Connect with us

National

റയാന്‍ സ്‌കൂളിലെ കൊല: പ്രതിക്ക് സഹായം ലഭിച്ചോയെന്ന് അന്വേഷണം

Published

|

Last Updated

ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പിടിയിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സി ബി ഐ ചോദ്യം ചെയ്തു തുടങ്ങി. ഒരു കുട്ടിയെ മറ്റൊരു കുട്ടി കൊലപ്പെടുത്തിയെന്ന കേസ് അന്വേഷിക്കുന്നത് സി ബി ഐയുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്. സ്‌കൂള്‍ പരീക്ഷ മാറ്റിവെക്കാന്‍ വേണ്ടിയാണ് പ്രദ്യുമന്‍ താക്കൂര്‍ എന്ന വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയിരുന്നു.

പിതാവിനും കേസിലെ മറ്റൊരു സാക്ഷിക്കും മുന്നില്‍ കുറ്റസമ്മതം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ സി ബി ഐ കസ്റ്റഡിയില്‍ വാങ്ങിയത്. പരീക്ഷ മാറ്റിവെപ്പിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയതെന്ന് പറയുന്നുണ്ടെങ്കിലും, കൃത്യത്തിലേക്ക് നയിച്ച മറ്റെന്തെങ്കിലും പ്രേരണ ഉണ്ടോയെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
കൊലപാതകം നടത്തിയ ശേഷം അതിന് ഉപയോഗിച്ച കത്തി കഴുകിയെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. എന്നാല്‍, വിദ്യാര്‍ഥിയുമായി കത്തിയെ ബന്ധിപ്പിക്കുന്ന ഫോറന്‍സിക് തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെ കുടുക്കാന്‍ വേണ്ടി ഹരിയാന പോലീസ് മനഃപൂര്‍വം ഉണ്ടാക്കിയ തെളിവാണ് കത്തി എന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest