Connect with us

Malappuram

ഏഴ് പേര്‍ ഇസിലില്‍ ചേര്‍ന്നതായി വിവരം; മുജാഹിദ് നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

വണ്ടൂര്‍: ഇസിലില്‍ ചേര്‍ന്ന വണ്ടൂര്‍ സ്വദേശിയായ യുവാവ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ വണ്ടൂര്‍ പോലീസ് കേസെടുത്തു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിയും സലഫി നേതാവുമായ മനയില്‍ അശ്‌റഫ് മൗലവി (29), കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, താമരശ്ശേരി സ്വദേശി ഷൈബുനിഹാര്‍, വടകര സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടി ഫാജിദ്, വാണിയമ്പലം സ്വദേശി മുഹദ്ദിസ് എന്നിവര്‍ക്കെതിരെയാണ് യു എ പി എ പ്രകാരം കേസെടുത്തത്. ഒരാഴ്ച മുന്‍പ് കണ്ണൂര്‍ വളപ്പട്ടണത്ത് അറസ്റ്റിലായ യു കെ ഹംസയുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ ഡി വൈ എസ് പി. പി പി സദാനന്ദന്‍ നോര്‍ത്ത് സോണ്‍ എ ഡി ജി പി രാജേഷ് ദിവാന്‍ ഐ പി എസിന് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കൂടുതല്‍ അന്വേഷണത്തിന് പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രനെ ചുമതലപ്പെടുത്തുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍ അന്വേഷണമാരംഭിച്ചു. ഒക്‌ടോബര്‍ 25നാണ് കണ്ണൂര്‍ തലശ്ശേരി സ്വദേശി യു കെ ഹംസയെ യു എ പി എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ പോലീസിന് നല്‍കിയ കുറ്റ സമ്മത മൊഴിയിലാണ് വണ്ടൂര്‍ സ്വദേശി ഉള്‍പ്പെടെ മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഏഴ് പേര്‍ ഐ എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചത്. ഇവരുള്‍പ്പെടയുള്ള ചിലര്‍ ജിഹാദിനായി സിറിയയിലേക്ക് പോയതായും വണ്ടൂര്‍ വാണിയമ്പലം സ്വദേശിയുള്‍പ്പെടെ നാല് പേര്‍ മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന പ്രതികള്‍ അവിടെ നിന്നുമാണ് സിറിയയിലേക്ക് കടന്നത്. ഇതിന് മുമ്പായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഒത്തു കൂടിയതായും ശരീഅത്ത് നിയമപ്രകാരം ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന രീതിയിലാണ് സിറിയയിലേക്ക് കടന്നതെന്നും ഹംസയുടെ മൊഴിയിലുണ്ട്.

ബഹ്‌റൈനിലെ സലഫി കേന്ദ്രത്തില്‍ വെച്ചും ഇവര്‍ യോഗം ചേര്‍ന്നിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത ചിലരെല്ലാം ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മാറി നിന്നതായും ഇതിനെതിരെ പ്രതികരിച്ചതായും മൊഴിയിലുണ്ട്. സംഭവത്തിലുള്‍പെട്ട പ്രതികളില്‍ ചിലര്‍ വിദേശത്തുമാണ്. നാട്ടിലുള്ള അശ്‌റഫ് മൗലവിയിടക്കമുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ മംഗലാപുരത്തുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അശ്‌റഫ് വണ്ടൂര്‍ വാണിയമ്പലത്തെ മുജാഹിദ് നേതാവാണ്. അടുത്ത ദിവസം തന്നെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

കണ്ണൂരില്‍ അറസ്റ്റിലായവരെ എന്‍ ഐ എ ചോദ്യം ചെയ്യും

കണ്ണൂര്‍: കണ്ണൂരില്‍ അറസ്റ്റിലായ ഇസില്‍ ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന പ്രവര്‍ത്തകരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങളും ചോദ്യം ചെയ്ത് തുടങ്ങി. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു കെ ഹംസ(57), തലശ്ശേരി കോര്‍ട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാന്‍(42), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിദ്‌ലാജ്(26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുര്‍റസാഖ്(34), മുണ്ടേരി പടന്നോട്ട്‌മെട്ടയിലെ എം വി റാശിദ്(24) എന്നിവരെ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇതിന് പുറമെ മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ എ ടി എസ്, എന്‍ ഐ എ, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവരും പ്രതികളെ ചോദ്യം ചെയ്യാനായി കണ്ണൂരിലുണ്ട്.
കേരളമല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഐ എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളാണ് ഇവര്‍ ശേഖരിക്കുന്നത്. പുറമെ നിന്നുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമേ കണ്ണൂര്‍ പോലീസിന് പ്രതികളുമായി തെളിവെടുപ്പ് നടത്താനാകുകയുള്ളൂ. അതിനാല്‍ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. നിലവില്‍ 15 ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ വിട്ടുകൊടുത്തത്.
കണ്ണൂരില്‍ അറസ്റ്റിലായ ഐ എസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമ്പതോളം പേരെ ഡി വൈ എസ് പി. പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു.