പേരുകള്‍ പുറത്ത് വിടാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെന്ന സരിതയുടെ വെളിപ്പെടുത്തലും വരും നാളിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കലുഷമാക്കും. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റ് പദവികളില്‍ നിന്ന് മാറി നിന്ന ഉമ്മന്‍ചാണ്ടി, തിരിച്ചുവരാന്‍ കളമൊരുക്കുന്നതിനിടെയാണ് ഇരട്ടപ്രഹരമേറ്റ് വീഴുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here