പ്രകൃതിയിലെ വിസ്മയങ്ങള്‍ ഈ ഡോക്‌റുടെ വിരലുകളില്‍ വര്‍ണ രാജികള്‍

Posted on: November 9, 2017 6:32 pm | Last updated: November 9, 2017 at 8:35 pm
SHARE

ഷാര്‍ജ: ആതുര സേവന രംഗത്തെ തിരക്കുകള്‍ക്കിടയിലും തന്റെ ആശയങ്ങളെയും പ്രകൃതിയുടെ മനോഹാരിതയെയും മനോഹര ചിത്രങ്ങളാക്കുന്ന ഡോ. ഖുലൂദ് അല്‍ സുവൈദിയുടെ പ്രദര്‍ശനങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വേറിട്ട കാഴ്ചയാകുന്നു. യു എ ഇ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ റാശിദിയ ആശുപത്രിയില്‍ ക്ലിനിക്കല്‍ ഡോക്ടറാണ് ഖുലൂദ്. സേവന രംഗം ആതുര മേഖലയായിട്ടും ചെറുപ്പം മുതല്‍ പിന്തുടരുന്ന തന്റെ ചിത്രകലയോടുള്ള അഭിനിവേഷത്തിന് കൂടുതല്‍ മിഴിവേകുന്നതിനാണ് ഖുലൂദിന്റെ ശ്രമം. തന്റെ മനസ്സില്‍ വിരിയുന്ന ആശയങ്ങള്‍ മികവുറ്റ വര്‍ണങ്ങള്‍ പകര്‍ന്നു ഖുലൂദ് കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങളാക്കുന്നുണ്ട്. താന്‍ ആര്‍ജിച്ചെടുത്ത കഴിവുകള്‍ പുതുതലമുറക്ക് പകരുന്നതിന് രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ കുട്ടികള്‍ക്കായി ചിത്രകലാ ശില്പശാല ഒരുക്കുന്നുണ്ട്.

ചെറുപ്പകാലം തൊട്ട് ചിത്രങ്ങള്‍ വരക്കുന്നതില്‍ അതീവ തല്‍പരയായിരുന്നു. പക്ഷെ തന്റെ കുടുംബം ചിത്രകല തുടരുന്നതില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. മികച്ച നിലയില്‍ പഠിച്ചു തൊഴില്‍ നേടുന്നതിനായിരുന്നു വീട്ടുകാര്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാനായ തന്നെ അല്‍ ഐന്‍ യു എ ഇ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചേര്‍ത്തു. തുടര്‍ന്ന് വിദേശ രാജ്യങ്ങളിലെ ഉന്നത ഗവേഷണ വിദ്യഭ്യാസത്തിന് ശേഷം യു എ ഇ ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരിയായി ചേര്‍ന്നു. മന്ത്രാലയത്തിന് കീഴില്‍ ദുബൈ ഹെല്‍ത് ഡിസ്ട്രിക്ട് അസി ഡയറക്ടര്‍, സ്‌കൂള്‍ ഹെല്‍ത്ത് ഡയറക്ടര്‍ എന്നീ തസ്‌കികളില്‍ ജോലി ചെയ്തിട്ടുണ്ട്. റാശിദിയ ഹോസ്പിറ്റലില്‍ കണ്‍സള്‍റ്റന്റ് ഡോക്ടറായി സേവന രംഗം മാറ്റിയതോടെ തന്റെ ചിത്രകലയിലൂടെ കൂടുതല്‍ നിറക്കൂട്ടുകള്‍ ഒരുക്കാന്‍ സാദിക്കുന്നുണ്ടെന്ന് ഡോ ഖുലൂദ് പറഞ്ഞു.

പ്രധാനമായും കത്തികൊണ്ടും ജലഛായങ്ങള്‍ ഉപയോഗിച്ചുമാണ് ശൃഷ്ടികള്‍ ഒരുക്കുന്നത്. തന്റെ ശൃഷ്ടികള്‍ സ്വന്തം വികാര പ്രകടനങ്ങളാണ്. തന്റെ ചിന്തകളില്‍ ഉദിക്കുന്ന ആശയങ്ങള്‍ക്കാണ് വര്‍ണ കൂട്ടുകള്‍ ഒരുക്കുന്നത്. അതിനാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ രചനകള്‍ രൂപപ്പെടുത്തിയിട്ടില്ല. പുതു തലമുറക്ക് താന്‍ ആര്‍ജിച്ചെടുത്ത കഴിവുകള്‍ പകര്‍ന്നു നല്‍കുന്നതിനാണ് താല്പര്യം. ആയൊരു ലക്ഷ്യവുമായിട്ടാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എത്തിയിട്ടുള്ളത്. ആരോഗ്യ രംഗത്തെയും ചിത്രകലാ മേഖലയിലെയും വിവിധ വിഷയങ്ങളെ കുറിച്ച് ശില്‍പശാലകള്‍ ഒരുക്കുന്നതിന് താന്‍ തയ്യാറാണെന്നും ഡോ ഖുലൂദ് സിറാജിനോട് പറഞ്ഞു.