സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍; പ്രതിപക്ഷ ബഹളം

Posted on: November 9, 2017 9:14 am | Last updated: November 9, 2017 at 11:43 am

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയസഭയില്‍ വെച്ചു. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തി. തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. സഭ പിരിഞ്ഞയുടന്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിതരണം ചെയ്യും. നാല് വാള്യങ്ങളായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷയും നല്‍കും.സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ എന്‍ എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം, കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുതുതായി ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ചുവടുമാറ്റം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് വെക്കാനായി മാത്രം നിയമസഭ ചേര്‍ന്നത് ചരിത്രത്തിലാദ്യമാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി അടക്കം 12 പേര്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തു. പകര്‍പ്പ് നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.