Connect with us

Gulf

സന്ദര്‍ശക വിസയിലെത്തി തൊഴില്‍ തേടി വഞ്ചിതരാകരുത്: കോണ്‍സുല്‍ ജനറല്‍

Published

|

Last Updated

ദുബൈ: സന്ദര്‍ശക വിസയിലെത്തി തൊഴില്‍ അന്വേഷിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ശര്‍മ. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സിറാജ് സംഘത്തിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ ഗവണ്‍ന്മെന്റ് അനുവദിച്ച മാര്‍ഗത്തിലൂടെയല്ലാതെ തൊഴിലിനായി വിദേശങ്ങളിലേക്ക് എത്തിപ്പെടരുത്.

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ വകുപ്പിന്റെ അനുമതി ഇല്ലാത്ത ഏജന്‍സികള്‍ വഴി വിദേശങ്ങളില്‍ തൊഴില്‍ തേടിയാല്‍ വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. അത്തരം ഏജന്‍സികള്‍ വഴി വിദേശങ്ങളില്‍ എത്തുമ്പോള്‍ അവിടെയുള്ള ഇന്ത്യന്‍ മിഷനുകള്‍ക്ക് തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് തടസമായി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ തര്‍ക്കങ്ങളിലോ വഞ്ചനാ കേസുകളിലോ പെണ്‍വാണിഭ സംഘങ്ങളുടെ വലയിലോ കുടുങ്ങി സഹായത്തിനായി എത്തുന്നവര്‍ സ്വദേശത്തും വിദേശങ്ങളിലും നടക്കുന്ന സംഭവങ്ങള്‍ അതാത് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ വഴി പരാതി നല്‍കണം. കുറ്റകൃത്യങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ ഇന്ത്യന്‍ മിഷനറികള്‍ക്ക് പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ഏജന്‍സികള്‍ തരുന്ന വാഗ്ദാനങ്ങളില്‍ വഞ്ചിതരായി വീഴരുത്. അവര്‍ തരുന്ന വിവരങ്ങള്‍ വിശദമായി അന്വേഷിച്ചു നിജസ്ഥിതി ഉറപ്പ് വരുത്തിയതിന് ശേഷമേ വിദേശങ്ങളില്‍ തൊഴിലില്‍ ഏര്‍പെടാവു. തൊഴില്‍ പ്രശ്‌നങ്ങളില്‍ സഹായം തേടുന്നവര്‍ക്ക് കോണ്‍സുലേറ്റ് അധികൃതര്‍ സാധ്യമായ പരിരക്ഷ നല്‍കും. ഈ വര്‍ഷം 300 ടിക്കറ്റുകളാണ് തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിക്കുന്നതിന് കോണ്‍സുലേറ്റ് വഴി വിതരണം ചെയ്തത്. ഷാര്‍ജയിലും അജ്മാനിലും കുടുങ്ങിയ 150 കപ്പല്‍ ജീവനക്കാരെ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിന് കോണ്‍സുലേറ്റ് സഹായിച്ചിരുന്നു. ദിവസത്തില്‍ 24 മണിക്കൂറും സഹായമഭ്യര്‍ഥിക്കുന്നവര്‍ക്ക് പരിഹാരങ്ങളുമായി കോണ്‍സുലേറ്റ് കര്‍മ നിരതമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള സഹായ അഭ്യര്‍ഥനകള്‍ക്ക് പരിഹാരങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇയില്‍ സന്ദര്‍ശിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ട്. അടുത്ത് യു എ ഇയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യയാണ് അതിഥി രാജ്യം. വിവിധ മേഖലകളില്‍ യു എ ഇയുടെ നിക്ഷേപങ്ങള്‍ ആഘര്‍ഷിക്കുന്നതിനും ഈ ഇടപെടലുകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരീഫ് കാരശ്ശേരി, ഫൈസല്‍ ചെന്ത്രാപ്പിന്നി, ഫാസില്‍ അഹ്സന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Latest