ഉത്തര കൊറിയന്‍ പ്രതിസന്ധിക്കിടെ ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍

Posted on: November 9, 2017 6:59 am | Last updated: November 8, 2017 at 10:45 pm

ബീജിംഗ്: ഉത്തര കൊറിയന്‍ പ്രശ്‌നം കത്തിനില്‍ക്കുന്നതിനിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ട്രംപ് സുപ്രധാന നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈന അവരെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്ന് ദക്ഷിണ കൊറിയന്‍ പാര്‍ലിമെന്റില്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രംപ് ചൈനയിലെത്തുന്നത്. ഉത്തര കൊറിയയുടെ ശത്രുരാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും കഴിഞ്ഞ ദിവസം അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
തലസ്ഥാനമായ ബീജിംഗിലെത്തിയ ട്രംപിന് രാജകീയമായ സ്വീകരണമാണ് ലഭിച്ചത്. പത്‌നി മെലാനിയക്കൊപ്പം ചൈനയിലെ ലോകപ്രസിദ്ധ സ്ഥലങ്ങളും ചരിത്ര പ്രദേശങ്ങളും ട്രംപ് സന്ദര്‍ശിച്ചു.
ഉത്തര കൊറിയന്‍ വിഷയത്തിന് പുറമെ വാണിജ്യ, നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യും. അതേസമയം, ഉത്തര കൊറിയക്കെതിരായ ഉപരോധം കടുപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം ചൈന തള്ളിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര കൊറിയയുമായി വ്യാപാര, നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ചൈനയെ ഒപ്പം ചേര്‍ത്ത് ഉത്തര കൊറിയക്കെതിരെ രൂക്ഷമായ സൈനിക, നയതന്ത്ര ആക്രമണത്തിന് ശ്രമം നടത്തുകയാണ് ട്രംപ് ഭരണകൂടം. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തില്‍ ഭീതിയിലായ അയല്‍രാജ്യം കൂടിയായ ചൈന യു എന്‍ പ്രഖ്യാപിച്ച ഉപരോധത്തെ അനുകൂലിച്ചിരുന്നു.