Connect with us

National

ദിനകരനും ശശികലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഐ ടി വകുപ്പ് പരിശോധന

Published

|

Last Updated

ചെന്നൈ: തമിഴ് ചാനലായ ജയ ടിവിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പുറത്താക്കപ്പെട്ട എ ഐ എ ഡി എം കെ നേതാവ് ടി ടി വി ദിനകരന്റെ പുതുച്ചേരിയിലെ ഫാം ഹൗസിലും ആദായ നികുതി വകുപ്പ് (ഐ ടി) ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി. ദിനകരനുമായും ജയിലില്‍ കഴിയുന്ന ബന്ധു വി കെ ശശികലയുമായും ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തിയതായി ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് എ ഐ എ ഡി എം കെയുടെ ജിഹ്വയായി പ്രവര്‍ത്തിച്ച ജയ ടി വി ഇപ്പോള്‍ ശശികലയുടെയും ദിനകരന്റെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം ആരംഭിച്ച ഓപറേഷന്‍ ക്ലീന്‍ മണിയുടെ ഭാഗമായാണ് റെയിഡ് നടന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധനകള്‍ ഒരേ സമയം തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കേന്ദ്രങ്ങളില്‍ പുരോഗമിച്ചു. ബെംഗളൂരുവിലും സമാന പരിശോധന നടന്നു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
എന്നാല്‍, താനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടന്നെന്ന വാര്‍ത്ത ടി ടി വി ദിനകരന്‍ നിഷേധിച്ചു. പുതുച്ചേരിയിലെ തന്റെ ഫാം ഹൗസില്‍ പരിശോധന നടന്നിട്ടുണ്ടെന്നും അത് പൂര്‍ത്തിയായിട്ടുണ്ടെന്നും ടി ടി വി ദിനകരന്‍ സമ്മതിച്ചു.

 

 

Latest