ഖത്വറില്‍ ഭക്ഷ്യ നിര്‍മാണ യൂനിറ്റ് തുടങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍

Posted on: November 9, 2017 10:01 pm | Last updated: November 9, 2017 at 10:01 pm
SHARE
വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി
ഹോസ്പിറ്റാലിറ്റി ഖത്വര്‍ പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു

ദോഹ: രാജ്യത്ത് ഭക്ഷ്യോത്പാദന യൂനിറ്റ് തുടങ്ങുന്നതന് സന്നദ്ധത അറിയിച്ച് ഇന്ത്യന്‍ ഭക്ഷ്യകമ്പനികള്‍. ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി ഖത്വറില്‍ ബ്രാഞ്ച് തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഫുഡ് പ്രൊസസിംഗ് ആന്‍ഡ് പാക്കേജിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്‌നോളജി കമ്പനിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ മുന്‍നിര രാജ്യാന്തര ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍, റസ്റ്റോറന്റ്, കഫെ (ഹൊറിക) വ്യാപാര മേളയോടനുബന്ധിച്ച് ഖത്വര്‍ ട്രിബ്യൂണിനോടു സംസാരിക്കവെ സംഘാടകരായ ഐ എഫ് പി ഖത്വര്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് അയാഷെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

25ഓളം ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ നല്ലൊരുപങ്കും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. ധാന്യം, സുഗന്ധവ്യഞ്ജനങ്ങള്‍, ക്ഷീരോത്പന്നങ്ങള്‍, പ്രൊസസ്ഡ് ഫുഡ്, ഭക്ഷ്യ സാങ്കേതിക പാക്കേജിംഗ് മേഖലകളിലെ കമ്പനികളാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുന്നത്. തുര്‍ക്കി, ഇറാന്‍ കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യമേഖലയില്‍ നിക്ഷേപത്തിനുള്ള സുപ്രധാനകേന്ദ്രമായി ഖത്വര്‍ മാറിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യകമ്പനികള്‍ ഖത്വറിന്റെ ഭക്ഷ്യമേഖലയില്‍ നിക്ഷേപത്തിന് തയ്യാറാകുന്നുണ്ട്. പ്രാദേശിക വിപണിയില്‍ ഭക്ഷ്യോത്പന്നങ്ങളുടെ ആവശ്യകത നിറവേറ്റുന്നതില്‍ സ്വയംപര്യാപ്തമാകുന്നതിനായി തീവ്ര ശ്രമങ്ങളാണ് ഖത്വര്‍ നടത്തുന്നത്.
ഉന്നത നിലവാരത്തിലുള്ള രാജ്യാന്തര ഭക്ഷ്യ ബ്രാന്‍ഡുകള്‍ ഇവിടെ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങണമെന്നാണ് ഖത്വര്‍ ആഗ്രഹിക്കുന്നത്. അത്തരം കമ്പനികള്‍ക്ക് എല്ലാ പിന്തുണയും സഹായവും ഖത്വര്‍ നല്‍കുന്നുണ്ട്. തൈരുത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രമുഖ തുര്‍ക്കിഷ് കമ്പനി ഉടന്‍ തന്നെ ഖത്വറില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുമെന്നും ജോര്‍ജ് അയാഷെ ചൂണ്ടിക്കാട്ടി. ഇവിടെ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് ചില ഇറാനിയന്‍ കമ്പനികളും സാധ്യത തേടുന്നുണ്ട്
ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബുധനാഴ്ച തുടങ്ങിയ ‘ഹോസ്പിറ്റാലിറ്റി ഖത്വര്‍ 2017’ പ്രദര്‍ശനം ഇന്ന് സമാപിക്കും. വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയാണ് ഉദ്ഘാടനം ചെയ്തത്.
ഭക്ഷ്യ കാറ്ററിംഗ് മേഖലക്ക് മുന്‍ഗണനയും പ്രാധാന്യവും നല്‍കി ഫുഡ് ഖത്വര്‍ എന്ന പ്രത്യേക വിഭാഗമാണ് ഇത്തവണത്തെ പ്രത്യേകത.

പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പവലിയനിലെ വിവിധ രാജ്യങ്ങളുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടന വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ടൂറിസം മേഖലക്ക് പിന്തുണ നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായികള്‍, നിക്ഷേപകര്‍, പ്രത്യേക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടമകള്‍ എന്നിവര്‍ക്കിടയില്‍ ആശയ വിനിമയം ശക്തിപ്പെടുത്തുന്നതിനും വിജയകരമായ പദ്ധതികള്‍ പ്രാബല്യത്തിലാക്കുന്നതിനും മേഖലാതലത്തിലും ആഗോളതലത്തിലും മുന്‍നിര ടൂറിസ്റ്റ് കേന്ദ്രമെന്ന ഖത്വറിന്റെ ബഹുമാന്യതയും പദവിയും ഉയര്‍ത്തുന്നതിനും പ്രദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്വറിന്റെ സാമ്പത്തിക വൈവിധ്യവത്കരണ കര്‍മപദ്ധതിയെ പിന്തുണക്കുന്ന ഏറ്റവും സുപ്രധാനമായ സ്തംഭമാണ് ടൂറിസം മേഖല. രാജ്യത്തിന്റെ ജി ഡി പിയിലേക്ക് ഈ മേഖലയില്‍നിന്നുള്ള സംഭാവന വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപസാധ്യതകളാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ, വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ് ഇത്തവണത്തെ പ്രദര്‍ശനം. മേഖലയിലെ ആതിഥേയ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഗ്രൂപ്പുകള്‍, ഡെവലപ്പേഴ്‌സ്, ബേങ്കേഴ്‌സ്, കണ്‍സള്‍ട്ടന്റ്‌സ്, ഫ്രാഞ്ചൈസികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായം വിപുലപ്പെടുത്താനും ഈ രംഗത്തെ പുത്തന്‍ പ്രവണതകള്‍ മനസ്സിലാക്കാനുമുള്ള ഏറ്റവും മികച്ച അവസരമാണ് പ്രദര്‍ശനം.
വാണിജ്യ മന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഖത്വര്‍ ടൂറിസം അതോറിറ്റിയുടെ (ക്യു ടി എ) അംഗീകാരത്തോടെയാണ് പ്രദര്‍ശനം. ഏറ്റവും പുതിയ ഹോസ്പിറ്റാലിറ്റി രൂപഘടനകളും വിതരണവുമായി ബന്ധപ്പെട്ട ഉത്്പന്നങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്്. മേഖലയിലെ വിദഗ്ധരുമായും ഓഹരിപങ്കാളികളുമായും കൂടിക്കാഴ്ച നടത്താനും വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അവസരമൊരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തിന്റെ എല്ലാ വശങ്ങളും 360 ഡിഗ്രി കോണില്‍ സന്ദര്‍ശകര്‍ക്കും പങ്കാളികള്‍ക്കും ആസ്വദിക്കാന്‍ കഴിയും. ഇന്നു കൂടി തുടരുന്ന പ്രദര്‍ശനത്തില്‍ ഭക്ഷണ പാനീയങ്ങള്‍, വിതരണം, രൂപഘടന, ഹോട്ടല്‍ ഏജന്‍സി നിക്ഷേപം എന്നിങ്ങനെ മൂന്ന്്് സോണുകളാണുള്ളത്. തല്‍സമയ പാചക മത്സരവും മോക്്‌ടെയില്‍ മത്സരവുമുണ്ട്്്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഉച്ചക്കുശേഷം മൂന്ന് മുതല്‍ രാത്രി ഒമ്പതു വരെയാണ് സന്ദര്‍ശന സമയം.
പ്രദര്‍ശകരില്‍ 80 ശതമാനത്തിലധികവും ആദ്യമായാണ് ഹോസ്പിറ്റാലിറ്റി ഖത്വറില്‍ പങ്കെടുക്കുന്നത്. 7,500 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം. സ്‌പെയിന്‍, ഇന്ത്യ, ഇറാന്‍, തുര്‍ക്കി, പാകിസ്താന്‍, ലബനാന്‍ ഉള്‍പ്പടെ പതിനാറ് രാജ്യങ്ങളില്‍ നിന്നായി 153 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here